
കണ്ണൂർ: ബി ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ട് ലൈസൻസ് അനുവദിച്ചുകിട്ടാൻ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് മഞ്ജിമ പി.രാജു (48) അറസ്റ്റിൽ.
കണ്ണൂർ പാനൂർ സ്വദേശിനി മഞ്ജിമയെ കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റുചെയ്‌തത്. ഇന്നലെ രാവിലെ 6.15ന് തിരുവനന്തപുരത്ത് നിന്നുള്ള മലബാർ എക്സ്പ്രസിൽ തലശേരി സ്റ്റേഷനിലിറങ്ങി കൈക്കൂലി വാങ്ങവേയാണ് പിടികൂടിയത്. പ്രതിയെ തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പറശിനിക്കടവ് സ്വദേശിനിയിൽ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തു നിന്നും പാനൂരിലുള്ള വീട്ടിൽ വരുന്നതിനായി തലശേരി റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഉദ്യോഗസ്ഥ 6000 രൂപയാണ് വാങ്ങിയത്. ഓൺലൈൻ വഴി നൽകിയ അപേക്ഷയിലായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. നാട്ടിൽ വരുമ്പോൾ പണം മതിയെന്നും തലശേരി റെയിൽവേ സ്റ്റേഷനിലെത്താനുമായിരുന്നു ഉദ്യോഗസ്ഥ ആവശ്യപ്പെട്ടത്. രഹസ്യ വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥ വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.കണ്ണൂർ യൂണിറ്റ് വിജിലൻസ് എസ്.എമാരായ പ്രവീൺ,നിജേഷ്,ബാബു,എ.എസ്.ഐമാരായ ജയശ്രീ,ശ്രീജിത്ത്,സജിത്ത്,രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഇക്കൊല്ലം പിടിയിലായത്
75 കൈക്കൂലിക്കാർ
ഇക്കൊല്ലം വിജിലൻസ് നടത്തിയ 56 ട്രാപ്പ് ഓപ്പറേഷനുകളിൽ പിടിയിലായത് ഉദ്യോഗസ്ഥരും ഇടനിലക്കാരുമടക്കം 75 പേർ. പ്രതിവർഷ ട്രാപ്പ് ഓപ്പറേഷനുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. പരാതിക്കാരുടെ സഹകരണത്തോടെയാണ് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടാൻ ട്രാപ്പ് ഓപ്പറേഷൻ നടത്തുന്നത്. സർക്കാർ വകുപ്പുകളിൽ റവന്യു-19, തദ്ദേശം-12, പൊലീസ്-6, വിദ്യാഭ്യാസം, കെ.എസ്.ഇ.ബി- 3 വീതം എന്നിവയാണ് മുന്നിൽ. മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്ന ട്രാപ്പ് ഓപ്പറേഷനുകളുമായി മുന്നോട്ടു പോവുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |