
മലപ്പുറം: വീശിയടിച്ച യു.ഡി.എഫ് തരംഗത്തിൽ മലപ്പുറത്ത് ഇടതിന് വൻ പരിക്ക്. 122 തദ്ദേശ സ്ഥാപനങ്ങളിൽ 115ലും യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫ് ആറിടത്ത് ഒതുങ്ങി. എൻ.ഡി.എയ്ക്ക് മുന്നേറ്റമുണ്ടാക്കാനായില്ല. പൊന്മുണ്ടം പഞ്ചായത്തിൽ കോൺഗ്രസും സി.പി.എമ്മും കൈകോർത്ത ജനകീയ മുന്നണി 25 വർഷത്തെ മുസ്ലിംലീഗ് ഭരണം അവസാനിപ്പിച്ചു. പി.വി.അൻവറിന്റെ തൃണമൂൽ കോൺഗ്രസ് എഴിടത്തും പരാജയപ്പെട്ടു. വോട്ട് വിഹിതത്തിലും ഏറെ പിന്നിലാണ്.
ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിൽ 33 ഇടത്തും യു.ഡി.എഫ് ജയിച്ചതോടെ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയിലായി. 94 ഗ്രാമപഞ്ചായത്തുകളിൽ 89 ഇടത്തും യു.ഡി.എഫ് വിജയിച്ചപ്പോൾ എൽ.ഡി.എഫ് നാലിടത്ത് ഒതുങ്ങി. 1,440 വാർഡുകൾ യു.ഡി.എഫിനും 656 വാർഡുകൾ എൽ.ഡി.എഫിനും ലഭിച്ചു. എൻ.ഡി.എയ്ക്ക് 11 വാർഡുകൾ. 2020ൽ 70 പഞ്ചായത്തുകളിൽ യു.ഡി.എഫും 24 ഇടത്ത് എൽ.ഡി.എഫും വിജയിച്ചിരുന്നു.
15 ബ്ലോക്ക് പഞ്ചായത്തുകളിൽ പതിനാലിടത്തും യു.ഡി.എഫിന് വിജയം. ആറ് ബ്ലോക്കുകളിൽ എൽ.ഡി.എഫിന് ഒരുമെമ്പർ പോലുമില്ല. യു.ഡി.എഫ് 210ഉം എൽ.ഡി.എഫ് 18ഉം ഡിവിഷനുകൾ സ്വന്തമാക്കി. എൻ.ഡി.എ അക്കൗണ്ട് തുറന്നില്ല.
12 നഗരസഭകളിൽ പൊന്നാനിയിൽ മാത്രമാണ് എൽ.ഡി.എഫിന് വിജയം. കഴിഞ്ഞ തവണ മൂന്ന് നഗരസഭകളുണ്ടായിരുന്നു. പെരിന്തൽമണ്ണയിൽ 30 വർഷത്തിനുശേഷം യു.ഡി.എഫ് ഭരണത്തിലെത്തി. നഗരസഭകളിൽ എൻ.ഡി.എയ്ക്ക് 17 മെമ്പർമാരുണ്ട്.
മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വേങ്ങര ഡിവിഷനിലെ വിജയിയുമായ പി.കെ.അസ്‌ലുവിന് സാദ്ധ്യത. മുതിർന്ന നേതാവ് പി.എ.ജബ്ബാർ ഹാജി, ബഷീർ രണ്ടത്താണി, വെട്ടം ആലിക്കോയ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |