
ബ്രസീലിയ: ഭാവികാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിൽ അസാമാന്യ വിരുതുണ്ടെന്ന് അവകാശപ്പെടുന്ന ബ്രസീലിയൻ സ്വദേശിയാണ് അതോസ് സലോമി. 2012ൽ കോവിഡ് മഹാമാരിയെക്കുറിച്ച് സൂചന നൽകിയിരുന്നു. മാത്രമല്ല യുക്രൈൻ യുദ്ധം, ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ സലോമി പ്രവചിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നത്. ജീവിക്കുന്ന നോസ്ട്രഡാമസെന്നും അദ്ദേഹം അറിയപ്പെടുന്നു. ഇപ്പോഴിതാ 2026ൽ നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചാണ് സലോമിയുടെ പുതിയ പ്രവചനങ്ങൾ.
ആഫ്രിക്കയിലെ സാഹെൽ മേഖലയും ആർട്ടിക് വൃത്തവുമാണ് അടുത്ത സംഘർഷ കേന്ദ്രങ്ങളെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. നൈജറിലുള്ള ഭീകര സംഘടനകളുടെ വളർച്ച വൻശക്തികൾ തമ്മിലുള്ള പരോക്ഷ യുദ്ധങ്ങൾക്ക് കാരണമാകും. കൂടാതെ, മഞ്ഞുരുകുന്നതോടെ ആർട്ടിക്കിലെ പുതിയ കപ്പൽപ്പാതകൾക്കും ഊർജ്ജ നിക്ഷേപങ്ങൾക്കും വേണ്ടി റഷ്യയും നാറ്റോ സഖ്യവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
മറ്റൊരു പ്രവചനം 2026 ഓടെ നിർമ്മിത ബുദ്ധി മനുഷ്യന്റെ ധാർമ്മികതയെ മറികടക്കുമെന്നാണ്. മനുഷ്യർക്ക് സഹായം നൽകുന്നതിന് പകരം അവരെ നിയന്ത്രിക്കാനും കൃത്രിമമായി സ്വാധീനിക്കാനും എഐ ഉപയോഗിക്കപ്പെടും. ആഗോളതലത്തിൽ വലിയൊരു സൈബർ ആക്രമണംപോലും ഇതിനെ തുടർന്ന് സംഭവിച്ചേക്കാം. ഇത് ലോകത്തെ സാമ്പത്തിക മേഖലയെയും ഊർജ്ജ വിതരണത്തെയോ ആരോഗ്യ സംവിധാനത്തെയോ തകർക്കാൻ ശേഷിയുള്ളതാണെന്നും സലോമി പറയുന്നു.
മൂന്നാമത്തേത് കോവിഡ്‌പോലെയല്ലെങ്കിലും പക്ഷികളിലും കന്നുകാലികളിലും കണ്ടുവരുന്ന H5N5 പക്ഷി പനികളുടെ വകഭേദം മനുഷ്യരിലേക്ക് പടരുന്നത് വലിയ വെല്ലുവിളി ഉയർത്തും. അടുത്തിടെ ഇതിനെ തുടർന്ന് റിപ്പോർട്ട് ചെയ്ത ആദ്യ മരണം ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ആഗോളതലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.
അതേസമയം, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ഇത്തരം പ്രവചനങ്ങൾ നടത്തുന്നത്. എങ്കിലും സലോമിയുടെ മുൻകാല പ്രവചനങ്ങൾ സത്യമായ പശ്ചാത്തലത്തിൽ പുതിയ മുന്നറിയിപ്പുകളെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |