
സന്തോഷത്തോടെ, പ്രതീക്ഷയോടെ, ഉത്സാഹത്തോടെ നമ്മൾ പുതിയൊരു വർഷത്തെ വരവേൽക്കുകയാണ്. പിന്നിട്ട വർഷം യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞതായിരുന്നു. കുറേക്കൂടി ശാന്തിപൂർണമായ, സന്തോഷപൂർണമായ, ഐശ്വര്യപൂർണമായ പുതുവർഷമാകട്ടെ നമ്മളെ കാത്തിരിക്കുന്നത്. കാലത്തിന്റെ അനന്തമായ രാജപാതയിലെ നാഴികക്കല്ലുകളാണ് ഓരോ പുതുവർഷപ്പിറവിയും. ആ പ്രാധാന്യം ഉൾക്കൊണ്ട് ശുഭാപ്തിവിശ്വാസത്തോടെ, ജാഗ്രതയോടെ നമുക്ക് പുതിയ വർഷത്തിലേക്ക് പ്രവേശിക്കാം.
കാലം മാറിവരുമ്പോൾ മാറ്റങ്ങൾ സംഭവിക്കും. മാറ്റമാണല്ലോ പ്രകൃതിയുടെ മാറാനിയമം. എന്നാൽ നമ്മുടെ ഭാഗത്തു നിന്ന് വിവേകപൂർണമായ പ്രയത്നമുണ്ടെങ്കിൽ പുതുവർഷത്തിലെ മാറ്റങ്ങൾ വലിയൊരളവോളം നല്ല മാറ്റങ്ങളാക്കാൻ സാധിക്കും. മഹത്തായ ഒരു ലക്ഷ്യമുണ്ടാകുമ്പോഴാണ് ജീവിതം അർത്ഥപൂർണമാകുന്നത്. അതിനാൽ ശ്രേഷ്ഠമായ ഒരു ലക്ഷ്യം സ്വീകരിച്ച് വിവേകവും കാരുണ്യവും കൈമുതലാക്കി ഉത്സാഹത്തോടെ ജീവിതപ്പാതയിൽ യാത്ര തുടരണം.
ലോകത്ത് വളരെയധികം പേർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടിലാണ്. സുഖങ്ങൾക്കു പിന്നാലെയാണ് മറ്റു ചിലർ. സുഖമെന്ന മരീചികയാകട്ടെ അകന്നകന്നു പോകുന്നു. വാസ്തവത്തിൽ നമ്മുടെ സന്തോഷത്തിന്റെ സ്രഷ്ടാക്കൾ നമ്മൾ തന്നെയാണ്. അതിനുള്ള ഒരു എളുപ്പവഴിയാണ് കൊച്ചുകൊച്ച് കാരുണ്യ പ്രവൃത്തികൾ. ചെറിയ സഹായങ്ങൾ മറ്റുള്ളവർക്കായി ചെയ്യുന്ന ഓരോ ദിവസവും മനുഷ്യർ വലിയ മാനസിക സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നതായി ഗവേഷണപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആ മാർഗത്തിൽ ചരിക്കാൻ നമുക്കും ഒരു ശ്രമം നടത്താം.
പുതുവത്സരപ്പിറവി മിക്കവരും പുതിയ തീരുമാനങ്ങളും പ്രതിജ്ഞകളും എടുക്കുന്ന അവസരമാണ്. യാഥാർത്ഥ്യ ബോധത്തോടെയുള്ള തീരുമാനങ്ങളാണ് ആവശ്യം. ചെറിയ വീഴ്ചകൾ കാര്യമാക്കാതെ നമ്മുടെ തീരുമാനത്തിൽ ക്ഷമാപൂർവം മുന്നോട്ടു പോകണം. ബുദ്ധിപൂർവമായ പ്രയത്നത്തിലൂടെ നേടാൻ കഴിയാത്തതായി ഒന്നുമില്ല. ക്രിയാത്മക ചിന്തകളും ശുഭാപ്തി വിശ്വാസവും ചിട്ടയോടെയുള്ള പ്രയത്നവും അത്ഭുതങ്ങൾ തന്നെ സൃഷ്ടിക്കും.
ദുശ്ശീലങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നവർ നല്ല ശീലങ്ങൾക്ക് തുടക്കമിടുകയാണ് വേണ്ടത്. ജീവിതത്തിന് ദിശാബോധം നൽകുന്നത് നല്ല ശീലങ്ങളാണ്. അത് ജീവിതത്തിൽ ലക്ഷ്യബോധവും കാര്യക്ഷമതയും കൊണ്ടുവരും. ചീത്ത ശീലങ്ങളിൽ അകപ്പെടാതിരിക്കാൻ അവ സഹായിക്കുകയും ചെയ്യും. ലോക ചരിത്രം പരിശോധിച്ചാൽ മഹത്തായ നേട്ടങ്ങൾ കൈവരിച്ച മിക്കവാറും എല്ലാവരുംതന്നെ ജീവിതത്തിൽ ചിട്ടകളും ശീലങ്ങളും പിന്തുടർന്നവരാണ് എന്നു കാണാൻ കഴിയും. ജീവിതം എന്ന സാമ്രാജ്യത്തിന് ഭദ്രത പകരുന്ന കോട്ടകളാണ് നല്ല ശീലങ്ങൾ. പ്രഭാതനേരം ധ്യാനം, ജപം തുടങ്ങി നല്ല ചിട്ടകൾക്കായി ചെലവഴിക്കാൻ കഴിഞ്ഞാൽ അന്നത്തെ ദിവസം മാത്രമല്ല, ജീവിതം തന്നെയും ശാന്തവും ഉത്സാഹഭരിതവും ആയിത്തീരും.
തുടർന്ന് അച്ചടക്കത്തോടെ, ലക്ഷ്യബോധത്തോടെ കർത്തവ്യങ്ങളിൽ മുഴുകാം. സന്തോഷം, ശാന്തി, സ്‌നേഹം, ക്ഷേമം, ഐശ്വര്യം തുടങ്ങി ഭൗതികവും ആത്മീയവുമായ എല്ലാ നന്മകളെയും വർഷിക്കുന്ന വർണമനോഹരമായ ഒരു പുതുവത്സരം പിറക്കട്ടെ. മനസ് ഭയവും ആധിയും വെറുപ്പും വിദ്വേഷവും വിട്ടൊഴിഞ്ഞ് പ്രശാന്തമാവട്ടെ. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സുഗന്ധം പരത്തുന്ന കർമ്മങ്ങൾകൊണ്ട് വരുംവർഷം മുഴുവൻ ധന്യമായിത്തീരട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |