
കാലടി: അയ്യമ്പുഴയിൽ 37 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് റാണിനഗർ സ്വദേശി സാഹിദുൽ ഇസ്ലാം (30), വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി മുഹമ്മദ് അൻബർ (30) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും അയ്യമ്പുഴ പൊലീസും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തിച്ച കഞ്ചാവ് അവിടെനിന്ന് ഓട്ടോയിലാണ് അയ്യമ്പുഴയിലെത്തിച്ചത്. അയ്യമ്പുഴ ഒലിവ് മൗണ്ടിൽ വച്ച് സാഹസികമായാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനം കൈകാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പരിശോധന ഒഴിവാക്കാൻ ഊടുവഴികളിലൂടെയായിരുന്നു യാത്ര. ഒഡിഷയിൽനിന്ന് കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 25,000 രൂപയ്ക്ക് വിൽപന നടത്തി തിരികെ ബംഗാളിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. ഒന്നാം പ്രതി സാഹിദുൽ ഇസ്ലാമിനെ ഈ വർഷം 16 കിലോ കഞ്ചാവുമായി കാലടി പൊലീസ് പിടികൂടിയിരുന്നു.
പെരുമ്പാവൂർ എ.എസ്.പി. ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ ടി.കെ. ജോസി, എസ്.ഐ.മാരായ സി.എ. ജോർജ്, ജയചന്ദ്രൻ, എ.എസ്.ഐ.മാരായ പി.എ. അബ്ദുൽ മനാഫ്, പോൾ ജേക്കബ്, സീനിയർ സി.പി.ഒ.മാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്, സെബി, പ്രസാദ്, ദിലീപ് കുമാർ, സന്ദീപ്, അരുൺ ജോൺസൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |