
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കുന്നതാണ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ksmart.lsgkerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്.
അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. 35- 60 വയസിന് ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയുള്ളവർക്കാണ് അർഹത.
ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറില്ല. ജയിൽ ശിക്ഷയോ റിമാൻഡോ അനുഭവിക്കുന്ന കാലയളവിൽ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി പണം കൈപ്പറ്റിയാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കും.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ: ജനന സർട്ടിഫിക്കറ്റ്/ സ്കൂൾ സർട്ടിഫിക്കറ്റ്/ ലൈസൻസ്/ പാസ്പോർട്ട്. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാം. അക്കൗണ്ട് നമ്പർ,ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |