
കൊച്ചി: നടിയെ പീഡിപ്പിച്ച് ദൃശ്യം പകർത്തിയ കേസിൽ 'ദൈവത്തിന്റെ കൈയ്യൊപ്പായ" തെളിവെന്ന് വിശേഷിപ്പിച്ച് പ്രോസിക്യൂഷൻ ഹാജരാക്കിയ 'സെൽഫി"യും വിചാരണക്കോടതി തള്ളി. 'ജോർജേട്ടൻസ് പൂരം" സിനിമയുടെ ലൊക്കേഷനിൽ ദിലീപിനൊപ്പം ആരാധകനെടുത്ത സെൽഫിയിൽ ദൂരെ മാറിനിൽക്കുന്ന പൾസർ സുനിയും പതിഞ്ഞിരുന്നു. തൃശൂർ പുഴയ്‌ക്കലിലെ കിണറ്റിങ്കൽ ടെന്നിസ് ക്ലബിലായിരുന്നു ലൊക്കേഷൻ. ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് ചിത്രമെടുത്തത്.
2016 നവംബർ 11ന് സുനി ഇവിടെ എത്തിയിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദിലീപും സുനിയും തമ്മിലുള്ള അവസാനവട്ട കൂടിക്കാഴ്ചയ്‌ക്ക് തെളിവായാണ് ചിത്രം ഹാജരാക്കിയത്. ലൊക്കേഷനിൽ ഇരുവരുടെയും സാന്നിദ്ധ്യമുണ്ടെന്ന് വാദിക്കാമെങ്കിലും ചിത്രം ഗൂഢാലോചനയ്‌ക്ക് തെളിവാകില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിന്യായത്തിൽ പറയുന്നു.
ടെന്നിസ് ക്ലബിൽ കാരവനിന് പിന്നിലും ഇൻഡോർ സ്റ്റേഡിയത്തിലും ഗൂഢാലോചന നടന്നെന്നായിരുന്നു ആരോപണം. എന്നാൽ തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളിനിടെ ദീലീപിനെ മാറ്റിനിറുത്തി സുനി സംസാരിച്ചെന്നതിന് ദൃക്‌സാക്ഷികളില്ലെന്ന് കോടതി വിധിയിൽ പറയുന്നു.
സെൽഫിയെടുത്ത സാക്ഷി, തെളിവെടുപ്പിനിടെ ഓരോരുത്തരും നിന്ന സ്ഥലം കാണിച്ചുകൊടുത്തെങ്കിലും അന്വേഷണ സംഘം അത് അടയാളപ്പെടുത്താത്തതും തിരിച്ചടിയായി.
'ഗുണ്ടാഭീഷണി ഒതുക്കി അടുപ്പത്തിലായി"
2013ൽ 'സൗണ്ട് തോമ" സിനിമയുടെ ആലപ്പുഴയിലെ ലൊക്കേഷനിൽ വച്ച് ദീലീപും സുനിയും സൗഹൃദത്തിലായെന്നാണ് പ്രോസിക്യൂഷന്റെ വാദം. സുനി അന്ന് നടൻ മുകേഷിന്റെ ഡ്രൈവറായിരുന്നു. ലൊക്കേഷനിൽ ഗുണ്ടാ ഭീഷണിയുണ്ടായപ്പോൾ സുനി ഇടപെട്ടാണ് ഒതുക്കിയത്. അങ്ങനെ ദിലീപുമായി അടുപ്പത്തിലായെന്നാണ് വാദം. അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിസ്തരിച്ചപ്പോൾ വൈരുദ്ധ്യമുണ്ടായി. പൊലീസ് ഇടപെട്ടാണ് ലൊക്കേഷനിലെ ഗുണ്ടാപ്രശ്നം പരിഹരിച്ചതെന്നായിരുന്നു മൊഴി. അങ്ങനെയെങ്കിൽ ആലപ്പുഴ പൊലീസിൽ നിന്ന് വിവരങ്ങളെടുത്ത് ഉൾപ്പെടുത്താത്തതെന്തെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
അതിജീവിതയ്ക്കെതിരായ വീഡിയോ: മാർട്ടിനെതിരെ കേസ്
നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരെ സാമൂഹിക മാദ്ധ്യമത്തിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച പ്രതി മാർട്ടിൻ ആന്റണിക്കെതിരെ കേസ്. വിചാരണസമയത്ത് സുപ്രീംകോടതിയിൽ നിന്ന് മാർട്ടിൻ ജാമ്യമെടുത്ത് പുറത്തിറങ്ങിയ ശേഷം ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. തൃശൂർ റേഞ്ച് ഡി.ഐ.ജി ആർ. ഹരിശങ്കറിന് അതിജീവിത നൽകിയ പരാതി സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ. ദേശ്മുഖിന് കൈമാറി. അതിജീവിതയെ തിരിച്ചറിയും വിധം വീഡിയോ ചിത്രീകരിച്ചതിനും ലൈംഗികമായി അധിക്ഷേപിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനാൽ ഐ.ടി ആക്ട് പ്രകാരവും കേസുണ്ട്. വീഡിയോ ഷെയർ ചെയ്ത ലിങ്കുകൾ സൈബർ സെൽ വഴി കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് റേഞ്ച് ഡി.ഐ.ജി ആർ. ഹരിശങ്കർ കേരളകൗമുദിയോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |