
കൊച്ചി: ഭർത്താവിനെ കസ്‌റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിലെത്തിയ ഗർഭിണിയെ മർദിക്കുന്ന സിഐയുടെ ദൃശ്യങ്ങൾ പുറത്ത്. എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ 2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്.
2024 ജൂൺ 20നായിരുന്നു കേസിനാസ്‌പദമായ സംഭവം. പൊലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് മൊബൈലിൽ പകർത്തിയിരുന്നു. മഫ്‌തിലെത്തിയ പൊലീസ് ദൃശ്യങ്ങൾ പകർത്തിയ ആളെ കസ്‌റ്റഡിയിലെഡുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതന്വേഷിച്ച് സ്‌റ്റേഷനിലെത്തിയ യുവതിയെ സിഐ പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുകത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനെതിരെ യുവതിയും കുടുംബവും പരാതിപ്പെട്ടെങ്കിലും പൊലീസ് ഇതെല്ലാം നിഷേധിച്ചിരുന്നു. യുവതി കൈക്കുഞ്ഞുങ്ങളെ സ്‌റ്റേഷനിലേക്ക് വലിച്ചുവെന്നും പ്രശ്നം പരിഹരിക്കാൻ ഇടപെടുക മാത്രമാണ് ചെയ്‌തതെന്നുമായിരുന്നു പൊലീസ് വിശദീകരണം. കൂടാതെ പരാതിക്കാരി പൊലീസുകാരെ മർദിച്ചെന്നും ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണമെന്ന് യുവതിയും ഭർത്താവും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാൽ ഇവർ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
ഒരു വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ദൃശ്യങ്ങൾ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഗർഭിണിയായിരുന്ന തന്നെ പൊലീസ് കൂട്ടം ചേർന്ന് മർദിച്ചെന്നും സംഭവം മൂടിവയ്‌ക്കാൻ ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |