
കൊച്ചി: നടി കേസിൽ അതിജീവിതയുടെ മൊഴിയിലെ പൊരുത്തക്കേടും ക്വട്ടേഷൻ നൽകിയത് ഒരു 'മാഡം" ആണെന്ന ഒന്നാംപ്രതിയുടെ വെളിപ്പെടുത്തലിൽ മതിയായ അന്വേഷണം നടക്കാത്തതും ദിലീപിന് രക്ഷയായി. എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടെ, 1500ലധികം പേജുകളുള്ള വിധിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. നടിയെ ബ്ലാക്മെയിൽ ചെയ്ത് പണം പിടുങ്ങാനാണ് പ്രതികൾ കുറ്റകൃത്യം ചെയ്തതെന്ന സൂചനയാണ് അന്വേഷണസംഘം ആദ്യം മുന്നോട്ടുവച്ചിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ക്വട്ടേഷൻ നൽകിയത് ഒരു മാഡം ആണെന്ന് ആക്രമണസമയത്ത് സുനി പറഞ്ഞിരുന്നു. ഇക്കാര്യം അതിജീവിതയുടെ മൊഴിയിലുമുണ്ട്. ആ വഴിക്ക് കാര്യമായ അന്വേഷണം നടന്നില്ല. പ്രത്യേക അന്വേഷണ സംഘത്തലവൻ ദിനേന്ദ്ര കാശ്യപിനെ നോക്കുകുത്തിയാക്കി എ.ഡി.ജി.പി ബി.സന്ധ്യയുടെ നിർദ്ദേശപ്രകാരം തന്നെ കേസിൽപ്പെടുത്തിയതാണെന്നാണ് ദിലീപ് വാദിച്ചത്.
ഗൂഢാലോചന 2013ൽ തുടങ്ങിയെന്നാണ് പ്രോസിക്യൂഷൻ വാദം. 2017ലാണ് ആക്രമണമുണ്ടായത്. സുനി മറ്റൊരു കേസിൽ ഒളിവിലായതുകൊണ്ടാണ് കൃത്യം വൈകിയതെന്ന് പൊലീസ് പറഞ്ഞു. പക്ഷേ, ഒളിവിലല്ലെന്നാണ് കോടതി കണ്ടെത്തിയത്. ഇക്കാലയളവിൽ പ്രതി കോടതിയിലും വീട്ടിലും എത്തിയിരുന്നു. നടൻ മുകേഷിന്റെ ഡ്രൈവറായും പ്രവർത്തിച്ചു. ഇതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നാണ് പൊലീസ് പിന്നീട് വിശദീകരിച്ചത്. ഇത് കോടതി വിശ്വാസത്തിലെടുത്തില്ല.
പൾസർ സുനി പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങളിലുള്ളത് പ്രോസിക്യൂഷൻ ഉന്നയിച്ചതു പോലെ വിവാഹ മോതിരമല്ലെന്നും അതിജീവിതയുടെ വിവാഹനിശ്ചയം നടന്നത് കുറ്റകൃത്യത്തിന് ശേഷമാണെന്നും കോടതി കണ്ടെത്തി.
ഗൂഢാലോചനയുമായി ദിലീപിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ, അതിജീവിതയെ തിരിച്ചറിയുന്നതിന് വിവാഹ മോതിരം കൂടി ചിത്രീകരിക്കണമെന്ന് ദിലീപ് നിർദ്ദേശിച്ചതായാണ് പൊലീസ് പറഞ്ഞത്. ആദ്യം സമർപ്പിച്ച കുറ്റപത്രത്തിൽ ഇതില്ല. പിന്നീട് മൊഴി നൽകാനെത്തിയപ്പോഴാണ് നടി മോതിരം അന്വേഷണ സംഘത്തിന് കൈമാറിയത്. മുമ്പ് നൽകിയ മൊഴികളിലൊന്നും വിവാഹ മോതിരത്തെ കുറിച്ച് അതിജീവിത പറയാതിരുന്നത് എന്തുകൊണ്ട് എന്നതിന് വിശദീകരണമില്ല. ഇതോടെ, ദിലീപും സുനിയും ഇക്കാര്യം പറഞ്ഞ് ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയിൽ എത്തിയപ്പോൾ പൾസർ സുനി ആക്രമണത്തിന്റെ റിഹേഴ്സൽ നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. സുനി ഓടിച്ച കാറിൽ പതിവായി സഞ്ചരിച്ചിരുന്ന അതിജീവിത അങ്ങനെ സംശയിച്ചതായി പറയുന്നില്ല. ഗോവയിൽ നിന്ന് മടങ്ങിയതിന് പിന്നാലെ പൾസർ സുനി ദിലീപിന്റെ ആലുവയിലെ വീടിന് സമീപം എത്തിയെന്ന് സാക്ഷി മൊഴി. തീയതി വ്യക്തമാക്കാത്തതിനാൽ വിശ്വാസ്യയോഗ്യമല്ല.
സിനിമാ സെറ്റുകളിലേക്ക് 2015വരെ അച്ഛനാണ് അനുഗമിച്ചിരുന്നതെന്നും അച്ഛന്റെ മരണശേഷം അമ്മ കൂടെ വരാറുണ്ടായിരുന്നെന്നും അമ്മയ്‌ക്ക് സുഖമില്ലാതെ വന്നപ്പോഴാണ് ഒറ്രയ്‌ക്ക് യാത്ര തുടങ്ങിയതെന്നുമാണ് അതിജീവിത കോടതിയിൽ പറഞ്ഞത്. ഇത് പുതിയ കഥയാണെന്നും പ്രഥമ മൊഴികളിലൊന്നും ഈ അച്ഛൻ, അമ്മ പരാമർശമില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ ആരോപണം പരിഗണനയർഹിക്കുന്നുവെന്ന് കോടതി.
മെമ്മറി കാർഡ് ഹാഷ് വാല്യൂ മാറ്റം
വിചാരണയെ ബാധിച്ചില്ലെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ വിഷയത്തിലും വിധിപ്രസ്താവത്തിൽ വിചാരണക്കോടതി വ്യക്തത വരുത്തി. ആക്രമണ ദൃശ്യങ്ങൾ പകർത്തിയ എട്ടു വീഡിയോ ഫയലുകൾ സുരക്ഷിതമാണ്. അതിനാൽ വിചാരണയെ ബാധിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ ചോർന്നിട്ടില്ലെന്നും വിധിയിൽ പറയുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ ആശങ്കയറിയിച്ച് അതിജീവിത നേരത്തേ മേൽക്കോടതികളെ സമീപിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കേ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്നും വ്യക്തമായിരുന്നു. എന്നാൽ ഇത് പ്രധാന തെളിവിനെ ബാധിച്ചിട്ടില്ലെന്നാണ് വിധിയിൽ വിശദീകരിക്കുന്നത്.
ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനി ഉപയോഗിച്ച ഫോൺ കണ്ടെത്താനാകാത്തത് അന്വേഷണത്തിലെ പ്രധാന ന്യൂനതയായി. പനമ്പിള്ളി നഗറിലെ ബാങ്ക് ശാഖയിൽ ദിലീപും കാവ്യാ മാധവനും ചേർന്നെടുത്ത ലോക്കറിൽ ഫോൺ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നോട്ടീസ് പോലും നൽകാതെ ലോക്കർ പൊളിച്ചു. എന്നാൽ 5 രൂപ മാത്രമാണ് കണ്ടെത്തിയതെന്നും കോടതി വിധിയിലുണ്ട്. സുനി തന്റെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയ ഫോൺ അദ്ദേഹത്തിന്റെ ജൂനിയർ രാജു നശിപ്പിച്ചെന്ന വിവരമാണ് അന്തിമ കുറ്റപത്രത്തിലുള്ളത്. ഫോൺ സംബന്ധിച്ച് അതിജീവിതയും സാക്ഷിയും നൽകിയ മൊഴികൾ ഫോറൻസിക് തെളിവുകളുമായി ഒത്തുപോകുന്നതല്ലെന്നും കോടതി വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |