മീററ്റ്: ബോളിവുഡ് താരം സൽമാൻ ഖാൻ അവതാരകനായി എത്തുന്ന 'ബിഗ് ബോസ്' റിയാലിറ്റി ഷോ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് പരാതി നൽകി ബി.ജെ.പി എം.എൽ.എ. അശ്ലീലവും അസഭ്യവുമാണ് പരിപാടിയിൽ കാണുന്നതെന്നും പരിപാടി ഒരിക്കലും കുടുംബപ്രേക്ഷകർക്ക് കാണാൻ യോജിച്ചതല്ലെന്നും ഉത്തർപ്രദേശിലെ ഗാസിയാബാദ് ബി.ജെ.പി എം.എൽ.എ നന്ദ കിഷോർ ഗുജ്ജർ തന്റെ പരാതിയിൽ പറയുന്നു.
'നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തിന് ഒട്ടും യോജിച്ച കാര്യങ്ങളല്ല പരിപാടിയിൽ കാണുന്നത്. ലൈംഗിക ചുവയുള്ള സീനുകളാണ് ഇതിൽ ഉള്ളത്. പല ജാതികളിൽപ്പെട്ട കമിതാക്കൾ ഒന്നിച്ച് കിടക്കുന്നതും മറ്റുമാണ് പരിപാടിയിൽ കാണുന്നത്. ഇതൊരിക്കലും സമ്മതിച്ചു കൊടുക്കാൻ കഴിയില്ല. ഒരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് ഇവർ നമ്മുടെ സംസ്കാരത്തെ തകർക്കുകയാണ്.' ഗുജ്ജർ തന്റെ പരാതിയിൽ പറയുന്നു.
ഇത്തരം പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് നിയന്ത്രിക്കാൻ ശക്തമായ സെൻസറിംഗ് സംവിധാനം രാജ്യത്ത് കൊണ്ടുവരാണെമന്നും ഭാവിയിൽ ഇത്തരം പരിപാടികൾ ഒഴിവാക്കാൻ അതാണ് ചെയ്യേണ്ടതെന്നും ഗുജ്ജർ ആവശ്യപ്പെടുന്നു. കുട്ടികളും പ്രായപൂർത്തി ആകാത്തവരും ഇത്തരത്തിലുള്ള പരിപാടികൾ കാണുന്നുണ്ടെന്നും ഇതുകൂടാതെ ഇന്റർനെറ്റിലും ഇത്തരത്തിലുള്ള പരിപാടികൾ ലഭ്യമാണെന്നും ഗുജ്ജർ തന്റെ പരാതിയിൽ പറഞ്ഞു. 'ബിഗ് ബോസ്' ഉടനെ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്രാഹ്മണ മഹാസഭയും രംഗത്ത് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |