
കൊല്ലം: തദ്ദേശതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇടിവെട്ടേറ്റ അവസ്ഥയിലാണ് കൊല്ലത്തെ ഇടതുപക്ഷം. മറ്റേത് കോർപ്പറേഷൻ നഷ്ടമായാലും കൊല്ലം പിടിക്കുമെന്ന സി.പി.എമ്മിന്റെ ആത്മവിശ്വാസം വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ തകർന്നു. പിന്നാലെ ഉരുക്കുകോട്ടയായി എൽ.ഡി.എഫ് കൈയടക്കിയിരുന്ന പഞ്ചായത്തുകളോരോന്നും നഷ്ടമായി.
രൂപീകരിച്ചത് മുതൽ എൽ.ഡി.എഫ് കുത്തകയാക്കിയിരുന്ന കൊല്ലം കോർപ്പറേഷനിൽ എൽ.ഡി.എഫ് തകർന്നടിഞ്ഞു. കഴിഞ്ഞ തവണ 39 സീറ്റ് നേടിയ എൽ.ഡി.എഫ് ഇത്തവണ 16ലേക്ക് ചുരുങ്ങി. പല ഡിവിഷനുകളിലും മൂന്നാമതായി. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നേതൃനിരയിൽ നിന്ന് അങ്കത്തിനിറങ്ങിയവരും കാലിടറി വീണു.
മേയർ സി.പി.ഐയുടെ ഹണി ബെഞ്ചമിനും മുൻ മേയർ വി.രാജേന്ദ്രബാബുവും പരാജയപ്പെട്ടു. എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ മേയറാകാൻ സാദ്ധ്യതയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ. അനിരുദ്ധനും ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എം. , എസ്.പ്രസാദ് എന്നിവരും പരാജയപ്പെട്ടു.
കൊല്ലം ജില്ലാ പഞ്ചായത്തിലും ചരിത്രത്തിലെ വലിയ തിരിച്ചടിയാണ് എൽ.ഡി.എഫിനുണ്ടായത്. മുൻകാലങ്ങളിൽ രണ്ടോ മൂന്നോ യു.ഡി.എഫുകാർ മാത്രമാണ് വിജയിച്ചിരുന്നത്. അതുകൊണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ യു.ഡി.എഫ് കാര്യമായി ശ്രദ്ധവയ്ക്കുമായിരുന്നില്ല. ഇത്തവണ യു.ഡി.എഫിനെയും അമ്പരപ്പിക്കുന്ന തകർച്ചയാണ് എൽ.ഡി.എഫിനുണ്ടായത്. 27 ഡിവിഷനിൽ പത്തിടത്ത് എൽ.ഡി.എഫ് പരാജയപ്പെട്ടു. വിജയിച്ച സ്ഥലങ്ങളിൽ മുൻ വർഷങ്ങളിലേത് പോലെ ഭൂരിപക്ഷവുമില്ല.
അദ്യടേമിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാകുമായിരുന്ന സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ബി. സത്യദേവനും രണ്ടാം ടേമിൽ വൈസ് പ്രസിഡന്റാകുമായിരുന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ജി. ബാബുവും പരാജയപ്പെട്ടു. സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ കഴിഞ്ഞ രണ്ട് തവണയായി എൽ.ഡി.എഫ് വിജയിച്ചിരുന്ന കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും എൽ.ഡി.എഫിന്റെ കുത്തകയായിരുന്ന കുലശേഖരപുരം പഞ്ചായത്തും നഷ്ടമായി. കൊല്ലത്തെ കണ്ണൂർ എന്നറിയപ്പെടുന്ന കടയ്ക്കലിലെ സി.പി.എം കോട്ടകളിലും വിള്ളൽ വീണു.
യു.ഡി.എഫ് പിടിച്ചെടുത്ത കൊല്ലം കോർപ്പറേഷനിൽ താമരക്കുളത്ത് നിന്ന് വിജയിച്ച ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് മേയറാകും. കോർപ്പറേഷനിൽ യു.ഡി.എഫ് 9ൽ നിന്ന് 27 ലേക്കും എൻ.ഡി.എ ആറിൽ നിന്ന് 12ലേക്കും സീറ്റുയർത്തി.
ഗ്രാമപഞ്ചായത്ത് -68
എൽ.ഡി.എഫ്- 33
യു.ഡി.എഫ്- 32
എൻ.ഡി.എ-2
എൽ.ഡി.എഫും യു.ഡി.എഫും തുല്യനിലയിൽ- 1
ബ്ലോക്ക് പഞ്ചായത്ത്-11
എൽ.ഡി.എഫ്- 7
യു.ഡി.എഫ്-3
എൻ.ഡി.എ- 0
എൽ.ഡി.എഫും യു.ഡി.എഫും തുല്യനിലയിൽ- 1
ജില്ലാ പഞ്ചായത്ത്
എൽ.ഡി.എഫ്- 17
യു.ഡി.എഫ്- 10
എൻ.ഡി.എ-0
മുനിസിപ്പാലിറ്റി -4
എൽ.ഡി.എഫ്- 3
യു.ഡി.എഫ്- 1
എൻ.ഡി.എ-0
കൊല്ലം കോർപ്പറേഷൻ
എൽ.ഡി.എഫ്- 16
യു.ഡി.എഫ്- 27
എൻ.ഡി.എ-12
മറ്റുള്ളവർ- 1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |