
തിരുവനന്തപുരം: രാജ്യത്തെ 29 തൊഴിൽ നിയമങ്ങളെ 4തൊഴിൽ കോഡുകളാക്കി മാറ്റിയ കേന്ദ്ര പരിഷ്‌കാരം തൊഴിലാളി വിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്ന ബദൽ നയം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ലേബർ കോൺക്ലേവ് സംഘടിപ്പിക്കും.19ന് രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
മറ്റു സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കും.പഞ്ചാബ് തൊഴിൽ വകുപ്പ് മന്ത്രി തരുൺ പ്രീത് സിംഗ്,തമിഴ്‌നാട് തൊഴിൽ മന്ത്രി സി.വി.ഗണേശൻ,ജാർഖണ്ഡ് തൊഴിൽ വകുപ്പ് മന്ത്രി സഞ്ചയ് പ്രസാദ് യാദവ്,തെലങ്കാന മന്ത്രി വിവേക് വെങ്കട്ടസ്വാമി എന്നിവരെ കൂടാതെ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ,പി.രാജീവ് എന്നിവരും പങ്കെടുക്കും.ടെക്‌നിക്കൽ സെഷനുകൾ കോൺക്ലേവിന്റെ ഭാഗമായി നടക്കും.സെഷൻ ഒന്നിൽ ലേബർ കോഡുകളുടെ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡ മുഖ്യപ്രഭാഷണം നടത്തും. രണ്ടാം സെഷനിൽ കേരളത്തിന്റെ തൊഴിൽ നയത്തിന്റെ പശ്ചാത്തലത്തിൽ ലേബർ കോഡുകളെ നേരിടാനുള്ള ബദൽ തന്ത്രങ്ങൾ വിഷയത്തിൽ പ്രൊഫ.ശ്യാം സുന്ദർ മുഖ്യപ്രഭാഷണം നടത്തും.സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻ സെൻ, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി അമർജിത്ത് കൗർ തുടങ്ങിയ നേതാക്കൾ ചർച്ചകളിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |