
ശൈത്യകാലത്തെ അതിജീവിക്കാൻ ഏത് മാർഗമുണ്ടെങ്കിലും അവ തിരഞ്ഞുപോകുന്നവരാണ് നമ്മൾ. അത്തരത്തിൽ പലരുടെയും മനസിൽ വരുന്ന ഉൽപ്പന്നമാണ് വാട്ടർ ഹീറ്ററുകൾ. ചൂടുവെളത്തിൽ കുളിച്ചാൽ തണുപ്പിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാമെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാൽ വാട്ടർ ഹീറ്റിംഗ് മാർഗങ്ങളിൽ നിന്നും വ്യത്യസ്തവും മികച്ചതുമായവയാണ് ഗീസറുകൾ. ദൃഢത, സുരക്ഷിതത്വം, ലഭ്യത എന്നിവ കാരണം കൂടുതലാളുകളും ഇപ്പോൾ ഗീസറുകൾ വാങ്ങി കുളിമുറികളിൽ ഘടിപ്പിക്കാറുണ്ട്.
വിപണിയിൽ 1500 രൂപ മുതലുള്ള വ്യത്യസ്ത കമ്പനികളുടെ ഗീസറുകൾ ലഭ്യമാണ്. ഇവ രണ്ടുതരത്തിൽ ലഭ്യമാണ്. ഇൻസ്റ്റന്റ് ഹീറ്ററുകൾ, സ്റ്റോറേജ് ഹീറ്റുകൾ. മിക്ക മോഡലുകൾക്കും ഒരു ഓട്ടോ കട്ട് സംവിധാനമുണ്ട്. അതായത് ഒരു നിശ്ചിത അളവ് വരെ വെള്ളം ചൂടായാൽ അത് ഉപയോഗിച്ച് തീരുന്നതുവരെ ചൂടുപോകാതെ നിലനിൽക്കും. ഇത് വളരെ സുരക്ഷിതവും സൗകര്യപ്രദവുമാണ്. മറ്റ് ആവശ്യങ്ങൾക്കുവേണ്ടി വെള്ളമെടുക്കുമ്പോഴും ഗീസറുകൾ ഓണായിരിക്കും. ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ നാം ജാഗ്രത പാലിക്കണമെന്ന് അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങൾ ഓർമപ്പെടുത്തുന്നുണ്ട്.

2023ൽ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂനെ സ്വദേശിനിയായ 30കാരിയായ അശ്വനി കേദാരി വെള്ളത്തിന് ചൂടുണ്ടോയെന്ന് പരിശോധിക്കുന്നതിനിടെ ഗീസറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. യുവതിയുടെ ശരീരത്തിൽ ചൂടുവെള്ളം വീഴുകയും 80 ശതമാനത്തിലധികം പൊള്ളലേൽക്കുകയും ചെയ്തു. അടുത്തിടെ ഉത്തർപ്രദേശിലെ അലിഗഢിൽ 12 വയസുള്ള പെൺകുട്ടി കുളിമുറിയിൽ ഗ്യാസ് ഗീസറിൽ നിന്ന് ശ്വാസം മുട്ടി മരിച്ചു. ദിയോറിയ ജില്ലയിൽ ഗീസറിൽ പ്ലഗ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടു.
ഈ അപകടങ്ങൾക്ക് കാരണം
ഈ അപകടങ്ങൾക്ക് നിരവധി കാരണങ്ങളുണ്ട്. കാലക്രമേണ ചൂടുവെള്ളം ഗീസറിന്റെ ഹീറ്റിംഗ് എലമെന്റിനെ മൃദുവാക്കുകയും ആക്കുകയും ഉള്ളിൽ ഘടിപ്പിച്ചിരിക്കുന്ന വയറുകൾ പൊട്ടുകയും ചെയ്യുന്നു. തെറ്റായ വൈദ്യുത ക്രമീകരണങ്ങളാണ് ഇതിന് കാരണമായി മാറുന്നത്. പഴയ വൈദ്യുത ക്രമീകരണങ്ങളുള്ള വീടുകളിലും ഫ്ളാറ്റുകളിലുമാണ് ഈ പ്രശ്നം കൂടുതലായി ഉണ്ടാകുന്നത്. ആധുനിക രീതിയിൽ നിർമിച്ച ഗീസറുകളുടെ പ്രവർത്തനത്തിന് അനുകൂലമായ തരത്തിലുള്ളവയറിംഗുകൾ ആയിരിക്കില്ല വീടുകളിൽ ഉണ്ടാകുന്നത്.
ഗ്യാസ് ഗീസറുകൾ ഉപയോഗിക്കുമ്പോൾ ചിലകാര്യങ്ങൾ ഉറപ്പായും പരിഗണിക്കേണ്ടതുണ്ട്. വായുസഞ്ചാരം കുറഞ്ഞ സ്ഥലത്ത് ഗ്യാസ് ഗീസർ ഘടിപ്പിച്ച് വെള്ളം ചൂടാക്കുമ്പോൾ, അത് ഓക്സിജന്റെ അളവ് കുറയ്ക്കുകയും ചൂട് സൃഷ്ടിക്കുകയും ചെയ്യുമെന്ന് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിന്റെ ഡയറക്ടർ കെ എസ് രവീന്ദ്രനാഥ് പറഞ്ഞു. ഇത് പലപ്പോഴും ഓക്സിജൻ കുറയുന്ന ഒരു അന്തരീക്ഷം ഉണ്ടാക്കും. ഇത് കാർബൺഡൈ ഓക്‌സൈഡ് ശ്വസിക്കുന്നതിലേക്ക് നയിക്കുന്നു. ചുറ്റുപാടുകളിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാൽ, ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ ആഗിരണം ചെയ്യാൻ കഴിയാതെ വരികയും ശരീരം കാർബൺഡൈ ഓക്‌സൈഡ് ശ്വസിക്കുകയും ചെയ്യുന്നു, ഇത് ഒരു ഹൈപ്പോക്സിക് അവസ്ഥയിലേക്ക് നയിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ശരിയായ എർത്തിംഗ്, മിനിയേച്ചർ സർകീട്ട് ബ്രേക്കർ എന്നിവ ഉപയോഗിച്ച് ഘടിപ്പിച്ച ഗീസറുകളിൽ നിന്ന് ഷോക്കേൽക്കാനുള്ള സാദ്ധ്യത കുറവാണ്, കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്ന പ്രശ്നവും ഉണ്ടാകില്ല. എന്നിരുന്നാലും, മോശം വയറിംഗ്, പ്രാദേശിക നിലവാരം കുറഞ്ഞ ബ്രാൻഡുകളോ മോശം പ്ലംബിംഗോ ഷോക്കുകൾ, ചോർച്ചകൾ അല്ലെങ്കിൽ ടാങ്ക് പൊട്ടിത്തെറികൾക്ക് കാരണമാകും, അതിനാൽ സർട്ടിഫൈഡ് ബ്രാൻഡുകളും ലൈസൻസുള്ള ഇൻസ്റ്റാളേഷനും പ്രധാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |