
ശബരിമലയുമായി ബന്ധപ്പെട്ട ഏതൊരു വികസനവും- അത് വിമാനത്താവളമായാലും ശബരി റെയിൽപ്പാത ആയാലും പലവിധ കാരണങ്ങളാൽ നടക്കാതെ വർഷങ്ങളോളം നീണ്ടുപോകുന്നത് നീതീകരിക്കാനാവുന്ന സംഗതിയല്ല. മറ്റേതൊരു സംസ്ഥാനത്തായിരുന്നെങ്കിലും സർക്കാർ ഖജനാവിന് വൻ സാമ്പത്തിക മുതൽക്കൂട്ടാവുന്ന ഈ പദ്ധതികൾ എന്നേ നടപ്പാവുമായിരുന്നു. ശബരിമലയിൽ വിമാനത്താവളം വരുമ്പോഴും എരുമേലിയിൽ വരെ ട്രെയിൻ എത്തുമ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമാവും ഏറ്റവും കൂടുതൽ ജനങ്ങൾ അവിടേക്കെത്തുക. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന തീർത്ഥാടന കേന്ദ്രമായി ശബരിമല മാറും. അതിന്റെ ഫലമായി മലയോര പ്രദേശങ്ങളുടെ സമഗ്ര വികസനം സാദ്ധ്യമാവുകയും, ചെറുപ്പക്കാർക്ക് സ്വന്തം നാട്ടിൽത്തന്നെ വിവിധ തൊഴിലുകൾ ചെയ്ത് ജീവിക്കുവാൻ സാഹചര്യം ഉരുത്തിരിയുകയും ചെയ്യും.
ഇതൊക്കെ എല്ലാവർക്കും അറിയാമെങ്കിലും ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും അക്ഷന്തവ്യമായ വീഴ്ചകളാണ് തുടർച്ചയായി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കുറ്റമറ്റ രീതിയിൽ പദ്ധതികൾ നടപ്പാക്കുകയും ബാഹ്യമായ താത്‌പര്യങ്ങൾക്ക് മുൻഗണന നൽകാതെ ആത്മാർത്ഥതയോടെ മുന്നോട്ടു നീങ്ങുകയും ചെയ്താൽ ഈ പദ്ധതികൾ എന്നേ യാഥാർത്ഥ്യമാകേണ്ടതായിരുന്നു. ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക വിജ്ഞാപനം ഹൈക്കോടതി സിംഗിൾ ബെഞ്ച് അസാധുവാക്കിയിരിക്കുകയാണ്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എരുമേലി മണിമല വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഉൾപ്പെടുന്ന 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി, എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ സർക്കാർ ഏപ്രിൽ 25-ന് പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിന്റെ ഭാഗമായുള്ള അനുബന്ധ റിപ്പോർട്ടുകളും ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
വലിയ വിമാനത്താവളങ്ങൾക്കു പോലും 1200 ഏക്കറിൽ കുറയാതെ ഭൂമി മതിയാകും എന്നിരിക്കെ 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് എന്തിനാണെന്ന് വ്യക്തത വരുത്താൻ സർക്കാരിനായില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്റെ ഉത്തരവ്. ശബരിമല വിമാനത്താവളത്തിനു വേണ്ടി കുറച്ചധികം ഭൂമി ഏറ്റെടുക്കുന്നത് ഒരു തെറ്റല്ല. കാരണം, നൂറുവർഷം മുൻകൂട്ടി കണ്ടാൽ അവിടെ എത്തുന്നവർക്ക് താമസസൗകര്യം ഒരുക്കാൻ തന്നെ ഇത്രയധികം ഭൂമി വേണ്ടിവരും. എന്നാൽ ഇത് കാര്യകാരണ സഹിതം ഉന്നതരായ പ്രമുഖ വിദഗ്ദ്ധർ അടങ്ങുന്ന സമിതിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെടുത്താനുള്ള ബാദ്ധ്യത സർക്കാരിനുള്ളതാണ്. അത് ചെയ്തില്ല. അതിനാൽ ഹൈക്കോടതിയുടെ ഇടപെടൽ പ്രസക്തമാണ്.
കേരളത്തിന്റെ സെക്രട്ടേറിയറ്റിന്, അത് തുടങ്ങുന്ന കാലത്ത് ആവശ്യത്തിലധികം സ്ഥലമുണ്ടായിരുന്നു. ഇന്നാകട്ടെ പുതിയ കെട്ടിടം പോലും പണിയാൻ സ്ഥലമില്ലാതെ വീർപ്പുമുട്ടുന്ന അവസ്ഥയിലാണ്. അന്നത്തെ കാലത്ത് ഭൂമിയുടെ ലഭ്യത ഏറെയും ഏറ്റെടുക്കാനുള്ള തടസങ്ങൾ വളരെ കുറവായിരുന്നു. നമ്മുടെ ഹൈക്കോടതി തന്നെ സ്ഥലപരിമിതി കാരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവരികയാണ്. അതിനാൽ ഒരു പദ്ധതിയുടെ ഭാഗമായി കുറച്ചധികം സ്ഥലം സർക്കാരിന്റെ കൈയിൽ വരുന്നത് ഭാവിയിൽ ഗുണമല്ലാതെ ദോഷമൊന്നും വരുത്തില്ല. ഇത് വേണ്ടവിധത്തിൽ വ്യക്തമാക്കാൻ കഴിയാതെ പോയത് ഭരണ നടപടിയുടെ പരാജയം തന്നെയാണ്. അതുപോലെ, സാമൂഹികാഘാത പഠനം നടത്തിയതിലും പാകപ്പിഴകൾ സംഭവിച്ചു. ഇതൊക്കെ പരിശോധിക്കേണ്ടതും തിരുത്തേണ്ടതുമായ ഭരണഘടനാപരമായ ചുമതലയാണ് ഹൈക്കോടതി നിർവഹിച്ചിരിക്കുന്നത്. അതിനാൽ തെറ്റുകൾ തിരുത്തി, ഏത് സർക്കാർ അധികാരത്തിൽ വന്നാലും ശബരിമല വിമാനത്താവളം സാദ്ധ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |