
തിരഞ്ഞെടുപ്പ് ഗാനങ്ങൾ റെക്കാർഡ് ചെയ്ത് വാങ്ങിയ ശേഷം സ്ഥാനാർത്ഥികൾ പ്രതിഫലം നൽകാതെ മുങ്ങിയെന്ന് ഗായകൻ അൻവർ ആലുവ. നാൽപ്പതോളം സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് അൻവർ സിനിമ ട്യൂണിൽ പാട്ടെഴുതിയതെന്നാണ് വിവരം. ഇതിൽ കുറച്ചുപേർ പ്രതിഫലം നൽകിയില്ല. വിളിച്ചിട്ട് ഫോണെടുക്കാതായതോടെ ഇവരോടുള്ള പ്രതിഷേധമെന്ന നിലയിൽ പാട്ടുരൂപത്തിൽ മറുപടിയുമായെത്തിയിരിക്കുകയാണ് അദ്ദേഹം. ഈ ഗാനം വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു.
'ഹലോ നമസ്‌കാരം. തിരഞ്ഞെടുപ്പ് പാട്ടുകളുടെ തിരക്കിലായിരുന്നു. തിരക്കിട്ട് പണി ചെയ്തു, കുറേയാളുകൾ പൈസ തന്നു, കുറേപ്പേർ പറ്റിച്ചു. പാട്ട് ചെയ്തിട്ട് പൈസ തരാത്ത കുറേയാളുകൾ ഉണ്ടെന്ന് പറഞ്ഞ് പോസ്റ്റിട്ടപ്പോൾ കുറേ സുഹൃത്തുക്കൾ പറഞ്ഞു, അവരുടെ പേര് വെളിപ്പെടുത്തണം, ഫോട്ടോയിടണമെന്ന്. കുറേയാളുകൾ നല്ലൊരു ആശയം പറഞ്ഞു, എനിക്കത് ഇഷ്ടപ്പെട്ടു. പൈസ കിട്ടിയില്ലെന്ന് പറഞ്ഞ് പാട്ട് ചെയ്യാൻ. ഒരു പാരഡി പോലെ. അങ്ങനെയൊരെണ്ണം ചെയ്യാമെന്ന് വിചാരിച്ചു. ഒരു നാല് വരെ ഇപ്പോൾ പോസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചു. ഇതുകണ്ടിട്ടും പ്രതികരണമില്ലെങ്കിൽ മുഴുവൻ പാട്ടും ഇടും. വീഡിയോയിൽ അവരുടെ ഫോട്ടോയുമുണ്ടാകും.
അവരുടെ സ്ഥാനാർത്ഥികളുടെ ചിഹ്നമടക്കമുള്ള പോസ്റ്ററുകൾ എന്റെ കൈയിൽ ഭദ്രമാണ്. എന്നെ പാട്ട് ചെയ്യാൻ വേണ്ടി ഏൽപിച്ചവർ എത്രയും പെട്ടെന്ന് കാശ് തരിക, ഉറക്കമൊഴിച്ചിരുന്നു ചെയ്തതാണ്. പറ്റിക്കരുത്, പ്ലീസ്'- എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പാട്ട് പാടിയത്.
'വോട്ടിനായി പാട്ടുചെയ്തു കാശ് കിട്ടിയില്ല... കാശിനായി കോൾ ചെയ്തു ഫോൺ എടുത്തില്ല... വോട്ടിനായി പാട്ടുചെയ്തു കാശ് കിട്ടിയില്ല, കാശിനായി കോൾ ചെയ്തു കോൾ എടുത്തില്ല.'- ഇങ്ങനെയാണ് പാട്ട് ആരംഭിക്കുന്നത്. നേരം വെളുത്തപ്പോൾ എല്ലാവരും കാശ് ഇട്ടുതന്നെന്ന് പറഞ്ഞുകൊണ്ട് മറ്റൊരു പോസ്റ്റ് കൂടി അദ്ദേഹം ഇട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |