
കൊണ്ടോട്ടി: സ്‌കൂൾ വിട്ട് വരുകയായിരുന്ന യു.കെ.ജി വിദ്യാർത്ഥിനിയുടെ അരപ്പവനോളം തൂക്കം വരുന്ന സ്വർണ്ണവള ബലമായി ഊരിയെടുത്ത കേസിൽ പ്രതി പിടിയിൽ. അരിമ്പ്ര പൂതനാപറമ്പിൽ തോരക്കാട്ട് ഉമ്മറിനെയാണ് (36) കൊണ്ടോട്ടി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. വിദ്യാർത്ഥിനി സ്‌കൂൾ വിട്ട് കൂട്ടുകാരുമായി ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുംവഴിയായിരുന്നു കവർച്ച നടന്നത്. കുട്ടികൾ വീട്ടിലേക്ക് പോകുന്ന വഴിയിൽ കുറുകെയുള്ള വാഴത്തോട്ടത്തിലൂടെ ഓടിവന്ന് കുട്ടികളുടെ മുന്നിലേക്ക് ചാടിവീണ പ്രതി, ഭയന്നുപോയ കുട്ടികളിൽ നിന്ന് വള ധരിച്ചിരുന്ന പെൺകുട്ടിയെ ലക്ഷ്യമിട്ട് ബലമായി വള ഊരിയെടുക്കുകയായിരുന്നു.
കറുത്ത ഷർട്ടും പാന്റും ധരിച്ച് മുഖം തുണി കൊണ്ട് മറച്ചയാളാണ് കവർച്ച നടത്തിയതെന്ന് കുട്ടികൾ മൊഴി നൽകിയിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കൊണ്ടോട്ടി പൊലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കറുത്ത വേഷമിട്ടയാളെ സംഭവസ്ഥലത്ത് കണ്ടെത്താനായില്ല.
എന്നാൽ, കുട്ടികൾ ബസ് ഇറങ്ങിയ സ്റ്റോപ്പിന്റെ മുന്നിലൂടെ വെള്ള ഷർട്ട് ധരിച്ച പ്രതി നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കുട്ടികളുടെ മുന്നിലേക്ക് പ്രതി ചാടിവീഴുന്ന അവ്യക്തമായ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചപ്പോൾ, ഇയാളുടെ വയർ ഭാഗത്ത് വെള്ള നിറം കണ്ടത് പൊലീസിന് നിർണ്ണായകമായ തുമ്പായി. വെള്ള ഷർട്ട് ധരിച്ചിരുന്ന പ്രതി ചാട്ടത്തിനിടയിൽ കറുത്ത ടീ ഷർട്ട് പൊങ്ങിപ്പോയതാണ് പ്രതിയുടെ വേഷപ്പകർച്ച പോലീസിന് സംശയിക്കാൻ കാരണമായത്.
നാട്ടുകാരനായ പ്രതിക്ക് കുട്ടിയുടെ കൈയിൽ വളയുള്ള കാര്യം അറിയാമായിരുന്നു. പ്രതി അന്നേദിവസം നടത്തിയ സാമ്പത്തിക ഇടപാടുകൾകണ്ടെത്തിയതിലൂടെയാണ് പ്രതിയിലേക്ക് എത്തുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. കവർച്ച ചെയ്ത സ്വർണ്ണവള പ്രതി കാവന്നൂരിലെ ഒരു കടയിൽ വിറ്റിരുന്നു. സിസിടിവി ക്യാമറകളെപ്പറ്റി നല്ല ബോദ്ധ്യമുള്ള പ്രതി ബുദ്ധിപരമായാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പി.എം. ഷമീർ പറഞ്ഞു. പ്രതിയെ മലപ്പുറം കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |