
കണ്ണൂർ: കേരളത്തിൽ പൊതുവായി പരിശോധിച്ചാൽ ഒട്ടും പ്രതീക്ഷിക്കാത്ത ജനവിധിയാണ് ഉണ്ടായതെന്ന് മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ എം വി ജയരാജൻ. കേരളത്തിൽ എന്തുകൊണ്ട് എൽഡിഎഫിന് തിരിച്ചടി ഉണ്ടായതെന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിൽ പ്രതികരിക്കുകയായിരുന്നു എം വി ജയരാജൻ.
'ഭാവിയിൽ ജനഹിതം മനസിലാക്കി എൽഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കും. ചിലയിടങ്ങളിൽ മറ്റിടങ്ങളിലുണ്ടായപോലെയല്ല ജനവിധി പ്രതിഫലിച്ചിട്ടുള്ളത്. പൊതുവായി പരിശോധിച്ചാൽ പ്രതീക്ഷിക്കാത്ത ജനവിധിയാണ് ഇന്നുണ്ടായത്. ഇങ്ങനെയൊരു ജനവിധി ഉണ്ടാകുമെന്ന് പലരും വിചാരിച്ചിട്ട് പോലുമില്ല. കേരളത്തിൽ ബിജെപി വളർന്നുവരുന്നത് ആപൽക്കരമാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയമാണ് അവർക്കുള്ളത്. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇത് മതനിരപേക്ഷത ഉൾക്കൊള്ളുന്ന ഒരു രാജ്യത്ത് പ്രായോഗികമല്ല.
ബിജെപിയെ അനുകൂലമായി സമീപിച്ച പ്രദേശങ്ങളിലുള്ള ജനങ്ങളെ മനസിലാക്കാൻ ശ്രമിക്കും. കേരളത്തിൽ എന്തുകൊണ്ട് എൽഡിഎഫിന് തിരിച്ചടി ഉണ്ടായതെന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. തോൽവിയുടെ ഭാഗമായുണ്ടായ പരാമർശം മാത്രമായിട്ടേ എം എം മാണിയുടെ പ്രസ്താവന കാണാവൂ. അല്ലാതെ അത് അങ്ങനെയാകണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോ. പെൻഷൻ കൊടുക്കണ്ടെന്ന് ആരും ആഗ്രഹിക്കില്ലല്ലോ. ചിലപ്പോൾ ജനങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നതിൽ നമുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടാകാം'- ജയരാജൻ പറഞ്ഞു.
ജനങ്ങൾ സർക്കാരിന്റെ കൈയിൽ നിന്ന് ക്ഷേമപെൻഷൻ വാങ്ങി നന്നായി ശാപ്പാട് കഴിച്ച് പണി തന്നെന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. ജനങ്ങൾ ഏതോ വികാരത്തിന് അടിമപ്പെട്ടാണ് വോട്ട് ചെയ്തതെന്നും മണി പറഞ്ഞത് ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |