
ചാരുംമൂട്: വൃത്തിയാക്കിയിട്ട് മൂന്ന് വർഷമായതോടെ കാട് വളർന്ന് നിറഞ്ഞ് കല്ലട ജലസേചന പദ്ധതി(കെ.ഐ.പി) കനാൽ. പത്തനംതിട്ട- ആലപ്പുഴ ജില്ലകളിൽ കൂടി കടന്നുപോകുന്ന പ്രധാന കനാലിൽ പാഴ്മരങ്ങൾ തഴച്ചു വളർന്നിരിക്കുകയാണ്. ഇതോടെ കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും വാസകേന്ദ്രമായും കനാൽ മാറി. പ്രദേശത്ത് വരൾച്ച രൂക്ഷമാകുമ്പോൾ ആശ്വാസമാകുന്നത് കെ.ഐ.പി കനാൽ തുറന്നുവിടുമ്പോഴെത്തുന്ന വെള്ളമാണ്. എന്നാൽ മാലിന്യം നിറഞ്ഞ കനാൽ ഇപ്പോൾ പുറത്തുനിന്നു നോക്കിയാൽ കാണാൻ കഴിയാത്തവിധം കാട് മൂടി.
വേനൽ കടുക്കുന്നതോടെ എല്ലാ വർഷവും ജനുവരി ആദ്യവാരം കനാൽ തുറക്കുന്നതിന് മുന്നോടിയായി കനാൽ വൃത്തിയാക്കാൻ അതാത് സ്ഥലത്തെ പഞ്ചായത്തുകൾക്ക് ഇറിഗേഷൻ അധികാരികൾ കത്ത് നൽകുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി അവരവരുടെ അതിർത്തിവഴി കടന്നുപോകുന്ന കനാൽ ഭാഗങ്ങൾ വൃത്തിയാക്കി വന്നിരുന്നതാണ് എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ഇത് മുടങ്ങിയതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.
വ്യത്തിയാക്കിയിട്ട് മൂന്ന് വർഷം
1. കാടുമൂടിയ കനാൽ മാർഗ്ഗം കാട്ടുമൃഗങ്ങൾ നാട്ടിലെത്തുന്നു
2. കാട്ടുപന്നികൾ വൻതോതിലാണ് പ്രദേശത്ത് കൃഷിനാശമുണ്ടാക്കുന്നത്
3. പാലമേൽ, നൂറനാട് താമരക്കുളം പഞ്ചായത്തുകളിലാണ് കാട്ടുപന്നിശല്യം
4. കനാലിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ വലിയ മാലിന്യക്കൂമ്പാരങ്ങളുണ്ട്
കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നു വിട്ടാൽ ഒഴുക്ക് പല ഭാഗത്തും തടസ്സപ്പെടും. മാലിന്യങ്ങൾ പാഴ്മരങ്ങളിൽ തങ്ങിനിൽക്കും. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും
- കെ.സുധീന്ദ്രകുമാർ, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |