
കാസർകോട്: സിവിൽ സർവീസ് മോഹവുമായി ഡൽഹിയിലേക്ക് വണ്ടികയറുമ്പോൾ കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ് അല്ലാതെ മറ്റൊന്നും വൈ.ബി.വിജയ് ഭരത് റെഡ്ഡിയുടെ കൈവശമില്ലായിരുന്നു. എന്നാൽ ആദ്യത്തെ അവസരത്തിൽ പ്രിലിമിനറി പരീക്ഷയിൽ നേരിട്ട തോൽവി അദ്ദേഹത്തെ ആകെയുലച്ചു. ഡൽഹിയിലെ കാലാവസ്ഥ മനസിനെ കൂടുതൽ മടുപ്പിച്ചു. തുടർന്ന് സ്വപ്നം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി.
എന്നാൽ അപ്പോഴും തോൽക്കാൻ തയ്യാറായില്ല. ഉയർത്തെഴുന്നേൽപ്പ് എന്നോണം വീഴ്ചകൾ മനസിലാക്കി ത്യാഗപൂർവം പഠനം തുടർന്നു. വീണ്ടും പരീക്ഷയെഴുതി. ഒടുവിൽ 2018ൽ 228-ാം റാങ്ക് നേടി പേരിനൊപ്പം ഐ.പി.എസ് എന്ന മൂന്നക്ഷരം വിജയ് ഭരത് റെഡ്ഡി കൂട്ടിച്ചേർത്തു. ഇന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവിയാണ് ഈ 30കാരൻ.
കേരള കേഡറിലെ കണ്ണൂർ സിറ്റിയിൽ ആയിരുന്നു ഫസ്റ്റ് ട്രെയിനിംഗ്. പിന്നീട് വളപട്ടണം എസ്.എച്ച്.ഒ ആയി. മലപ്പുറം കൊണ്ടോട്ടിയിലും തിരുവനന്തപുരം വർക്കലയിലും എ.എസ്.പി ആയി സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ഡി.സി.പി ആയിരിക്കെയാണ് കാസർകോട്ടേക്ക് നിയമനം ലഭിച്ചത്.
2016ൽ ഗുജറാത്തിലെ ഗാന്ധിനഗർ ഐ.ഐ.ടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി,ജോയിന്റ് എൻട്രൻസ് എക്സാമിനേഷന് (ജെ.ഇ.ഇ) നല്ല മാർക്കോടെ വിജയിച്ചു. 97.5 മാർക്കോടെ ഇന്റർ മീഡിയറ്റ് പഠനവും പൂർത്തിയാക്കി. കണക്കായിരുന്നു ഇഷ്ടവിഷയം. ഗുജറാത്തിലെ ഗാന്ധിനഗർ ഐ.ഐ.ടിയിലെ എൻജിനിയറിംഗിനുശേഷമാണ് സിവിൽ സർവീസ് കോച്ചിംഗിനായി ഡൽഹിയിലേക്ക് പോയത്. ഭാര്യ തേജസ്വിനി ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയാണ്.
പിതാവിന്റെ ആകസ്മിക
വിയോഗം തകർത്തു
ആന്ധ്രപ്രദേശിലെ നന്ദ്യാല ഗ്രാമത്തിലെ അഭിഭാഷകനായ വെങ്കിട്ട റെഡ്ഡിയുടെയും അദ്ധ്യാപികയായ സ്വർണ്ണലതയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് വിജയ് ഭരത് റെഡ്ഡി. മകനെ ഐ.പി.എസ് ഉദ്യോഗസ്ഥനാക്കണമെന്നത് മാതാപിതാക്കളുടെ ചിരകാല സ്വപ്നമായിരുന്നു. എന്നാൽ ഐ.പി.എസ് വേശത്തിൽ വിജയ് ഭരത് റെഡ്ഡിയെ കാണാനുള്ള നിയോഗം അദ്ദേഹത്തിന്റെ പിതാവിനുണ്ടായില്ല. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഒരുമാസം മുമ്പ് പിതാവ് വെങ്കിട്ട റെഡ്ഡി വാഹനാപകടത്തിൽ മരിച്ചു. ഈ ദുഃഖത്തിൽ നിന്ന് കരകയറും മുമ്പാണ് പരീക്ഷയെഴുതിയത്.
ട്രെൻഡ് അനുസരിച്ച് പഠിക്കാം
ഓരോ വർഷത്തെയും പരീക്ഷയ്ക്ക് ട്രെൻഡ് അനുസരിച്ച് പഠിക്കണമെന്ന് വിജയ് ഭരത് റെഡ്ഡി പറയുന്നു. ഐ.പി.എസ് പരീക്ഷയുടെ പാറ്റേണും ചോദ്യങ്ങളും ഓരോ വർഷവും മാറും. അത് മനസ്സിലാക്കി മുന്നോട്ടുപോകണം. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും പ്രധാനമാണ്. ഒരുതവണ നഷ്ടപ്പെട്ടു എന്ന് കരുതി നിരുത്സാഹപ്പെടരുത്. തെറ്റുകൾ മനസിലാക്കി പഠനരീതി മാറ്റണം. ത്യാഗത്തോടെ പൊരുതിയാൽ നേടിയെടുക്കാൻ കഴിയും. ആറു ചാൻസ് ഉണ്ടെന്ന് മനസിലാക്കാതെ ഒന്നോ രണ്ടോ തവണ തോറ്റപ്പോൾ പിന്മാറിയ പലരെയും അറിയാം. അതല്ല വേണ്ടത്.- വിജയ് ഭരത് റെഡ്‌ഡി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |