
കയ്പമംഗലം: ചെന്ത്രാപ്പിന്നി ചാമക്കാല ബീച്ചിൽ ജിപ്‌സി മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ജിപ്‌സി ഓടിച്ചയാൾ അറസ്റ്റിൽ. കൂരിക്കുഴി സ്വദേശി പഴുംപറമ്പിൽ വീട്ടിൽ ഷെജീറിനെതിരെ (36) തൃശൂർ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കുറ്റകരമായ നരഹത്യാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് ചാമക്കാല രാജീവ് റോഡ് ബീച്ചിൽ ജിപ്‌സി മറിഞ്ഞ് ചാമക്കാല പള്ളിത്തറ വീട്ടിൽ ഫൈസലിന്റെ മകൻ സിനാൻ (14) മരിച്ചത്.
കൂട്ടുകാരനുമൊത്ത് കടപ്പുറത്തെത്തിയതായിരുന്നു. ഈ സമയത്ത് ഷെജീർ കടപ്പുറത്ത് ജിപ്‌സി ഓടിക്കുന്നത് കണ്ട് ഇതിൽ കയറിയിരുന്നു. ഓടിക്കുന്നതിനിടെ ജിപ്‌സി പെട്ടെന്ന് നിയന്ത്രണം തെറ്റി മറിഞ്ഞു. തെറിച്ചുവീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങി. ഉടനെ പുറത്തെടുത്ത് ഇതേ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
സിനാന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കയ്പമംഗലം പൊലീസ് പ്രതിയെയും, വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി ഷജീർ പത്തോളം കേസിൽ പ്രതിയാണ്. നടപടികൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ ടി.വി.ഋഷിപ്രസാദ്, ജയകുമാർ, ജി.എസ്.ഐ ജെയ്‌സൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |