
കഴിഞ്ഞ കുറച്ച് കാലമായി രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ചർച്ചയാകുന്നുണ്ട്. ഇതുണ്ടാക്കുന്ന അപകടങ്ങൾ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞുകഴിഞ്ഞു. നഗരം മുഴുവൻ മൂടൽമഞ്ഞുപോലെ മൂടിയിരിക്കുകയാണ്. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്കെത്തിയിരിക്കുന്നു. ദിനംപ്രതി ഇതനുഭവിക്കുന്ന ജനങ്ങളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളുള്ളവർ കഴിവതും ഡൽഹിയിൽ നിന്ന് താമസം മാറാനാണ് ഡോക്‌ടർമാർ പോലും നിർദേശിക്കുന്നത്.
ശ്വാസകോശം മുതൽ ഹൃദയത്തിന്റെ ആരോഗ്യം വരെ മോശമാകാൻ സാദ്ധ്യതയുണ്ട്. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു പഠനത്തിൽ പറഞ്ഞിരിക്കുന്നത് ഇതിനപ്പുറം ആഘാതങ്ങൾ ഉണ്ടാക്കുമെന്നാണ്. പ്രത്യേകിച്ച് സ്‌ത്രീകളിൽ അതികഠിനമായ ആർത്തവ വേദനയ്‌ക്ക് ഈ മലിനീകരണം കാരണമാകും. ആർത്തവ വേദനയും വായുമലിനീകരണവും ബന്ധിപ്പിച്ചിട്ടുള്ള ഈ പഠനത്തെക്കുറിച്ച് വിശദമായറിയാം.
പഠനം
ഫ്രോണ്ടിയേഴ്‌സ് ഇൻ പബ്ലിക് ഹെൽത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മലിനമായ വായുവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ഡിസ്‌മെനോറിയയുടെ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദന, ഛർദി, കാലുവേദന തുടങ്ങിയ പ്രശ്‌നങ്ങളെയാണ് ഡിസ്‌മെനോറിയ എന്ന് പറയുന്നത്. 13 വർഷത്തെ നിരീക്ഷണത്തിന് ശേഷമാണ് പഠനത്തിന്റെ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
16നും 55നും ഇടയിൽ പ്രായമുള്ള 2,96,000 പെൺകുട്ടികളിലും സ്‌ത്രീകളിലുമാണ് പഠനം നടത്തിയത്. നൈട്രജൻ ഓക്സൈഡുകൾ, കാർബൺ മോണോക്സൈഡ്, പിഎം 2.5 എന്നറിയപ്പെടുന്ന സൂക്ഷ്മ കണികകൾ എന്നിവയുൾപ്പെടെ ഉയർന്ന അളവിൽ വായു മലിനീകരണമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ശുദ്ധമായ അന്തരീക്ഷത്തിൽ താമസിക്കുന്നവരെ അപേക്ഷിച്ച് ഡിസ്‌മെനോറിയ ഉണ്ടാകാനുള്ള സാദ്ധ്യത 33 ശതമാനം വരെ കൂടുതലാണെന്ന് കണ്ടെത്തി. മാത്രമല്ല, പഠനകാലയളവിൽ 4.2 ശതമാനം പേരിൽ ആദ്യമായി ഡിസ്‌മെനോറിയ കണ്ടെത്തുകയും ചെയ്‌തതായി പഠനത്തിന് മേൽനോട്ടം നൽകിയ പ്രൊഫസർ സു പറഞ്ഞു.
പെൺകുട്ടികൾ, ദരിദ്ര സാഹചര്യത്തിൽ ജീവിക്കുന്ന സ്‌ത്രീകൾ, ഉയർന്ന നഗരവൽക്കരണമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവർ എന്നിവർക്കെല്ലാം ഡിസ്‌മെനോറിയ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.

മുൻ പഠനങ്ങൾ
ഇതിന് മുമ്പും ആർത്തവ വേദനയും വായു ഗുണനിലവാരവും ബന്ധപ്പെടുത്തിയുള്ള പഠനങ്ങൾ നടന്നിട്ടുണ്ട്. കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് ക്രമരഹിതമായ ആർത്തവം ഉണ്ടാകാനും വായുമലിനീകരണം കാരണമാകുമെന്ന് 2018ലെ ഒരു പഠനത്തിൽ കണ്ടെത്തി. ദൈർഘ്യമേറിയ ആർത്തവചക്രങ്ങൾ, മാനസിക സമ്മർദം വർദ്ധിക്കുക, പ്രത്യുൽപ്പാദന പ്രശ്‌നങ്ങൾ എന്നിവയ്‌ക്കെല്ലാം വായു മലിനീകരണം കാരണമാകുമെന്ന് മറ്റ് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദീർഘകാലം മലിനവായു ശ്വസിക്കുന്നത് വന്ധ്യത, മെറ്റബോളിക് സിൻഡ്രം, പോളിസിസ്റ്റിക് ഓവറി സിൻഡ്രം എന്നിവയ്‌ക്കും കാരണമാകുന്നു.
യഥാർത്ഥത്തിൽ സംഭവിക്കുന്നത്
ശ്വസിക്കുമ്പോൾ മൂക്കിലൂടെ ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് പൊടി പോലുള്ള വിഷ കണികകൾ തുളച്ചുകയറുന്നു. ഇവ രക്തത്തിൽ കലരുകയും ശരീരത്തിൽ വിട്ടുമാറാത്ത പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെട്ടു. സ്‌ത്രീകളിൽ ഹോർമോണൽ പ്രശ്‌നങ്ങളും വേദന സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ആർത്തവ സമയം ആരോഗ്യപ്രശ്‌നങ്ങൾ വഷളാകുന്നതിലേക്ക് നയിക്കുന്നു.
പ്രതിരോധ മാർഗങ്ങൾ
അപകടങ്ങൾ വരുന്നതിന് മുമ്പ് തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ സ്‌ത്രീകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉയർന്ന മലിനീകരണമുള്ള ദിവസങ്ങളിൽ പുറത്തിറങ്ങാതിരിക്കുക. പ്രത്യേകിച്ച് അതിരാവിലെയും വൈകിട്ടും പുറത്തിറങ്ങുന്നത് ഒഴിവാക്കുക. വായു ഗുണനിലവാരം കണ്ടെത്താൻ സഹായിക്കുന്ന ആപ്പുകൾ ഉപയോഗിക്കുക.
പുറത്തിറങ്ങുമ്പോൾ എൻ95 മാസ്‌ക് വയ്‌ക്കാൻ മറക്കരുത്. മലിനീകരണ തോത് ഉയരുമ്പോൾ വ്യായാമം വീട്ടിനുള്ളിൽ ചെയ്യുക. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. സമീകൃതാഹാരം കഴിച്ചിട്ടും ആർത്തവ വേദന വഷളാകുന്നതായി തോന്നിയാൽ ഉടൻതന്നെ ഡോക്‌ടറെ സമീപിക്കുക. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. ശരിയായി ഉറങ്ങുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |