SignIn
Kerala Kaumudi Online
Thursday, 19 February 2026 2.53 AM IST

അഹമ്മദാബാദി​ൽ അവസാന അങ്കം

Increase Font Size Decrease Font Size Print Page
cricket

ഇന്ത്യ- ദക്ഷിണാഫ്രിക്ക അഞ്ചാം ട്വന്റി-20 ഇന്ന് അഹമ്മദാബാദി​ൽ

പരമ്പരയി​ൽ ഇന്ത്യ 2-1ന് മുന്നിൽ

7 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്

അഹമ്മദാബാദ് : ഒരുമാസത്തിലേറെ നീണ്ട ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന് ഇന്ന് അഞ്ചാം ട്വന്റി-20 മത്സരത്തോടെ അവസാനമാകുന്നു. അഹമ്മദാബാദിൽ രാത്രി ഏഴുമുതലാണ് മത്സരം. ടെസ്റ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിനത്തിൽ തിരിച്ചടി നൽകിയ ഇന്ത്യയ്ക്ക് ട്വന്റി-20യിലും വിജയഗാഥ ആവർത്തിക്കാനുള്ള അവസരമാണിത്.

കഴിഞ്ഞദിവസം ലക്നൗവിൽ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി-20 കനത്തമഞ്ഞുവീഴ്ചമൂലം ഒറ്റപ്പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. പരമ്പരയിലെ ആദ്യത്തേയും മൂന്നാമത്തേയും മത്സരങ്ങളിൽ ജയിച്ചിരുന്ന ഇന്ത്യയ്ക്ക് ഇന്നുകൂടി ജയിക്കാൻ കഴിഞ്ഞാൽ അഞ്ചുമത്സര പരമ്പര സ്വന്തമാക്കാം. ഇന്ന് ദക്ഷിണാഫ്രിക്ക ജയിക്കുകയാണെങ്കിൽ 2-2ന് പരമ്പര പങ്കുവെയ്‌ക്കേണ്ടിവരും.

ഓപ്പണർ ശുഭ്മാൻ ഗില്ലിന് കാലിന് പരിക്കേറ്റതിനാൽ കളിക്കില്ലെന്ന് കഴിഞ്ഞദിവസം വാർത്തകൾ ഉണ്ടായിരുന്നു. ഇന്ന് ഗിൽ കളിക്കുമോ എന്നകാര്യത്തിൽ അറിയിപ്പുണ്ടായിട്ടില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ ഗിൽ ട്വന്റി-20 പരമ്പരയിലൂടെയാണ് കളത്തിലേക്ക് മടങ്ങിവന്നത്.ആദ്യ മത്സരങ്ങളിൽ നിരാശപ്പെടുത്തിയിരുന്ന ഗിൽ കഴിഞ്ഞകളിയിൽ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകൾ നൽകിയിരുന്നു. അതേസമയം ഗിൽ കളിച്ചില്ലെങ്കിൽ ഓപ്പണറായി മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കും. പരമ്പരയിലിതുവരെ സഞ്ജു ബെഞ്ചിലിരിക്കുകയായിരുന്നു.

രണ്ടാം മത്സരത്തിന് ശേഷം സുഖമില്ലാതെയായ ആൾറൗണ്ടർ അക്ഷർ പട്ടേലിനെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. ധർമ്മശാലയിൽ കുൽദീപ് യാദവാണ് അക്ഷറിന് പകരം കളിച്ചിരുന്നത്. ടീമിലേക്ക് അക്ഷറിന്റെ പകരക്കാരനായി ഷഹബാസ് അഹമ്മദിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുൽദീപാകും കളിക്കാനിറങ്ങുക. വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്ന ജസ്പ്രീത് ബുംറ കളിക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ.അതേസമയം നായകൻ സൂര്യകുമാർ യാദവ് തുടർച്ചയായി നിരാശപ്പെടുത്തുന്നത് ബാറ്റിംഗിൽ ഇന്ത്യയ്ക്ക് ആശങ്കയാണ്.

TAGS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY