SignIn
Kerala Kaumudi Online
Wednesday, 04 March 2026 12.21 AM IST

കുട്ടികൾക്ക് കളിപ്പാട്ടം നൽകുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; പ്രശ്നങ്ങൾ നിരവധി

Increase Font Size Decrease Font Size Print Page
toy

പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങള്‍ ധാരാളമായി വാങ്ങിച്ചു കൊടുക്കുന്ന ഒരു രീതി വളരെ സാധാരണമായി കണ്ടുവരുന്നു. കുഞ്ഞുങ്ങളുടെ രക്ഷിതാക്കളും മുത്തശ്ശന്മാരും മുത്തശ്ശിമാരും മറ്റു കുടുംബാംഗങ്ങളും ഒക്കെ തന്നെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതും അവരെ സന്തോഷിപ്പിക്കുന്നതും ഒക്കെ പുതിയ കളിപ്പാട്ടങ്ങള്‍ മേടിച്ചു കൊടുത്താണ്. ഈ പ്രവണത മനസ്സിലാക്കിക്കൊണ്ട് ഇന്ന് വിപണിയില്‍ ആയിരക്കണക്കിന് വ്യത്യസ്തമായ കളിപ്പാട്ടങ്ങള്‍ നിറഞ്ഞൊഴുകുകയാണ്. എന്നാല്‍ ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യത്തിലധികം കളിപ്പാട്ടങ്ങള്‍ ഗുണത്തേക്കാളേറെ കുഞ്ഞുങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുന്നു.


ആവശ്യത്തിലധികം കളിപ്പാട്ടങ്ങള്‍ ദോഷകരമാകുന്നത് എങ്ങനെ?

1. ശ്രദ്ധക്കുറവിന് കാരണമാകുന്നു

ഒരു പരിധിയില്‍ കൂടുതല്‍ കളിപ്പാട്ടങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞിന് ഒരു കളിപ്പാട്ടത്തില്‍ തന്നെ അധികം നേരം ശ്രദ്ധ ചെലുത്താന്‍ സാധിക്കാതെ വരുന്നു. ഇടയ്ക്കിടെ കളിപ്പാട്ടങ്ങള്‍ മാറിമാറി എടുത്ത് കളിക്കുന്ന ഒരു പ്രവണത ഉണ്ടാകുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ക്ക് സാരമായ ശ്രദ്ധക്കുറവ് ഉണ്ടാകുന്നു. സാധാരണ രീതിയില്‍ കുഞ്ഞുങ്ങള്‍ സാങ്കല്‍പ്പികമായി ടീച്ചറായും അമ്മയായും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന ആളായും ഒക്കെ ചിന്തിച്ച് കളിക്കാറുണ്ട്. എന്നാല്‍ കളിപ്പാട്ടങ്ങളുടെ എണ്ണം കൂടുമ്പോള്‍ കുട്ടികളുടെ ഇത്തരത്തിലുള്ള വികാസങ്ങള്‍ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്.


2. വൈകാരിക ആശ്രിതത്വം

കുഞ്ഞുങ്ങളില്‍ വിരസത, സമ്മര്‍ദ്ദം എന്നിവ ഉണ്ടാകുമ്പോള്‍ അവര്‍ കളിപ്പാട്ടങ്ങളെ ആശ്രയിക്കുന്നതായി കണ്ടുവരുന്നു. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ കളിപ്പാട്ടങ്ങളെ ആശ്രയിക്കുന്നത് കൂടുന്നത് കുഞ്ഞുങ്ങളുടെ വൈകാരിക വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ച് അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക് ഇത് നയിക്കുന്നു. അതിനാല്‍ കളിപ്പാട്ടങ്ങളെ വൈകാരിക നിമിഷങ്ങളില്‍ ഒരു പരിധിയില്‍ കൂടുതല്‍ ആശ്രയിക്കുന്നത് അനാരോഗ്യകരമായ ഒരു രീതിയായി കണക്കാക്കുന്നു.


3. സഹോദരങ്ങളുമായി സംഘര്‍ഷത്തിന് സാദ്ധ്യത കൂടുന്നു

കളിപ്പാട്ടങ്ങളുടെ എണ്ണം കൂടുമ്പോള്‍ ഒന്നില്‍ അധികം കുട്ടികള്‍ ഉള്ള വീടുകളില്‍ ആണെങ്കില്‍ കളിപ്പാട്ടത്തിന്റെ പേരില്‍ അവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതിന്റെ സാദ്ധ്യത കൂടുന്നു. ഒരേ സമയം രണ്ടാള്‍ക്കും ഒരേ കളിപ്പാട്ടം വേണമെന്ന തര്‍ക്കം സംഘര്‍ഷത്തിന് വഴിയൊരുക്കുന്നു.


ഇത്തരം കാര്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

  • കളിപ്പാട്ടം നല്‍കുന്നതില്‍ പരിധി നിശ്ചയിക്കുക. കുഞ്ഞുങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന എണ്ണം മനസ്സിലാക്കി മാത്രം കളിപ്പാട്ടങ്ങള്‍ മേടിച്ചു കൊടുക്കുക. ഇതുമൂലം അവര്‍ക്ക് ലഭ്യമാകുന്ന കളിപ്പാട്ടത്തിന്റെ മൂല്യം മനസിലാക്കാനും കളിക്കുമ്പോള്‍ ക്രിയാത്മകമാകാനും സാധിക്കുന്നു.

  • കുഞ്ഞുങ്ങളെ സജീവമായി കളിക്കാന്‍ അനുവദിക്കുക. വീടിന് പുറത്തു കളിക്കുക, ചിത്രരചന, തുടങ്ങിയ പ്രവര്‍ത്തികള്‍ കുട്ടികളുടെ ക്രിയാത്മക വികാസത്തെ ശക്തിപ്പെടുത്തുന്നു
  • കളിക്കാനുള്ള സമയം കൃത്യമായി നിശ്ചയിക്കുക. ദിവസവും കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ കൃത്യമായ സമയം നിശ്ചയിക്കുക. ഇതുകൂടാതെ എന്തൊക്കെയാണ് ആ സമയത്ത് കളിക്കേണ്ടതെന്നുള്ള ഒരു ധാരണ കൂടി അവരില്‍ ഉണ്ടായിരിക്കുന്നതിലൂടെ ഒരു സമയം ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ശ്രദ്ധപരിധി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്.

  • കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ ചെലുത്തണം. എത്ര കളിപ്പാട്ടം വാങ്ങുന്നു എന്നതിലുപരി എത്തരത്തില്‍ കുഞ്ഞുങ്ങളുടെ വികാസത്തിന് സഹായിക്കുന്നവയാണ് മേടിക്കുന്നത് എന്നതിലാണ് പ്രാധാന്യം. കുട്ടികളുടെ ക്രിയാത്മക ബുദ്ധിയെയും ആ പ്രായത്തില്‍ വേണ്ടുന്ന വികാസത്തെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.


ഇതുപോലുള്ള ചെറിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നതിലൂടെ നിങ്ങളുടെ കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ചുള്ള വികാസം ഉറപ്പുവരുത്താനാകും. ഓര്‍ക്കുക, കുഞ്ഞിനെ സ്‌നേഹിക്കുന്നത് അവര്‍ ചൂണ്ടിക്കാട്ടുന്ന കളിപ്പാട്ടങ്ങളും മറ്റു സാധനങ്ങളും ഒരു എതിര്‍പ്പും ഇല്ലാതെ മേടിച്ചു കൊടുക്കുന്നതിലല്ല, മറിച്ച് അവര്‍ക്ക് ദോഷമാക്കാത്ത തരത്തില്‍ തിരഞ്ഞെടുത്ത് ഒരു പരിധിക്കുള്ളില്‍ നിര്‍ത്തി മേടിക്കുന്നതിലാണ് അവരോടുള്ള സ്‌നേഹവും കരുതലും.

Reshmi Mohan A
Child Developmental Therapist
SUT Hospital, Pattom

TAGS: KIDS, TOYS, CHILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.