
കോട്ടയം : പഴ വർഗങ്ങൾക്ക് ഡിമാൻഡ് ഏറെയുള്ള ശബരിമല സീസണിൽ ഏത്തക്കായ വില കീഴോട്ട്. മൂപ്പെത്തിയ കുലകളിൽ പുള്ളിക്കുത്ത് രോഗവും പിടിമുറുക്കിയതോടെ വ്യാപാരികൾ വില കുറച്ചത് ഏത്തവാഴകർഷകർക്ക് തിരിച്ചടിയായി. ഈ വർഷം കിലോയ്ക്ക് 40 രൂപയിൽ താഴെയാണ് കർഷകർക്ക് ഒരു കിലോ ഏത്തക്കായ്ക്ക് ലഭിച്ചത്. പുള്ളിക്കുത്തുള്ളവയ്ക്ക് 30 -35 രൂപ വരെ വിലകുറച്ചെന്നാണ് പരാതി. വളവും , മറ്റ് സംരക്ഷണ ചെലവും കണക്കാക്കിയാൽ ഏത്തവാഴ കർഷകർക്ക് കനത്ത നഷ്ടമാണ്. ജനുവരി പകുതിയോടെ വിളവെടുപ്പ് തീരും. അതോടെ വില കുത്തനെ ഉയരുമെങ്കിലും ഉത്പാദനം കഴിയുന്നതിനാൽ പ്രയോജനം കർഷകർക്ക് ലഭിക്കില്ല.
പുള്ളിക്കുത്തുകൾ പഴത്തിന്റെ രുചിയേ ബാധിക്കുന്നില്ലങ്കിലും വാങ്ങാൻ കച്ചവടക്കാർ തയ്യാറാകുന്നില്ല. വവ്വാലുകൾ വാഴച്ചുണ്ടിലെ തേൻകുടിക്കാൻ എത്തുമ്പോൾ അവയുടെ നഖം കൊള്ളുന്നത് മൂലമാണ് ഇത്തരം പാടുകളെന്നും, അതല്ല കുഴിപ്പുള്ളി രോഗമാണെന്നും പറയുന്നുണ്ടെങ്കിലും കൃഷി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തുകയോ പരിഹാരം കണ്ടെത്തുകയോ ചെയ്യില്ലെന്നാണ് കർഷകർ പറയുന്നത്.
ശീതീകരണ സംവിധാനമൊരുക്കണം
പ്രാദേശിക തലത്തിൽ വലിയ സംഭരണശേഷിയുള്ള ശീതീകരണ സംവിധാനങ്ങൾ സർക്കാർ ഒരുക്കിയാൽ വിപണി വിലയുള്ള സമയത്ത് വില്പന നടത്തി വരുമാനം നേടാൻ കർഷകർക്ക് കഴിയും. മുടക്കുമുതൽ പോലും കിട്ടാത്ത സ്ഥിതിയാണിപ്പോൾ.ജില്ലയിൽ നെടുംകുന്നം, കറുകച്ചാൽ മേഖലകളിലാണ് നാടൻ ഏത്തവാഴ കൃഷി വ്യാപകമായുണ്ടായിരുന്നത്. 100 ലധികം കർഷകർ ഇപ്പോഴും കൃഷിയിൽ ഏർപ്പെട്ടിട്ടുണ്ട്. മുൻവർഷങ്ങളിൽ ഏത്തക്കുലയ്ക്ക് ഉണ്ടായ വലിയ വിലയിടിവ് മൂലം ഇത്തവണ പല കർഷകരും കൃഷി ഇറക്കിയില്ല. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിൻവലിഞ്ഞു.
നഷ്ടം കുലച്ചു
വളത്തിന് ഉണ്ടായ അമിത വില വർദ്ധനവും ബുദ്ധിമുട്ടിലാക്കി
മുൻപ് ഹോട്ടലുകളടക്കം ഇല മേടിച്ചിരുന്നു, 5 രൂപ ലഭിച്ചിരുന്നു
തമിഴ്‌നാട്ടിൽ നിന്ന് വാഴയില എത്തിയതോടെ തിരിച്ചടിയായി
''വാഴക്കുലകളിൽ പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം കണ്ടെത്തി കൃഷി വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. കൃത്യമായ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും.
എബിഐപ്പ് ( കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |