
ക്രിമിനൽ നിയമസംവിധാനത്തിൽ വിചാരണ കോടതികളുടെ ശിക്ഷാവിധിക്കുള്ള അധികാരപരിധി എവിടെ അവസാനിക്കുന്നു? ഭരണഘടനാപരമായ സവിശേഷ അധികാരങ്ങൾ ആർക്കൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരമാണ് 2025 ഡിസംബർ 18-ന് 'കിരൺ വേഴ്സസ് സ്റ്റേറ്റ് ഒഫ് കർണാടക" എന്ന കേസിൽ സുപ്രീം കോടതി നൽകിയിരിക്കുന്നത്. ശിക്ഷാവിധിയിലെ 'അതിരുകടന്ന കടന്നുകയറ്റങ്ങളെ" തിരുത്തിക്കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഈ വിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ നിർണായകമാണ്.
ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിചാരണ കോടതിയുടെ നടപടി തള്ളി. കോടതി മുന്നോട്ടുവച്ച പ്രധാന കാര്യങ്ങൾ ഇനി പറയുന്നവയാണ്:
സെഷൻസ് കോടതികളുടെ പരിധി: വിചാരണ കോടതികൾ നിയമനിർമ്മാണ സഭ (Parliament) നിശ്ചയിച്ചിട്ടുള്ള ചട്ടക്കൂടിനുള്ളിൽ നിന്നുവേണം ശിക്ഷ വിധിക്കാൻ. ക്രിമിനൽ നടപടിക്രമം (സിആർ.പി.സി, ബി.എൻ.എസ്.എസ്) അനുസരിച്ച് ശിക്ഷ വിധിക്കാനുള്ള അധികാരം മാത്രമേ അവർക്കുള്ളൂ. ശിക്ഷാ ഇളവ് നൽകാനുള്ള എക്സിക്യുട്ടീവ് അധികാരത്തെ മുൻകൂട്ടി തടയാൻ സെഷൻസ് കോടതികൾക്ക് കഴിയില്ല.
ജീവപര്യന്തം എന്നതിന്റെ അർത്ഥം: നിയമപരമായി ജീവപര്യന്തം തടവ് എന്നാൽ അത്, ശിക്ഷിക്കപ്പെട്ടയാളുടെ സ്വാഭാവിക മരണം വരെയാണ്. എന്നാൽ, ഇത് ഭരണഘടനയുടെ 72, 161 അനുച്ഛേദങ്ങൾ പ്രകാരം രാഷ്ട്രപതിക്കോ ഗവർണർക്കോ അല്ലെങ്കിൽ ക്രിമിനൽ നടപടിക്രമം 432-ാം വകുപ്പ് പ്രകാരം സർക്കാരിനോ ഇളവ് ചെയ്യാവുന്നതാണ്. ഈ ഇളവ് ലഭിക്കാനുള്ള പ്രതിയുടെ അവകാശത്തെ ഇല്ലാതാക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ല.
സവിശേഷ അധികാരം ഭരണഘടനാ കോടതികൾക്ക്: അസാധാരണമായ കേസുകളിൽ (മരണശിക്ഷ നൽകേണ്ടതില്ലാത്തതും, എന്നാൽ അതീവ ഗുരുതരവുമായ കുറ്റകൃത്യങ്ങൾ) ഇളവില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിക്കാനുള്ള അധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും (Constitutional Courts) മാത്രമാണുള്ളത്. സ്വാമി ശ്രദ്ധാനന്ദ കേസ്, വി. ശ്രീകരൻ കേസ് എന്നിവയിലെ വിധികൾ ഉദ്ധരിച്ചുകൊണ്ട് കോടതി ഇക്കാര്യം വ്യക്തമാക്കി.
അധികാര വിഭജനം: നീതിന്യായ വിഭാഗവും എക്സിക്യുട്ടീവ് വിഭാഗവും തമ്മിലുള്ള അധികാര പരിധി ഈ വിധി വ്യക്തമാക്കുന്നു.
ശിക്ഷയിലെ ഏകീകൃത സ്വഭാവം: ഓരോ ജഡ്ജിയും സ്വന്തം ഇഷ്ടപ്രകാരം ശിക്ഷാ കാലാവധി നിശ്ചയിക്കുന്നത് തടയാൻ ഇത് സഹായിക്കും.
മാനവികതയും പരിഷ്കരണവും: തടവുകാരന്റെ നന്മയും മാറ്റവും പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകാനുള്ള നിയമപരമായ സാദ്ധ്യതകൾ നിലനിറുത്തുന്നതു വഴി ശിക്ഷാ നടപടികളിലെ പരിഷ്കരണ ലക്ഷ്യം (Reformative theory) സംരക്ഷിക്കപ്പെടുന്നു.
ശിക്ഷ വിധിക്കുന്നതിലും നടപ്പിലാക്കുന്നതിലും വിവേചനബുദ്ധി ആവശ്യമാണെങ്കിലും, അത് നിയമം അനുശാസിക്കുന്ന പരിധിക്കുള്ളിലായിരിക്കണം. വിചാരണ കോടതികൾ തങ്ങൾക്കില്ലാത്ത അധികാരം പ്രയോഗിക്കുന്നത് നീതിനിർവഹണത്തെ ദോഷകരമായി ബാധിക്കും. 'കിരൺ വേഴ്സസ് സ്റ്റേറ്റ് ഒഫ് കർണാടക" വിധിയിലൂടെ സുപ്രീം കോടതി ഈ സന്തുലിതാവസ്ഥ വീണ്ടെടുത്തിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |