
വെള്ളറട: വെള്ളറട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡോക്ടറെ രോഗികളുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. എൻ.എച്ച്.എം ഡ്യൂട്ടി ഡോക്ടർ ജിത്തുവാണ് (35) മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഡോക്ടർ മദ്യപിച്ചെത്തിയ വിവരം രോഗികൾ ആദ്യം മെഡിക്കൽ ഓഫീസറെ ഫോണിൽ അറിയിച്ചു. നടപടി വൈകിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ യുവാക്കളും നാട്ടുകാരും സംഘടിച്ചെത്തി പ്രതിഷേധിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്ന് വെള്ളറട സി.ഐ വി.പ്രസാദിന്റെ നേതൃത്വത്തിൽ ഡോക്ടറെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി സ്ഥിരീകരിച്ചു. പിന്നീട് കേസെടുത്തശേഷം ജാമ്യത്തിൽ വിടുകയായിരുന്നു.
ഈ ഡോക്ടർ ഏതാനും ആഴ്ചകൾക്ക് മുമ്പും മദ്യപിച്ചെത്തി നാട്ടുകാരുമായി വാക്കേറ്റമുണ്ടായിരുന്നു. അന്ന് മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചെങ്കിലും ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |