
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടർമാർക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം തിരുത്തി എം.എം. മണി എം.എൽ.എ. അപ്പോഴത്തെ സാഹചര്യത്തിൽ ഒരു വികാരത്തിന് പുറത്ത് പറഞ്ഞു പോയതാണെന്ന് മണി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ നൽകിയ ഈ വിധിയോട് ഒരു നിലയിലും യോജിക്കാൻ സാധിക്കില്ല. തന്റെ പ്രതികരണത്തെ പാർട്ടിയും പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയും തള്ളിപ്പറഞ്ഞിട്ടുണ്ട്. പാർട്ടി നേതൃത്വം പറഞ്ഞത് നൂറുശതമാനവും താൻ അംഗീകരിക്കുന്നു. അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല. വിമർശനങ്ങളെ അംഗീകരിക്കുന്നു. അന്നേരത്തെ ഒരു വികാരത്തിനു പുറത്ത് പറഞ്ഞതാണെന്ന് കൂട്ടിയാൽ മതി. എങ്കിലും കേരളത്തിലെ ജനങ്ങൾ നൽകിയ ഈ വിധിയോട് ഒരു നിലയിലും യോജിക്കാൻ സാധിക്കില്ലെന്നുതന്നെയാണ് തന്റെ നിലപാട്. വിഷയത്തിൽ സി.പി.ഐയുടെ വിമർശനം കാര്യമാക്കുന്നില്ല. സി.പി.ഐ എന്തു പറഞ്ഞുവെന്നത് തനിക്ക് വിഷയമല്ല. കഴിഞ്ഞദിവസം തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ഇടതുപപക്ഷം കനത്ത തിരിച്ചടി നേരിടുന്നതിനിടെയായിരുന്നു എം.എം. മണിയുടെ വിവാദ പരാമർശം. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ചശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചുവെന്നാണ് തോന്നുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |