തിരുവനന്തപുരം: മേയറായതുകൊണ്ട് നേരത്തതന്നെ വി.കെ. പ്രശാന്തിന് തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല. സ്ഥാനാർത്ഥിയായതോടെ പിന്നെ പറയുകയുംവേണ്ട. രാവിലെ കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് പ്രചാരണത്തിന് ഇറങ്ങാൻ നേരത്താണ് 'ഫ്ളാഷ് ടീം' അവിടെയെത്തിയത്. പ്രചാരണത്തിരക്ക് കാരണം കഴിഞ്ഞ ദിവസങ്ങളിലൊക്കെ മകനെ ലാളിക്കാൻ വേണ്ടത്ര സമയം കിട്ടിയില്ല. അതിന്റെ പരിഭവം മകന്റെ മുഖത്തുണ്ട്. അതുകൊണ്ടുതന്നെ അവന്റെ പിണക്കങ്ങൾക്ക് ഇന്നലെ അൽപ്പം ചെവികൊടുത്തു. അപ്പോഴേക്കും മകളുമെത്തി. അതിനിടെ പത്രങ്ങൾ ഒന്ന് ഓടിച്ചുനോക്കണമല്ലോ.. മകളോടൊപ്പം അതിനും അൽപ്പ സമയം, അപ്പോഴേക്ക് പ്രചാരണത്തിന് ഇറങ്ങാനുള്ള സമയമായി. അച്ഛൻ എസ്. കൃഷ്ണൻ, അമ്മ വസന്ത, ഭാര്യ രാജി, മക്കളായ ആലിയ, ആര്യൻ എന്നിവരോട് യാത്ര പറഞ്ഞ് പ്രവർത്തകർക്കൊപ്പം പ്രചാരണപ്രവർത്തനത്തിലേക്ക് ഇറങ്ങുകയാണ്. അതിനിടെ എത്തിയ കഴക്കൂട്ടം സ്വദേശിനിയുടെ അപേക്ഷ കേൾക്കാനും അൽപ്പസമയം കണ്ടെത്തി.
തുടർന്ന് കാറിൽ കയറി വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക്.. പോകുന്നവഴി ട്രാഫിക് സിഗ്നലിലൊക്കെ വാഹനം നിറുത്തുമ്പോഴേക്കും പലരും കൈവീശി കാണിക്കും. അവർക്കൊക്കെ പ്രത്യഭിവാദ്യം ചെയ്ത് മുന്നോട്ട്. അതിനിടെ 'ഫ്ളാഷി'നോട് സംസാരിക്കാൻ അൽപ്പം സമയം കണ്ടെത്തി. ''പാർട്ടി തനിക്ക് നൽകിയ പുതിയ ഉത്തരവാദിത്തം പൂർണമായും ഉൾക്കൊള്ളുന്നു. നഗരസഭാ ജനപ്രതിനിധി എന്ന നിലയിലും തിരുവനന്തപുരം മേയർ എന്ന നിലയിലും കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം വരുമ്പോൾ അടങ്ങി ഇരിക്കാൻ പണ്ടേ ശീലിച്ചിട്ടില്ല. തന്നോട് നാട്ടുകാർ കാണിക്കുന്ന സ്നേഹം അതിന്റെ തെളിവാണ് "
ഇത് പറയുമ്പോഴേക്കും അടുത്ത സ്വീകരണ സ്ഥലമായ കാഞ്ഞിരംപാറയിലെത്തി. അവിടെ വി.കെ.പി നഗർ കോളനിയിൽ സ്ഥാനാർത്ഥിയെ കാത്ത് ആൾക്കൂട്ടം. ബാൻഡ് മേളവും മുദ്രാവാക്യം വിളിയും അകമ്പടിയായി എത്തി. ചെങ്കൊടിയേന്തിയ പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. അവരൊടൊക്കെ കൈകൂപ്പിയും കൈവീശിയും അഭിവാദ്യം ചെയ്തും വോട്ട് ചോദിച്ചും നേതാക്കളോട് അൽപ്പനേരം കുശലാന്വേഷണം നടത്തിയും അടുത്ത പോയിന്റിലേക്ക്. അതിനിടെ കാഞ്ഞിരംപാറ ഐ.ടി.ഐയിലെ വിദ്യാർത്ഥികളോടൊപ്പം കുറച്ചു സമയം. സ്നേഹ ചുംബനം നൽകിയാണ് വി.കെ.പി നഗർ നിവാസിയായ തങ്കമ്മ
വി.കെ പ്രശാന്തിനെ എതിരേറ്റത്. "മക്കൾ ജയിക്കും ", ഒപ്പം തങ്കമ്മയുടെ അനുഗ്രഹവും. പ്രശാന്തിന്റെ മുഖത്ത് നിറഞ്ഞ ചിരി. അതിനിടെ സ്ഥാനാർത്ഥിക്ക് കൈകൊടുക്കാനും ഒപ്പം നിന്ന് സെൽഫിയെടുക്കാനും കുട്ടികൾ തിരക്കുകൂടി. തുടർന്ന് പ്രശാന്ത് എത്തിയത് അപകടത്തിൽപെട്ട് വീട്ടിൽ വിശ്രമിക്കുന്ന മഹി എന്ന യുവാവിനെ കാണാനാണ്. കാര്യങ്ങളൊക്കെ തിരക്കി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് വീണ്ടും പ്രചാരണത്തിരക്കിലേക്ക്..
വലിയൊരു ആൾക്കൂട്ടമുണ്ട് പ്രചാരണത്തിൽ പ്രശാന്തിനൊപ്പം. സ്ഥാനാർത്ഥിയോടൊപ്പം ഡി.വൈ.എഫ്.ഐ പ്രവർത്തകരും അഭ്യർത്ഥനാ നോട്ടീസുമായി ഒപ്പമുണ്ട്. 'ചങ്കാണ്, മേയർ, ചങ്കിലാണ് മേയർ..' തുടങ്ങിയ വാചകങ്ങളാണ് വീടുകളിൽ പ്രവർത്തകർ വിതരണം ചെയ്യുന്ന ബുക്ക്ലെറ്റിലുള്ളത്. 'കേന്ദ്ര സർക്കാരിന്റെ സ്വച്ഛതാ അവാർഡ് തിരുവനന്തപുരത്തിന് നേടിത്തന്ന പ്രശാന്ത് അണ്ണൻ അടിപൊളിയാണ്', അനന്തപുരിയുടെ മുഖച്ഛായ മാറ്റി മേയർബ്രോ, കയ്യടിക്കടാ.. എന്നുതുടങ്ങിയ വാചകങ്ങളും ബുക്ക്ലെറ്റിലുണ്ട്. മേയറുടെ കാരിക്കേച്ചർ ഉൾപ്പെടെയാണ് ബുക്ക്ലെറ്റ് ഇറക്കിയിരിക്കുന്നത്.
കാഞ്ഞിരംപാറയിൽ നിന്ന് നേരെ പോയത് തൊഴുവൻകോട്ടേക്ക്. അവിടെയും പ്രവർത്തകരുടെ ഹൃദ്യമായ സ്വീകരണം. അതിനിടെ രണ്ട് മരണവീടുകളിലും പോകാൻ സമയം കണ്ടെത്തി. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ പി.വി. സിന്ധു ഇന്നലെ കേരളത്തിന്റെ ആദരം ഏറ്റുവാങ്ങാൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭ നൽകിയ സ്വീകരണത്തിലും മേയർ എന്ന നിലയിൽ വി.കെ. പ്രശാന്ത് പങ്കെടുത്തു. ഗൃഹസന്ദർശനങ്ങളും ബൂത്ത് യോഗങ്ങളുമൊക്കെ കഴിഞ്ഞപ്പോൾ രാത്രിയായി. തുടർന്ന് നേതാക്കളും പ്രവർത്തകരുമായി ആ ദിവസത്തെ പ്രചാരണത്തിന്റെ അവലോകനം. അടുത്തദിവസത്തെ പ്രചാരണത്തെക്കുറിച്ചുള്ള ചർച്ചകൾ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |