കോഴിക്കോട്: കൂടത്തായി കൊലക്കേസിൽ മുഖ്യ പ്രതിയായ ജോളി ഉൾപ്പെടെ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിയെ ആറ് ദിവസത്തേക്കും മാത്യു, പ്രജികുമാർ എന്നിവരെ 16 ദിവസത്തേക്കുമാണ് കസ്റ്റഡിയിൽ വിട്ടത്. താമരശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ പയ്യോളി ക്രെെംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകും.
15 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത്. കോടതിയിൽ നിന്നിറങ്ങിയ ശേഷം ജോളിയിയേയും പ്രജികുമാറിനേയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. താമരശേരി താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന. അതേസമയം മാത്യുവിനെ വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കേസ് ഇനി 16ാം തീയതി പരിഗണിക്കും.
പ്രതികളെ കാണുന്നതിനായി താമരശേരി കോടതി പരിസരത്ത് വൻജനക്കൂട്ടം എത്തിയിരുന്നു. ജോളിയുമായുള്ള പൊലീസ് വാഹനം എത്തിയതോടെ ജനക്കൂട്ടം കൂകി വിളിച്ചു. കോടതിവളപ്പിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. തിങ്ങിക്കൂടിയ ആളുകളെ മാറ്റിക്കൊണ്ടാണ് പൊലീസ് ജോളിയെ കോടതി വളപ്പിലേക്കെത്തിച്ചത്. ജയിലിൽ നിന്നിറക്കുമ്പോൾ നിശബ്ദരായിരുന്നു ജോളിയും മാത്യുവും. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് മാത്യു സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാർ പ്രതികരിച്ചിരുന്നു.
കൂടത്തായി കൊലപാതക കേസിലെ രണ്ടാം പ്രതിയായ മാത്യു താമരശ്ശേരി കോടതിയിൽ നിന്നും തിരിച്ച് ഇറങ്ങിയപ്പോൾ.ഫോട്ടോ: രോഹിത്ത് തയ്യിൽ
കൂട്ടക്കൊലക്കേസിൽ പ്രതിയായ മാത്യുവാണ് തന്റെ പക്കൽ നിന്നും സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാർ പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജികുമാർ വ്യക്തമാക്കിയിരുന്നു. നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തപ്പോൾ മാത്യുവിനെ പരിചയമില്ലെന്നായിരുന്നു പ്രജികുമാർ പറഞ്ഞത്. എന്നാൽ, അറസ്റ്റിലാകുന്നതിന് തലേദിവസവും പ്രജികുമാറും മാത്യുവും ദീർഘനേരം ഫോണിൽ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു. അതേസമയം, കേസിൽ അന്വേഷണസംഘം വിപുലീകരിച്ചെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ഫൊറൻസിക് വിദഗ്ധരുടെ ഉപദേശം തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |