
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ വൻ തിരിച്ചടിയിൽ പ്രതികരിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. തിരിച്ചടി അപ്രതീക്ഷിതമാണെന്ന് എം.എ.ബേബി പറഞ്ഞു. ഇരുത്തി ചിന്തിപ്പിക്കുന്ന വിധിയെഴുത്താണിത്. പാർട്ടിയുടെയോ എൽ.ഡി.എഫിന്റെയോ ദൃഷ്ടിയിൽ പെടാത്ത ചില പ്രവണതകൾ ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു എന്നു വേണം ഈ അപ്രതീക്ഷിത തോൽവിയിൽ നിന്ന് മനസിലാക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ ഗതിയിൽ പാർട്ടി നടത്തുന്ന വിലയിരുത്തലുകൾ ശരിയായി വരികയോ ശരിയോട് വളരെ അടുത്തു വരികയോ ചെയ്യും. ഇത്തവണ ശരിയിൽ നിന്ന് വളരെ അകലെയായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്ന കാര്യമടക്കം പാർട്ടി എന്ന നിലയിലും എൽ.ഡി.എഫ് എന്ന നിലയിലും നന്നായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും വോട്ടിൽ ചോർച്ചയുണ്ടായിട്ടുണ്ട്. ഞങ്ങൾക്ക് വോട്ട് ചെയ്തിരുന്ന കുറേ ആളുകൾ മറ്റ് പാർട്ടികൾക്കോ മുന്നണികൾക്കോ ഇത്തവണ വോട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയമായി അവിശുദ്ധ ബന്ധം എന്നു പറയേണ്ട തരത്തിലുള്ളതുണ്ടായെന്നും ബേബി ചൂണ്ടിക്കാട്ടി.
പാർട്ടി. എൽ.ഡി.എഫ്, സർക്കാർ, ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം പ്രവർത്തിച്ചതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള വിമർശനങ്ങൾ കേട്ട് ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ തിരുത്തേണ്ടവ തിരുത്തി ഈ തിരിച്ചടിയിൽ നിന്ന് മുന്നോട്ടു പോകും എന്നതിൽ സംശയമില്ലെന്നും ബേബി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എം.എം. മണി നടത്തിയ വിവാദപരാമർശത്തെ അദ്ദേഹം തള്ളിപ്പറയുകയും ചെയ്തു. സംസാരിക്കുന്ന സമയത്ത് കരുതലില്ലാതെ നടത്തിയ പ്രസ്താവനയാണ് എം.എം.മണിയുടേത്. പാർട്ടി അംഗീകരിക്കുന്ന പ്രസ്താവനയല്ലെന്നും ബേബി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |