
ഹൈദരാബാദ്: നിയന്ത്രണം വിട്ട ട്രക്ക് കടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട് പെൺകുട്ടി. തെലങ്കാനയിലെ വികരാബാദിലാണ് അമ്പരപ്പിക്കുന്ന സംഭവം. ദൃസാക്ഷികൾ മരിച്ചെന്ന് വിധിയെഴുതിയ പെൺകുട്ടി ഒരു പോറൽ പോലും ഏൽക്കാതെയാണ് രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
റോഡരികിലെ കടയ്ക്ക് മുൻപിൽ എന്തോ വാങ്ങാനായി കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം അമിതവേഗതയിൽ എത്തിയ ലോറി നിയന്ത്രണം വിട്ട് പെൺകുട്ടി നിൽക്കുന്ന ഭാഗത്തേക്ക് മറിഞ്ഞു. ലോറി കടയുടെ മതിലിലേക്ക് ഇടിച്ചു കയറുകയും ആഘാതത്തിൽ മതിൽ പെൺകുട്ടിയുടെ മേലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.
അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. മതിൽ പെൺകുട്ടിയുടെ ശരീരത്തിലേക്ക് വീഴുന്നത് കണ്ട് പരിഭ്രാന്തരായ നാട്ടുകാർ ഉടൻ തന്നെ ഓടിയെത്തി. മതിലിനടിയിൽ പെട്ടുപോയ കുട്ടിയെ സെക്കൻഡുകൾക്കുള്ളിൽ തന്നെ ഒരാൾ പുറത്തെടുത്തു. എല്ലാവരെയും അത്ഭുതപ്പെടുത്തി യാതൊരു പരിക്കുകളുമില്ലാതെയാണ് കുട്ടി രക്ഷപ്പെട്ടത്.
വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ ഉപയോക്തക്കൾ രംഗത്തെത്തി. ജനത്തിരക്കുള്ള പ്രദേശത്ത് അമിതഭാരം കയറ്റിയ ട്രക്കിന് പ്രവേശനം നൽകിയ ട്രാഫിക് പൊലീസിനെതിരെയും, അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്കെതിരെയും നടപടി വേണമെന്ന് ആവശ്യമുയർന്നു. പെൺകുട്ടിയുടെ ജീവൻ തിരിച്ചു കിട്ടിയത് ഈ വർഷത്തെ ഏറ്റവും വലിയ അത്ഭുതമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |