
ന്യൂഡൽഹി: ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനു നേരെയുള്ള സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് ഹൈക്കമ്മിഷണർ മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ചില രാഷ്ട്രീയ നേതാക്കളുടെ ഇന്ത്യാവിരുദ്ധ പ്രസ്താവനകളിൽ ശക്തമായ മുന്നറിയിപ്പും നൽകി.
ഇന്ത്യൻ ഹൈക്കമ്മിഷനെതിരായ ചില ബംഗ്ളാദേശി വിഘടനവാദി സംഘടനകളുടെ ഭീഷണിയിലെ ആശങ്ക വിദേശകാര്യമന്ത്രാലയം ധരിപ്പിച്ചു. ഇന്ത്യയുടെ ശത്രുക്കൾക്കൊപ്പം നിൽക്കുമെന്നും ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വേർപെടുത്താൻ സഹായിക്കുമെന്നുമുള്ള ബംഗ്ലാദേശിലെ നാഷണൽ സിറ്റിസൺ പാർട്ടി നേതാവിന്റെ പ്രസ്‌താവനയിൽ അതൃപ്‌തി അറിയിച്ചു.
ബംഗ്ളാദേശിലെ ഇടക്കാല സർക്കാർ ഇതേക്കുറിച്ച് അന്വേഷിക്കുകയോ തെളിവുകൾ ഇന്ത്യയുമായി പങ്കുവയ്ക്കുകയോ ചെയ്തിരുന്നില്ല. ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളാകുന്നതിലെ ആശങ്കകളും ഹമീദുള്ളയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ധാക്കയിലെ വിസാ കേന്ദ്രം അടച്ച് ഇന്ത്യ
ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലുള്ള വിസാ അപേക്ഷ കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ച് ഇന്ത്യ. ചില ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാവിരുദ്ധ പ്രസ്താവനകളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് നടപടി. ബംഗ്ലാദേശിലുടനീളം ഇന്ത്യയുടെ 16 വിസാ അപേക്ഷാ കേന്ദ്രങ്ങളാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |