
ചേർത്തല: മുസ്ലിംലീഗിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ തന്നെ വർഗീയവാദിയാക്കി വേട്ടയാടാൻ ശ്രമിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഇതിനെ പ്രസ്ഥാനം ചങ്കുറപ്പോടെ നേരിടുമെന്ന് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുസ്ലിങ്ങളെയല്ല, ലീഗിന്റൈ ഏകപക്ഷീയ നയങ്ങളെയാണ് മലപ്പുറത്ത് എതിർത്തത്. ആ നിലപാടിൽ ഒരുമാറ്റവുമില്ല. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പിന്നാക്ക മുന്നണി രൂപീകരിച്ച് ലീഗിനൊപ്പം സമരത്തിനിറങ്ങിയിട്ടുണ്ട്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ഈഴവസമുദായത്തെയും മറ്റ് പിന്നാക്കക്കാരേയും ആട്ടിയകറ്റി ലീഗ് വഞ്ചിച്ചു.
ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ലീഗിന്റെ മുൻനിര നേതാക്കൾ ഉൾപ്പെടെ തന്നെ കാണാൻ എത്തിയിരുന്നു. തെറ്റ് പറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞ് ചങ്ങാത്തത്തിനെത്തിയപ്പോൾ പഴയ ചതിയറിഞ്ഞ് അകറ്റിയതിന്റെ വിരോധമാണിപ്പോൾ തന്നോട്.
കോൺഗ്രസും യു.ഡി.എഫും ലീഗിന്റെ അടിമകളാണ്. അവരെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് തനിക്കെതിരെ തിരിഞ്ഞത്. ലീഗ് ചാടിക്കളിക്കെടാ എന്നുപറയുമ്പോൾ ചാടിക്കളിക്കുകയാണിവർ. കോൺഗ്രസിൽ ഈഴവരെ പൂർണമായി അവഗണിച്ചു. ആരു നേതാവാകണമെന്നും ആരെ മുന്നണിയിൽ എടുക്കണമെന്നും ലീഗാണ് തീരുമാനിക്കുന്നത്.
മലപ്പുറം പാർട്ടിയാണ് ലീഗ്. അവരെപ്പോലെ മതേതരത്വം തകർക്കുന്നവർ വേറെയില്ല. മാറാട് കലാപം പോലും അവർ ഭരിക്കുമ്പോഴല്ലേയുണ്ടായത്. യാഥാർത്ഥ്യം പറഞ്ഞപ്പോൾ എ.കെ.ആന്റണിയെ ഇവർ വേട്ടയാടി. മതേതരത്വം പറയുന്ന ലീഗ് ഉമ്മൻചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പുചെയ്തു. 10 വർഷമായി ഇവിടെ കലാപങ്ങളും വർഗീയ സംഘർഷങ്ങളുമുണ്ടായിട്ടില്ല. ഈഴവ സമുദായത്തിനു വേണ്ടി സംസാരിക്കുകയാണ് എന്റെ ചുമതല. ഗതികേടേ നിന്റെ പേരോ കോൺഗ്രസ് എന്നു പറയേണ്ട സ്ഥിതിയാണ്. എസ്.എൻ.ഡി.പി യോഗവും സമുദായവും എന്റെകൂടെ ഉറച്ചുനിൽക്കുകയാണ്, അതാണ് എന്റെ ശക്തി.
ബി.ഡി.ജെ.എസിന്
സമ്പൂർണ അവഗണന
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിന് സമ്പൂർണ അവഗണയാണെന്ന് വെളളാപ്പള്ളി പറഞ്ഞു. എൽ.ഡി.എഫിൽ ചെറുകക്ഷികൾക്കു പോലും വലിയ അംഗീകാരമാണ് കിട്ടുന്നത്. ഒരു എം.എൽ.എ മാത്രമുള്ള കക്ഷികളെ വരെ അവർ മന്ത്രിയാക്കി. എന്നാൽ പത്തുവർഷം കൂടെ നിന്നിട്ടും എൻ.ഡി.എയിൽ ഇവർക്ക് അംഗീകാരമില്ല. നടന്ന് കാലുതേഞ്ഞതുമാത്രം മിച്ചം. ഇനിയെന്തുവേണമെന്ന് അവരാണ് തീരുമാനിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |