
തിരുവനന്തപുരം: നിശാഗന്ധിയിൽ 30 ദീപങ്ങൾ തെളിഞ്ഞു; മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് മന്ത്രി സമ്മാനിച്ചു. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. രാജ്യത്തു തന്നെ മുപ്പത് പതിപ്പുകൾ പൂർത്തിയാക്കുന്ന ഏക ചലച്ചിത്രമേളയാണ് ഐ.എഫ്.എഫ്.കെ എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് ഈ മേളയെ വ്യത്യസ്തമാക്കുന്നതെന്നും വ്യക്തമാക്കി.
സംവിധായകൻ ഷാജി എൻ. കരുണിനെക്കുറിച്ചുള്ള പുസ്തകം 'കരുണയുടെ ക്യാമറ' മന്ത്രി അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്തു. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ് നാഥിനെ ആദരിച്ചു. ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അദ്ധ്യക്ഷയായി. ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയായിരുന്നു. പാലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷവേഷ്, ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളായി.
സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന, വിയറ്റ്നാമിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധു, ടി.കെ.രാജീവ് കുമാർ, സംവിധായകൻ കമൽ, ബീനാപോൾ, ചീഫ് സെക്രട്ടറി ഡോ.ജയതിലക്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ്, മധുപാൽ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനശേഷം ആൻ മേരി ജാസിർ സംവിധാനം ചെയ്ത 'പാലസ്തീൻ 36' പ്രദർശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |