
തിരുവനന്തപുരം: അന്താരാഷ്ട്ര സസ്യശാസ്ത്രജ്ഞനും ലഖ്നൗവിലെ നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ പേരൂർക്കട മണ്ണാമ്മൂല വി.ആർ.എ 179 ശ്രീശൈലത്തിൽ ഡോ.പി. പുഷ്പാംഗദൻ (82) അന്തരിച്ചു. ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തി. വംശീയ സസ്യശാസ്ത്രത്തിൽ (എത്‌നോബോട്ടണി) വിലപ്പെട്ട സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ്. രാജ്യം 2010ൽ പദ്മശ്രീ നൽകി ആദരിച്ചു.
കാണി ഗോത്രവിഭാഗം പരമ്പരാഗതമായി ഉപയോഗിക്കുന്ന 'ആരോഗ്യപ്പച്ച' സസ്യത്തിന്റെ സവിശേഷതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് അദ്ദേഹമാണ്. അമിത ക്ഷീണമകറ്റാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മാനസിക ഉന്മേഷത്തിനും ഇത് ഉത്തമമാണ്. 1999മുതൽ 2006വരെ അദ്ദേഹം പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന കാലത്തായിരുന്നു ഇതേക്കുറിച്ചുള്ള പഠനം.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടറുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
1944ൽ കൊല്ലം പ്രാക്കുളത്തായിരുന്നു ജനനം. ഭാര്യ: ഡോ.പി.ശ്രീദേവി (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: പരേതനായ അജയ് മോഹൻ ദാൻ. വിപിൻ മോഹൻ ദാൻ (സീനിയർ സയന്റിസ്റ്റ്, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ). മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
'പുഷ്പാംഗദൻ മോഡൽ'
ലോകത്താദ്യമായി ഇക്വിറ്റബിൾ ബെനിഫിറ്റ് ഷെയറിംഗ് മോഡൽ വികസിപ്പിച്ചത് പുഷ്പാംഗദനാണ്. ജൈവവിഭവങ്ങളുടെ പരമ്പരാഗത അറിവ് ഉപയോഗപ്പെടുത്തുകയും അവയെ സംരക്ഷിക്കുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതുമാണിത്. കാണിക്കാരുടെ പാരമ്പര്യ അറിവുകളിൽനിന്ന് അദ്ദേഹം വികസിപ്പിച്ച 'ജീവനി' ഉത്പന്നം ഇതിന് ഉദാഹരണമാണ്. കൺവെൻഷൻ ഒഫ് ബയോളജിക്കൽ ഡൈവേഴ്സിറ്റിയിലെ ഈ ചുവടുവയ്പ്പ് 'പുഷ്പാംഗദൻ മോഡൽ' എന്നാണ് അറിയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |