
ടൂർ എന്ന് കേട്ടാൽ ഭൂരിപക്ഷത്തിനും ഊട്ടിയും കൊടൈക്കനാലുമൊക്കെയാണ്. വിദേശ യാത്രകൾ അവരുടെ സ്വപ്നത്തിൽപ്പോലുമില്ല. പണച്ചെലവാണ് ഇതിന് പ്രധാന കാരണം. പിന്നെ നിയമങ്ങളുടെ നൂലാമാലകളും. എന്നാൽ ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാതെ നമുക്കും വിദേശയാത്ര നടത്താം. ഊട്ടിയിൽ പോകുന്ന കാശുമാത്രം മതിയാകും ഇതിന്. അത്തരത്തിലുള്ള ചില യാത്രകളെപ്പറ്റി അറിഞ്ഞാലോ?
ഇന്ത്യയിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന രാജ്യമാണ് നേപ്പാൾ. കഷ്ടിച്ച് രണ്ടുമണിക്കൂർ വിമാനയാത്ര നടത്തിയാൽ നേപ്പാളിലെ പ്രധാന വിമാനത്താവളത്തിലെത്താം. ഒരാൾക്കുള്ള വിമാനടിക്കറ്റിന് ശരാശരി ആറായിരം രൂപയാകും. സീസണനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടാവാം. നേപ്പാളിലെ ജീവിതച്ചെലവ് കുറവായതിനാൽ അതിനനുസരിച്ച് ദൈനംദിന ചെലവുകളും കുറയും. 1500 രൂപയുണ്ടെങ്കിൽ ഒരാൾക്ക് ഒരുദിവസം കുശാലാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഷോപ്പിംഗ് നടത്താനുള്ള കാശ് ഇതിൽ ഉൾപ്പെടുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണേ. അത്യാവശ്യം സൗകര്യങ്ങളുള്ള ഗസ്റ്റ്ഹൗസുകളിൽ കുറഞ്ഞനിരക്കിൽ സുഖതാമസം ലഭിക്കും. വൃത്തിയുള്ള തെരുവ് ഭക്ഷണവും ലഭിക്കും. ബഡ്ജറ്റ് ടൂറുകൾ നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. അവയുമായി ബന്ധപ്പെട്ടാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാകും. ഒക്ടോബർ, നവംബർ മാസങ്ങളാണ് സന്ദർശനത്തിന് യോജിച്ച സമയം.
അയൽ രാജ്യമായ ശ്രീലങ്കയും ഇപ്പോൾ ഇന്ത്യക്കാരുടെ ഇഷ്ടസ്ഥലമാണ്. കുറഞ്ഞചെലവിൽ മികച്ച യാത്രാനുഭവം ലഭിക്കുന്നതാണ് ഇതിന് കാരണം. ഒരാളുടെ വിമാനടിക്കറ്റിന് പതിനായിരം രൂപയ്ക്കടുത്ത് ചെലവാകും. ഒരുദിവസത്തെ ചെലവ് രണ്ടായിരം രൂപയ്ക്കുള്ളിൽ നിൽക്കും. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വിനോദസഞ്ചാരത്തെ ശ്രീലങ്ക അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാൽ ഒട്ടനവധി ആനുകൂല്യങ്ങളും ലഭിക്കും. ഡിസംബർ മുതൽ മാർച്ചുവരെയാണ് സന്ദർശനത്തിന് ഏറ്റവും യോജിച്ചത്. എരിവുള്ള നാടൻ ഭക്ഷണമാണ് ഇവിടത്തെ ഹൈലൈറ്റ്.
വിയറ്റ്‌നാമാണ് കുറഞ്ഞചെലവിൽ പോയിവരാൻ കഴിയുന്ന മറ്റൊരുസ്ഥലം. ഒരാൾക്ക് പതിനൊന്നായിരം രൂപയ്ക്ക് മുകളിലാവും ടിക്കറ്റ് നിരക്ക്. രണ്ടായിരം രൂപയുണ്ടെങ്കിൽ ഒരുദിവസം കാര്യമായിത്തന്നെ കഴിഞ്ഞുകൂടാം. പുരാതന പട്ടണങ്ങളും ബീച്ചുകളും ഉൾപ്പെടെ സഞ്ചാരികളുടെ മനംകവരുന്ന നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |