
കണ്ണൂർ: റീൽസ് ചിത്രീകരിക്കാനായി ചുവന്ന ലൈറ്റടിച്ച് ട്രെയിൻ നിറുത്തിച്ച രണ്ട് പ്ലസ്ടു വിദ്യാർത്ഥികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 1.50ന് തലശേരിക്കും മാഹിക്കുമിടയിലെ കുയ്യാലി ഗേറ്റിലാണ് സംഭവം. റെഡ് സിഗ്നൽ കണ്ടതിനെ തുടർന്ന് എറണാകുളം-പൂനെ എക്സ്പ്രസ് നിറുത്തകയായിരുന്നു. 19മിനിറ്റ് കഴിഞ്ഞാണ് യാത്ര പുനരാരംഭിക്കാൻ കഴിഞ്ഞത്.
റെയിൽവേ ട്രാക്കിന് സമീപത്ത് ഇൻസ്റ്റഗ്രാം റീൽസിനായി വിദ്യാർത്ഥികൾ ചുവന്ന നിറത്തിലുള്ള ലൈറ്റടിക്കുകയായിരുന്നു. അപകട സൂചന നൽകുന്നതാണെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെയിൻ നിറുത്തി. പുറത്തിറങ്ങി പരിശോധിച്ച ലോക്കോ പൈലറ്റ് വിവരം ആർ.പി.എഫിനെയും റെയിൽവേ പൊലീസിനെയും അറിയിച്ചു. പാണൂരിനടുത്ത് പാറാട് സ്വദേശികളായ വിദ്യാർത്ഥികളെ ആർ.പി.എഫ് പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീൽസ് ചിത്രീകരണമായിരുന്നു ഉദ്ദേശ്യമെന്ന് മനസ്സിലായത്. റെയിൽവേ ഉദ്യോഗസ്ഥൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ശേഷം വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.
സോഷ്യൽ മീഡിയ കണ്ടന്റിനുവേണ്ടി അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന പ്രവണത യുവതലമുറയിൽ വർദ്ധിച്ചുവരികയാണെന്നും
ഇത്തരം പ്രവർത്തനങ്ങൾ യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതിനാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |