
ശിവഗിരി: കുടുംബബന്ധങ്ങളുടെ ദൃഢത വീണ്ടെടുക്കാൻ കഴിഞ്ഞാൽ തുടർന്നെത്തുന്ന തലമുറകൾ വഴിതെറ്റാതെ മുന്നേറുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും കുന്നുംപാറ മഠം സെക്രട്ടറിയുമായ സ്വാമി ബോധിതീർത്ഥ പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടന കാലത്തിന്റെ നാലാം ദിനമായ ഇന്നലെ ശിവഗിരിയിൽ നടന്ന ഗുരുധർമ്മപ്രബോധനം: കുടുംബജീവിതം ശ്രീനാരായണധർമ്മത്തിൽ-സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി.
സ്നേഹമാണ് കുടുംബബന്ധങ്ങളുടെ അടിസ്ഥാന ഘടകം.സ്നേഹത്തിന്റെ അഭാവം കുടുംബത്തിലെ ഐക്യത്തെയും കെട്ടുറപ്പിനെയും തകർക്കുമെന്നും വ്യക്തി നന്നായാൽ കുടുംബവും കുടുംബം നന്നായാൽ നാടും നന്നാകും എന്ന ഗുരുദേവ ദർശനമാണ് സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് അടിസ്ഥാനമെന്നും സ്വാമി പറഞ്ഞു.
കേരള സർവ്വകലാശാല അന്താരാഷ്ട്ര പഠന കേന്ദ്രം ഡയറക്ടർ ഡോ. എം.എ. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി. കവികളായ സുമേഷ് കൃഷ്ണൻ, ശാന്തൻ, പാറയ്ക്കൽ തീർത്ഥാടനകേന്ദ്രം പ്രസിഡന്റ് ഭദ്രൻ പാറയ്ക്കൽ, ഗുരുധർമ്മ പ്രചാരണ സഭ കോട്ടയം ജില്ലാ പ്രസിഡന്റ് ആർ. സലിംകുമാർ, മുൻ പ്രസിഡന്റ് സോഫി വാസുദേവൻ, തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് ഡോ. കെ. സുശീല, സഭ പി.ആർ.ഒ ഡോ.ടി .സനൽകുമാർ തുടങ്ങിയവർ പ്രഭാഷണം നടത്തി. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറിയും തീർത്ഥാടനകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി സത്സംഗം നയിച്ചു. ആർ. സലിംകുമാർ രചിച്ച ശ്രീനാരായണ ധർമ്മം - ചോദ്യോത്തരങ്ങൾ എന്ന പുസ്തകം ഡോ. എം.എ. സിദ്ദിഖിനു നൽകി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ് സ്വാമി സച്ചിദാനന്ദ പ്രകാശനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഡ്വ.അമ്പിളി ഹാരിസ് സ്വാഗതവും എം.ഡി.സലിം നന്ദിയും പറഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |