
ന്യൂഡൽഹി: ആശ്രിത നിയമനം ലഭിച്ചവർ അതിനെ ഉന്നത ജോലിക്കുള്ള ചവിട്ടുപടിയായി കാണരുതെന്ന് സുപ്രീംകോടതി. ഉന്നത തസ്‌തികയ്ക്ക് നിഷ്‌ക്കർഷിച്ചിരിക്കുന്ന യോഗ്യതയുണ്ടാകാം. പക്ഷെ ആ തസ്‌തികയിലേക്ക് സ്ഥാനക്കയറ്റം അവകാശമെന്ന നിലയിൽ ആവശ്യപ്പെടാനാകില്ല. തമിഴ്നാട്ടിലെ ആശ്രിത നിയമനക്കേസിലാണ് ജസ്റ്റിസുമാരായ രാജേഷ് ബിൻഡൽ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിലപാട്. പിതാവിന്റെ മരണത്തെ തുടർന്ന് സർക്കാർ സർവീസിൽ തൂപ്പുജോലി ലഭിച്ചയാൾ ജൂനിയർ അസിസ്റ്റന്റ് തസ്‌തികയിലേക്ക് നിയമനത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ഈ നടപടി സുപ്രീംകോടതി റദ്ദാക്കി. സർക്കാർ ജീവനക്കാരന്റെ മരണം ആ കുടുംബത്തിനുണ്ടാക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ആശ്രിത നിയമനം നൽകുന്നത്. അവർക്ക് നടപടിക്രമങ്ങൾ മറികടന്ന് സ്ഥാനക്കയറ്റം നൽകാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |