
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു. ക്രിസ്മസ് അവധിക്കുശേഷമായിരിക്കും ഹർജി പരിഗണിക്കുക. സർക്കാർ ഹർജിയിൽ മറുപടി നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചത്.
അതേസമയം, കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും. ഇത് രാഹുലിന് താൽക്കാലിക ആശ്വാസമാണ്. നിലവിൽ പത്തനംതിട്ടയിലെ അടൂരിലുള്ള വീട്ടിലാണ് രാഹുലുള്ളത്. കേസുകൾ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ബലാത്സംഗക്കേസിൽ ഹൈക്കോടതി വിധി കാത്തുനിൽക്കുകയായിരുന്നു അന്വേഷണ സംഘം. എന്നാൽ അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് നിലനിൽക്കുന്നതോടെ എംഎൽഎയെ ചോദ്യം ചെയ്യലുണ്ടാവില്ലെന്നാണ് വിവരം. രാഹുലിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയാണ്. അതിനിടയിൽ പാലക്കാട് മണ്ഡലത്തിലേക്ക് ഇന്നുതന്നെ തിരിക്കുമെന്നാണ് രാഹുലിന്റെ പ്രതികരണം. ചോദ്യം ചെയ്യലിന് ഹാജരാവാൻ തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും രാഹുൽ പ്രതികരിച്ചിരുന്നു.
ഇന്നുരാവിലെ വീട്ടിൽ നിന്ന് ഒറ്റയ്ക്ക് സ്കൂട്ടർ ഓടിച്ചുപോയ രാഹുലിന് പിന്നാലെ മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസും പോയി. പിന്നീട് ക്ഷേത്ര ദർശനം കഴിഞ്ഞ ശേഷം രാഹുൽ വീട്ടിലേക്ക് തിരിച്ചുപോയി. പാലക്കാട്ടുനിന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് രാഹുൽ അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |