
കൊച്ചി: വൃദ്ധദമ്പതികളെ വെർച്വൽ അറസ്റ്റിലൂടെ ഭീഷണിപ്പെടുത്തി 19.70 ലക്ഷം രൂപ തട്ടിയെടുക്കാൻ സൈബർകുറ്റവാളികൾ ഉപയോഗിച്ചത് ആറ് മൊബൈൽ ഫോൺ നമ്പരുകൾ. ദമ്പതികളെ നേരിട്ടും വാട്സാപ്പ് വീഡിയോ കോളിലൂടെ വിളിക്കാനും ഉപയോഗിച്ച ഈ നമ്പരുകൾ വ്യാജമേൽവിലാസം ഉപയോഗിച്ചു തരപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു.
കടവന്ത്ര എളംകുളം ബ്ലോസം കൊച്ചി റോഡിലുള്ള ദമ്പതികളെയാണ് സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വെർച്വൽ അറസ്റ്റുചെയ്ത് പണംതട്ടിയത്. ഡിസംബർ 4ന് 5.20 ലക്ഷം രൂപയും എട്ടിന് 14.50 ലക്ഷം രൂപയുമാണ് എറണാകുളത്തെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ദമ്പതികൾ അയച്ചുകൊടുത്തത്. ഡിസംബർ 9ന് സംഭവം നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ രണ്ടാമതയച്ചു കൊടുത്ത പണം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കടവന്ത്ര പൊലീസ്.
സി.ബി.ഐ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അംഗങ്ങൾ എന്ന വ്യാജേനയാണ് റിട്ട. അദ്ധ്യാപികയെയും ബിസിനസുകാരനായ ഭർത്താവിനെയും വിളിച്ചത്. അദ്ധ്യാപികയുടെ പേരിലുള്ള കനറാ ബാങ്ക് അക്കൗണ്ടിൽ 2കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാനും അക്കൗണ്ട് തത്‌സ്ഥിതി പരിശോധിക്കാനും പണം അയച്ചുകൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |