
കാസർകോട്: പട്ടാപ്പകൽ ആൾത്തിരക്കുള്ള നഗരമദ്ധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്രസംഘം കർണാടകയിൽ പിടിയിലായി. ഇവരെ കാസർകോട് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് തട്ടിക്കൊണ്ട് പോയത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12 ഓടെ കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന് മുന്നിൽ നിന്നാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയത്. സംഭവസ്ഥലത്ത് നിന്നും 150 കിലോമീറ്റർ അകലെയുള്ള സകലേശ്‌പൂരിൽ നിന്ന് കർണാടക പൊലീസ് സംഘത്തെ പിടികൂടുകയായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളായ നാലുപേരെയും ഹനീഫയെയും ഇന്ന് പുലർച്ചെ കാസർകോട് സ്‌റ്റേഷനിലെത്തിച്ചു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
കറന്തക്കാട് ആര്യഭവൻ ഹോട്ടലിന്റെ മുന്നിലെ സർവ്വീസ് റോഡിൽ നിൽക്കുകയായിരുന്നു ഹനീഫ. ഇയാളെ കാറിനുള്ളിലേക്ക് ബലപ്രയോഗത്തിലൂടെ വലിച്ചിട്ട ശേഷം വളരെ വേഗത്തിൽ കാർ ഓടിച്ചുപോയി. സമീപത്തുണ്ടായിരുന്നവർ നോക്കിനിൽക്കെയായിരുന്നു സംഭവം. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള കറുത്ത സ്‌കോർപിയോ കാറിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് മനസിലായി. ഈ വിവരം ഉടൻ തന്നെ അതിർത്തി സ്റ്റേഷനുകളിലേക്കും അയൽസംസ്ഥാനമായ കർണാടകയിലേക്കും കൈമാറി. കാർ തലപ്പാടി ചെക്ക്‌പോസ്‌റ്റ് കഴിഞ്ഞുപോയെന്ന് കണ്ടെത്തിയതോടെ കർണാടക പൊലീസും അന്വേഷണം ഊർജിതമാക്കി.
കർണാടക പൊലീസ് സകലേശ്‌പൂരിൽ നടത്തിയ അന്വേഷണത്തിൽ വാഹനം തിരിച്ചറിഞ്ഞതിന് പിന്നാലെ വിവരം കേരളാ പൊലീസിന് കൈമാറി. ഇന്നലെ രാത്രിയോടെ കേരള പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് ദിവസത്തിലേറെ ഹനീഫയെ നിരീക്ഷിച്ചതിന് ശേഷമാണ് തട്ടിക്കൊണ്ടുപോയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ബേക്കൽ സ്‌റ്റേഷൻ പരിധിയിലുള്ള ഷെരീഫ് എന്നയാളുമായി ഹനീഫ വലിയരീതിയിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നെന്ന് പോലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ക്വട്ടേഷനായിരുന്നോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |