SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.46 PM IST

ലോണെടുത്തിട്ട് അത് നേരത്തെ അടച്ച് തീര്‍ക്കുകയല്ല വേണ്ടത്; സംഭവിക്കുന്നത് 'നഷ്ടം'

Increase Font Size Decrease Font Size Print Page
finance

കൊച്ചി: ജീവിതത്തിലെ അടിയന്തിര സാഹചര്യങ്ങളില്‍ വലിയ സഹായമാണ് വായ്പ. കൈവശം അധികം പണമെത്തിയാല്‍ വായ്പ ഉടനടി അടച്ചുതീര്‍ത്ത് പലിശച്ചെലവ് ലാഭിക്കുന്നവര്‍ ഏറെയാണ്. ഈ നീക്കം ലാഭമാണെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും ധാരണ. പക്ഷേ യഥാര്‍ത്ഥത്തില്‍ എല്ലാ വായ്പകളും മുന്‍കൂര്‍ അടയ്ക്കുന്നത് ഗുണമാകില്ല. ഈ തീരുമാനം ക്രെഡിറ്റ് സ്‌കോറിനെയും ബാധിച്ചേക്കും.

ഒന്നിലേറെ വായ്പകളുണ്ടെങ്കില്‍ ഹ്രസ്വ കാലയളവിലെ ഈടില്ലാത്തതും ഉയര്‍ന്ന പലിശയുള്ളതുമായ കടങ്ങളാണ് ആദ്യം തീര്‍ക്കേണ്ടത്. തിരിച്ചടവ് മുടങ്ങിയാല്‍ പലിശയും പിഴപ്പലിശയും വരുമെന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകളും വേഗത്തില്‍ തീര്‍ക്കണം. സ്വര്‍ണ പണയത്തെ ബ്രിഡ്ജ് വായ്പയെന്നാണ് അറിയപ്പെടുന്നത്. മൂന്നുമാസം മുതല്‍ പരമാവധി ഒരു വര്‍ഷമാണ് കാലാവധി. കൃത്യസമയത്ത് പുതുക്കിയില്ലെങ്കില്‍ പലിശ കൂടും. അതിനാല്‍ പണമുണ്ടെങ്കില്‍ വായ്പ തീര്‍ത്ത് സ്വര്‍ണം വീണ്ടെടുക്കാം.

തിരിച്ചടവ് മുടക്കരുത്

മുന്‍കൂര്‍ തിരിച്ചടയ്ക്കാന്‍ പദ്ധതിയുണ്ടെങ്കിലും ഇ.എം.ഐ മുടക്കരുത്. തിരിച്ചടവ് മൂന്നുതവണ മുടങ്ങിയാല്‍ വായ്പ തിരിച്ചടച്ചാലും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ആദായ നികുതി ഇളവുള്ള ഭവന, വിദ്യാഭ്യാസ വായ്പകള്‍ മുന്‍കൂറായി അടക്കുമ്പോള്‍ ജാഗ്രത വേണം. വായ്പകള്‍ തിരിച്ചടയ്ക്കുന്നതോടെ ഇളവ് ഒഴിവാകുമെന്നതിനാല്‍ നികുതി ബാദ്ധ്യത കൂടിയേക്കും. ഒരു രൂപയുടെ വ്യത്യാസത്തില്‍ വരെ നികുതി സ്ലാബുകള്‍ മാറാനിടയുണ്ട്.

സാമ്പത്തിക അച്ചടക്കം താളംതെറ്റും

അഞ്ച് ലക്ഷം രൂപ 12 ശതമാനം പലിശയില്‍ അഞ്ച് വര്‍ഷത്തേക്ക് വ്യക്തിഗത വായ്പയെടുത്താല്‍ ഇ.എം.ഐ 11,000 രൂപയ്ക്കടുത്താകും. നിശ്ചിത സമയത്തിനും മുന്‍പ് വായ്പ തിരിച്ചടച്ചാല്‍ പലിശയിനത്തില്‍ ലാഭമെന്നാണ് ഉപഭോക്താവിന്റെ പ്രതീക്ഷ. എന്നാല്‍ തുടക്കത്തില്‍ ആ തുക മിച്ചം പിടിക്കുമെങ്കിലും പിന്നീട് ദുര്‍വൃയം കൂടിയേക്കും. വായ്പാ കാലാവധിയില്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നവര്‍ ബാദ്ധ്യത ഒഴിയുന്നതോടെ ചെലവ് കൂട്ടിയേക്കും. അതിനാല്‍ വായ്പ മുന്‍കൂര്‍ തിരിച്ചടയ്ക്കാതെ ആ തുക ചിട്ടി, റെക്കറിംഗ് ഡിപ്പോസിറ്റ്,, മ്യൂച്വല്‍ ഫണ്ട്, എസ്.ഐ.പി എന്നിവയില്‍ നിക്ഷേപിക്കുന്നതാണ് അഭികാമ്യം.

മനസാന്നിദ്ധ്യമുണ്ടെങ്കില്‍ ലാഭം

അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത വായ്പ 12 ശതമാനം പലിശയില്‍ ആറ് വര്‍ഷത്തേക്ക് എടുത്താല്‍ മൊത്തം 7.03 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 2.03 ലക്ഷം രൂപയാണ് അധിക ചെലവ്. അതായത് മൊത്തം തിരിച്ചടവിന്റെ 29 ശതമാനം പലിശയാണ്. മുന്‍കൂര്‍ വായ്പ തിരിച്ചടക്കുമ്പോള്‍ ശേഷിക്കുന്ന തുകയുടെ അഞ്ച് ശതമാനം വരെ ബാങ്കുകള്‍ പിഴ ഈടാക്കുന്നുണ്ട്.

TAGS: BUSINESS, LOAN, FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY