
തിരുവനന്തപുരം: കാലങ്ങളായി ഭരണം കയ്യാളുന്ന തിരുവനന്തപുരം നഗരസഭയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിടുമ്പോളും സിപിഎമ്മിന് ആശ്വാസമായി പ്രമുഖരുടെ വിജയം. നഗരസഭയില്‍ ഇത്തവണ ഭരണം നിലനിര്‍ത്തിയാല്‍ മേയറാകാന്‍ സാദ്ധ്യത കല്‍പ്പിക്കപ്പെട്ടുന്ന മൂന്ന് പ്രമുഖ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. പേട്ടയില്‍ എസ്.പി ദീപക്ക്, വഞ്ചിയൂര്‍ വാര്‍ഡില്‍ വഞ്ചിയൂര്‍ ബാബു, ചാക്കയില്‍ മുന്‍ മേയര്‍ കെ ശ്രീകുമാര്‍ എന്നിവര്‍ വിജയിച്ചു.
ഭരണത്തിലെത്തിയാല്‍ മേയറാകാനുള്ള സാദ്ധ്യത കല്‍പ്പിക്കപ്പെട്ടവരില്‍ മുന്നിലാണ് എസ്.പി ദീപക്ക്. 432 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ ഡി അനില്‍ കുമാറിനെ ദീപക് പരാജയപ്പെടുത്തിയത്. വഞ്ചിയൂരില്‍ സിപിഎം പാളയം ഏര്യാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് മത്സരത്തിന് ഇറങ്ങിയ വഞ്ചിയൂര്‍ പി ബാബു 329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജി ഗിരീഷ് കുമാറിനെ പരാജയപ്പെടുത്തിയത്. 2015ല്‍ ഇതേ വാര്‍ഡില്‍ ഒറ്റയക്ക ഭൂരിപക്ഷത്തിനാണ് വഞ്ചിയൂര്‍ ബാബു വിജയിച്ചത്. കഴിഞ്ഞതവണ അദ്ദേഹത്തിന്റെ മകള്‍ ഗായത്രി ബാബുവാണ് ഇവിടെ നിന്ന് വിജയിച്ചത്.
ചാക്ക വാര്‍ഡില്‍ നിന്ന് മൃഗീയ ഭൂരിപക്ഷത്തിലാണ് മുന്‍ മേയര്‍ കെ ശ്രീകുമാര്‍ വിജയിച്ചത്. 1623 വോട്ടുകള്‍ക്കാണ് കെ ശ്രീകുമാറിന്റെ ജയം. സിറ്റിംഗ് മേയറായിരിക്കെ 2020ല്‍ കരിക്കകം വാര്‍ഡില്‍ മത്സരിച്ച് അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു കെ ശ്രീകുമാര്‍. വഞ്ചിയൂര്‍ ഏര്യാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാണ് കെ ശ്രീകുമാര്‍ മത്സരത്തിന് ഇറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |