
കൊല്ലം: സംസ്ഥാനത്തെ യു.ഡി.എഫ് തരംഗത്തിലും കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയെ വിമർശിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ. കൊടിക്കുന്നിലിന്റെ പേരു പറയാതെ ദേശീയ നേതാവെന്ന് വിശേഷിപ്പിച്ചാണ് ഐ ഗ്രൂപ്പുകാരനായ അൻവറിന്റെ ഫേസ്ബുക്കിലെ വിമർശനം. എം.പിയുടെ പി.എയേയും വിമർശിച്ചു.
ഇരുവരും ചേർന്ന് ജയിക്കുന്നവരെപ്പോലും തങ്ങൾക്ക് ഇഷ്ടമല്ലാത്തതിനാൽ സീറ്റ് നൽകാതെ വെട്ടിയെന്നാണ് വിമർശനം. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ താനല്ലാതെ മറ്റാരും വേണ്ടെന്ന നിലപാടാണ്. കൊട്ടാരക്കരയിൽ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട സകല ചെറുപ്പക്കാരെയും ഇല്ലാതാക്കി. യു.ഡി.എഫിന്റെ കൈയിലിരുന്ന കലയപുരം സീറ്റ് നഷ്ടപ്പെട്ടത് ദേശീയ നേതാവിന്റെ സ്വാർത്ഥത കാരണമാണ്.
ദേശീയനേതാവിനെയും പി.എയെയും കൊട്ടാരക്കരയിൽ നിന്ന് ആട്ടിയോടിച്ചാലേ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് രക്ഷപ്പെടൂ. സി.പി.എമ്മിനെ സുഖിപ്പിച്ചാണ് ദേശീയനേതാവ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പകരം നിയമസഭയും തദ്ദേശ സ്ഥാപനങ്ങളും വിൽക്കും. ദേശീയ നേതാവിന്റെ സ്വന്തം വാർഡിൽ പോലും യു.ഡി.എഫ് ജയിച്ചിട്ടില്ലെന്നും വിമർശിച്ചു.
കൊട്ടാരക്കരയിലെ യു.ഡി.എഫ് തോൽവിക്കു പിന്നിൽ താനാണെന്ന മട്ടിൽ ആരോപണമുന്നയിച്ച കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറിനെതിരെ പാർട്ടിതലത്തിൽ നടപടി വേണം. അൻവറിന്റെ ആരോപണത്തിനു പിന്നിൽ മറ്റാരോ ഉണ്ട്. അത് പാർട്ടി പരിശോധിക്കണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ പ്രവർത്തിച്ചയാളാണ് അൻവർ.
-കൊടിക്കുന്നിൽ സുരേഷ്
എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |