
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി വിമാനമിറങ്ങുമ്പോൾ സ്വീകരിക്കാൻ ഒരു ബിജെപി മേയർ വേണമെന്നത് തലസ്ഥാനത്തെ എൻഡിഎ മുന്നണിയുടെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. ഒരിക്കലും നടക്കാത്ത സ്വപ്നം എന്ന് എൽഡിഎഫും യുഡിഎഫും പരിഹസിച്ചപ്പോഴും പിന്മാറാതെ അവർ അതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടേയിരുന്നു. ആമയും മുയലും കഥയിൽ ആമ വിജയിച്ചതുപോലെ ഒടുവിൽ എൻഡിഎ ആ സ്വപ്നം യാഥാർത്ഥ്യമാക്കി. ആർഎസ്എസിന്റെ ചിട്ടയായ പ്രവർത്തനമാണ് ഇത്രവലിയ വിജയത്തിലേക്ക് എൻഡിഎയെ എത്തിച്ചത്. സ്ഥാനാർത്ഥിനിർണയത്തിൽപ്പോലും സംഘത്തിന്റെ ഇടപെടലുണ്ടായിരുന്നു. മറ്റൊന്നും കണക്കാക്കാതെ വിജയം മാത്രം കണക്കാക്കിയായിരുന്നു സ്ഥാനാർത്ഥി നിർണയം. സിറ്റിംഗ് കൗൺസിലർമാർക്ക് ഉൾപ്പെടെ സീറ്റ് നൽകിയത് പ്രവർത്തന മികവ് മാത്രം മാനദണ്ഡമാക്കിയായിരുന്നു.
ലക്ഷ്യം നേടാൻ എന്തുപ്രതിബന്ധമുണ്ടായാലും ക്ഷമയോടെ ചിട്ടയായി പ്രവർത്തിക്കുകയെന്ന് ആർഎസ്എസിന്റെ രീതിയാണ്. പുറമെ ഒരുതരത്തിലുള്ള ഓളവും ഉണ്ടാക്കാതെയുള്ള പ്രവർത്തനമാണ് അവർ നടത്തുന്നത്. അതുതന്നെയാണ് തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും നടത്തിയത്. കോർപ്പറേഷൻ പിടിക്കാൻ ഒരുവർഷത്തിലേറെയായി ആർഎസ്എസ് പ്രവർത്തനം നടത്തുന്നുണ്ട്.
വോട്ടേഴ്സ് ലിസ്റ്റിലെ ഒരുപേജിലെ അമ്പതുപേർക്കുവേണ്ടി ഒരു പേജ് പ്രമുഖനാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും നേതൃത്വം കൊടുക്കാനും സംഘടനാതലത്തിലെ മറ്റുനേതാക്കളും ഉണ്ടാവും. അമ്പതുവീടുകളിൽ പേജുപ്രമുഖന്റെ നേതൃത്വത്തിൽ നിരന്തരം സമ്പർക്കം പുലർത്തും. ഈ കുടുംബങ്ങളെ A+,A,B,B+ എന്നിങ്ങനെ വിവിധ കാറ്റഗറികളായി തിരിക്കും. ഉറപ്പുള്ള വോട്ടുകളാണ് A+ വിഭാഗത്തിൽ പെടുന്നത്. ശ്രമിച്ചാൽ മാറും എന്നതാണ് അടുത്ത വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. എന്തുവന്നാലും കിട്ടില്ല എന്നുറപ്പുള്ളവരാണ് അവസാന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇത്തരക്കാരുടെ വീടുകളിൽ നിരന്തര സന്ദർശനം ഉണ്ടാവില്ല. ലഘുലേഖകൾ കൊടുക്കാൻമാത്രമായിരിക്കും സന്ദർശിക്കുക. ഇത്തരം പ്രവർത്തനങ്ങൾക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ആർഎസ്എസ് പ്രവർത്തകർ ജാഥകളിൽ പങ്കെടുക്കുകയോ, പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയോ മാദ്ധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്യില്ല.മുൻനിരയിൽ ഇല്ലെങ്കിലും ജനങ്ങളുമായി വളരെ അടുത്തബന്ധം ഇവർക്കുണ്ടാവും.മാത്രമല്ല അവരുടെ എല്ലാകാര്യത്തിലും ആശയും ആശ്വാസവുമായി എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. ഈ വിശ്വാസമാണ് ബിജെപിക്കുള്ള വോട്ടായി വീഴുന്നത്.
ബിജെപി,ആർഎസ്എസ് തുടങ്ങി സംഘം പ്രവർത്തകരും പോഷക സംഘടനാ അംഗങ്ങളും ഉൾപ്പെടുന്ന വികസന സമിതികളാണ് അതത് മണ്ഡലത്തിൽ ഉയർത്തേണ്ട പ്രധാന വിഷയങ്ങൾ തീരുമാനിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണസമിതിയുടെ അഴിമതിയായിരുന്നു ആർഎസ്എസ് മുഖ്യായുധമാക്കിയത്. വിവാദങ്ങൾക്ക് പഞ്ഞമില്ലാത്ത കേരളത്തിൽ എൻഡിഎ അതിൽ തൊട്ടതേയില്ല. അവസാനനിമിഷം വീണുകിട്ടിയ ആയുധമായിരുന്നെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഏറ്റെടുക്കാൻ എൻഡിഎ ശ്രമിക്കാത്തതിനുപിന്നിലും സംഘംതന്നെയായിരുന്നു.
വിജയത്തിനായി ആർഎസ്എസ് ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് അമിത ആത്മവിശ്വാസത്തിന്റെ ലഹരിയിൽ മദിച്ചുനടക്കുകയായിരുന്നു. ഒരിക്കലും കോർപ്പറേഷൻ ഭരണം കൈപ്പിടിയിൽ നിന്ന് പോകില്ലെന്ന് അവർ ഉറച്ചുവിശ്വസിച്ചു. അരിവാൾ ചുറ്റിക നക്ഷത്രം കണ്ടാൽ മറ്റൊന്നും നോക്കാതെ ജനങ്ങൾ വോട്ടുചെയ്യുമെന്നും അവർ കണക്കുകൂട്ടി. എന്നിട്ടും ഉറപ്പുപോരാഞ്ഞ് നിലവിലുണ്ടയായിരുന്ന കോർപ്പറേഷൻ വാർഡുകളെ വെട്ടിമുറിച്ച് തങ്ങൾക്കനുകൂലമാക്കാനും അവർ ശ്രമിച്ചു. അതൊന്നും പക്ഷേ വിലപ്പോയില്ല എന്നുമാത്രം. മേയറുടെ കൈവിട്ടപോക്കിൽ ജനങ്ങൾ അടപടലം എതിരായിട്ടും പാർട്ടി അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും അറിയാത്തെപോലെ നടിച്ചതോ?.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |