
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢ് സ്വദേശിയെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമെന്ന് പൊലീസ്. മർദ്ദനമേറ്റ് ചോരതുപ്പി നിലത്തുവീണ രാംനാരായണൻ ഭയ്യാറിനെ ബംഗ്ലാദേശിയാണോയെന്ന് ചോദിച്ച് ആൾക്കൂട്ടം തല്ലിച്ചതച്ചു. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റുചെയ്തു. അട്ടപ്പള്ളം സ്വദേശികളായ കല്ലങ്കാട് വീട്ടിൽ അനു (38), മഹൽകാഡ് വീട്ടിൽ പ്രസാദ് (34), മഹൽകാഡ് വീട്ടിൽ മുരളി (38), കിഴക്കേ അട്ടപ്പള്ളം ആനന്ദൻ (55), വിനീത നിവാസിൽ വിപിൻ (30) എന്നിവരെയാണ് വാളയാർ പൊലീസ് അറസ്റ്റുചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ 103 (2) പ്രകാരമാണ് കേസെടുത്തത്. പിടിയിലായവരെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. 10 പേരെ കസ്റ്റഡിയിലെടുത്തെങ്കിലും അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അട്ടപ്പള്ളം മാതാളികാട് ഭാഗത്തുവച്ച് രാംനാരായണൻ ഭയ്യാറിന് മർദ്ദനമേറ്റത്. തൊഴിലുറപ്പ് തൊഴിലാളികൾ പണിചെയ്തിരുന്ന സ്ഥലത്ത് സംശയാസ്പദമായ രീതിയിൽ രാംനാരായണിനെ കണ്ടെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ മദ്യപിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇയാളെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. എന്നാൽ, കൈയിൽ മോഷണവസ്തുക്കളൊന്നും ഉണ്ടായിരുന്നില്ല. ചോരതുപ്പി കുഴഞ്ഞുവീണ ഇയാളെ മണിക്കൂറുകൾക്കു ശേഷമാണ് പൊലീസെത്തി ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രാംനാരായണന്റെ ഭാര്യയും മക്കളും ഇന്ന് ഛത്തീസ്ഗഢിൽ നിന്ന് പുറപ്പെടും. മൃതദേഹം കൊണ്ടുപോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ലാ പൊലീസ് മേധാവി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
ശരീരത്തിൽ ഗുരുതര പരിക്ക്
രാംനാരായണൻ ഭയ്യാറിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. തലയിലും ശരീരത്തിലുമേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ഇയാളുടെ ശരീരത്തിൽ 40ലധികം മുറിവുകൾ കണ്ടെത്തി. പുറംഭാഗത്തു വടികൊണ്ട് അടിച്ചതിന്റെ പാടുകളുണ്ട്. ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെ അടയാളങ്ങളുമുണ്ട്. തലയിൽ രക്തസ്രാവം ഉണ്ടായെന്ന് പോസ്റ്റുമോർട്ടത്തിന് മുമ്പെടുത്ത എക്സ്‌റേയിൽ വ്യക്തമായിരുന്നു.
കേരളത്തിലെത്തിയത്
നാലുദിവസം മുമ്പ്
രാംനാരായണൻ ഭയ്യാർ മോഷ്ടാവാണെന്ന ആരോപണം അദ്ദേഹത്തിന്റെ കുടുംബം തള്ളി. തൊഴിലന്വേഷിച്ചാണ് നാലുദിവസം മുമ്പ് പാലക്കാട്ടെത്തിയതെന്നും നാട്ടിൽ ഒരുകേസിൽ പോലും പ്രതിയല്ലാത്ത ആളാണെന്നും രാംനാരായണന്റെ ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു. ജോലി ഇഷ്ടപ്പെടാത്തതിനാൽ നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. വഴിതെറ്റി സംഭവസ്ഥലത്ത് എത്തിപ്പെട്ടതാകാം. യാതൊരുവിധ മാനസിക പ്രശ്നങ്ങളുമില്ല. മദ്യപിക്കാറുണ്ടെങ്കിലും ആരുമായും പ്രശ്നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ടെന്നും ശശികാന്ത് ബഗേൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |