
പാലക്കാട് എൻ.എം.ആർ റസ്റ്റോറന്റുകളിലെ ഭക്ഷണത്തിന്റെ രുചിരഹസ്യമെന്താണെന്നു ചോദിച്ചാൽ ഉടമ എൻ. അബ്ദുൾ റസാക്കിന്റെ ഒറ്റവാക്കിലുള്ള ഉത്തരം ഉടൻ-അമ്മ റാണിയമ്മയുടെ കൈപ്പുണ്യം. രുചികളുടെ രസക്കൂട്ടൊരുക്കാനുള്ള അമ്മയുടെ 'പൊടി"ക്കൈകൾ കേരളവും മറുനാടുകളും കീഴടക്കിയിട്ട് 15 വർഷം പിന്നിടുന്നു. ഓരോ മസാലക്കൂട്ടിലും മാതൃത്വത്തിന്റെ തനിമകൾ ഓളമിടുന്നു. കൃത്രിമത്വമില്ലാത്ത രുചിരസങ്ങളുമായി തനിനാടനും മറുനാടനുമെല്ലാം ചട്ടുകത്താളത്തിൽ ചട്ടിയിലും ചെമ്പിലും ഇളകിമറിയുമ്പോൾ ഹോട്ടലിൽ സന്ദർശകരുടെ വേലിയേറ്റം. ഒരിക്കലെത്തിയാൽ പതിവുകാരാകും.
പിതാവ് നൂർ മുഹമ്മദ് റാവുത്തറുടെ പേരിലുള്ള ഹോട്ടൽ ശൃംഖലയിൽ പുതുമകളും പഴമകളും മാത്രമല്ല, പലർക്കുമില്ലാത്ത മനസും ആശയങ്ങളുമെല്ലാം തോളോടുതോൾ ചേരുന്നു. തമിഴ്നാട്ടിൽ വേരുകളുള്ള റാവുത്തർ കുടുംബത്തിന്റെ ബിരിയാണിയടക്കമുള്ള വിഭവങ്ങൾ തേടി വിദേശികളടക്കം എത്തുന്നു. മോഹിക്കുന്നതിനും അപ്പുറമുള്ള വിഭവങ്ങൾ ഇവിടെയുണ്ട്. അറബിക്, മുഗൾ, പേർഷ്യൻ, കോണ്ടിനെന്റൽ മേഖലയിലെ സകല താരങ്ങളും പാലക്കാട്ടെ ഈ രുചിക്കോട്ടയിൽ കാത്തിരിക്കുന്നു.
ഹരിക്കാര സ്ട്രീറ്റിലെ എൻ.എം.ആർ ബിരിയാണി ഹൗസ്, സ്റ്റേഡിയത്തിനു സമീപത്തെ എൻ.എം.ആർ ഫാമിലി റസ്റ്റോറന്റ്, ചന്ദ്രനഗറിലെ എൻ.എം.ആർ അപ്ടൗൺ ഫൈൻ ഡൈൻ റസ്റ്റോറന്റ്, കാഴ്ചപ്പറമ്പിലെ എൻ.എം.ആർ ക്രോസ് റോഡ്സ്, ലുലു മാളിലെ എൻ.എം.ആർ അപ്ടൗൺ ഈറ്റ്സ്, കാലിക്കറ്റ് ബൈപാസ് റോഡിൽ ഡി.എച്ച്.എൻ റസ്റ്റോറന്റ് എന്നിവയും രാജകീയ വിരുന്നുകൾക്കുള്ള വിപുലമായ കാറ്ററിംഗ് യൂണിറ്റും ഉൾപ്പെടുന്ന ശൃംഖല കൂടുതൽ മേഖലകളിലേക്ക് വളരുകയാണ്. കഫേയും കൺവൻഷൻ സെന്ററുമാണ് ഉടൻ തുടങ്ങുന്ന പദ്ധതികൾ. കോയമ്പത്തൂരിലും, ദുബായിലും റസ്റ്ററന്റുകൾ ആരംഭിക്കും.
റാവുത്തർ ബിരിയാണിയടക്കം അമ്മ തയ്യാറാക്കുന്ന വിഭവങ്ങൾ എല്ലാ വിശേഷദിവസങ്ങളിലും ബന്ധുക്കളുടെ വീടുകളിൽ എത്തുമായിരുന്നു. സകലരുടെയും മനസ് കീഴടക്കി. മറ്റു ബിരിയാണികളേക്കാൾ തീർത്തും വ്യത്യസ്തമാണ് റാവുത്തർ ബിരിയാണി. ഒരു കച്ചവടം തുടങ്ങുന്നതിനെക്കുറിച്ച് വീട്ടിൽ ആലോചന തുടങ്ങിയപ്പോൾ, ഹോട്ടൽ എന്ന ആശയം മുന്നോട്ടുവച്ചത് റസാക്ക് ആയിരുന്നു. അമ്മയുടെ രുചിക്കൂട്ടുകൾ നാട്ടുകാർ രണ്ടുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. മൂന്നു സഹോദരന്മാരും പിന്തുണച്ചു. അങ്ങനെ, ആൺമക്കൾ മാത്രമുള്ള കുടുംബം കൈകോർത്തു തുടങ്ങിയ സംരംഭം ജൈത്രയാത്ര ആരംഭിച്ചു. ഹരിക്കാര സ്ട്രീറ്റിലാണ് ആദ്യ സ്ഥാപനം തുടങ്ങിയത്.
ബിരിയാണിയിൽ നിന്ന് രുചിരസങ്ങളുടെ പടവുകൾ കയറി രുചിക്കോട്ടയുടെ ചാന്ദ്രശോഭയാകാൻ എൻ.എം.ആറിന് കഴിഞ്ഞു. ചന്ദ്രനഗറിലെ എൻ.എം.ആർ അപ്ടൗൺ ഫൈൻ ഡൈൻ റസ്റ്റോറന്റിലെ വൈവിദ്ധ്യങ്ങൾ പഞ്ചനക്ഷത്ര ശോഭയോടെ എല്ലാ വിഭാഗക്കാരെയും ആകർഷിക്കുന്നു. ഇവിടെ കിട്ടാത്ത വിഭവങ്ങളില്ല. നാടൻ മീൻ കറിയും പൊരിച്ചതും കൂട്ടിയുള്ള ഊണോ, പച്ചക്കറി സദ്യയോ വേണമെങ്കിൽ അതും തയ്യാർ. എല്ലാ പ്രായക്കാരുടെയും അഭിരുചികൾ മുന്നിൽ കാണുന്നതിനാൽ കലവറയിൽ വൈവിദ്ധ്യങ്ങളുടെ പൂരം
ബിരിയാണിയുടെ മസാലക്കൂട്ട് തയ്യാറാക്കുന്നത് ഇന്നും അമ്മയുടെ നേതൃത്വത്തിലാണ്.
കേരളത്തിലെ ബിരിയാണികളിൽ മസാല വേറിട്ടുനിൽക്കുമെങ്കിൽ റാവുത്തർ ബിരിയാണിയിൽ മറിച്ചാണ്. ഓരോ അരിമണിയിലും ലയിച്ചുചേർന്ന മസാലക്കൂട്ടാണ് ദം ബിരിയാണിയുടെ പ്രത്യേകത. മസാലയുടെ കുത്തലോ, നെയ്യിന്റെ അതിപ്രസരമോ ഇല്ല. പ്രായാധിക്യമില്ലാത്ത കോഴിയോ ആടോ ബീഫോ ആണ് ബിരിയാണിയിലെ താരങ്ങൾ. പാകത്തിനു വെന്തുചേർന്ന് ഇതിനു മുകളിൽ തലയെടുപ്പോടെ ഒരു മുട്ടയും. അകമ്പടിയായി സ്പെഷ്യൽ നാരങ്ങ അച്ചാർ, സാലഡ്. രുചിയിലും അളവിലും വിട്ടുവീഴ്ചയില്ല. ഇതിനു പിന്നാലെ ഒരു സുലൈമാനി കൂടി ചെന്നാൽ ബഹുകേമമെന്ന് ആരാധകർ.
ബിരിയാണികളുടെ നാടാണ് തമിഴ്നാടെന്ന് റസാക്ക് പറയുന്നു. കേരളത്തിലെ ബിരിയാണിയുടെ ഇരട്ടിയിലേറെ കൂട്ടുകൾ ഇവയിലുണ്ടാകും. ഓരോ മേഖലയിലും രുചിക്കൂട്ടുകൾ വ്യത്യസ്തം. പാലക്കാട്, ചിറ്റൂർ, ആലത്തൂർ, കോയമ്പത്തൂർ, പൊള്ളാച്ചി, ഈ റോഡ് മേഖലകളിലാണ് റാവുത്തർ ബിരിയാണിയുടെ ആധിപത്യം. കീരനൂർ ബിരിയാണി, ആമ്പൂർ ബിരിയാണി, ചെന്നൈ ബിരിയാണി, തലപ്പാക്കട്ടി ബിരിയാണി, ചെട്ടിനാട് ബിരിയാണി എന്നിങ്ങനെ നിര നീളുന്നു. ബിരിയാണി കുടുംബത്തിന് അതിരുകളില്ല. ഹൈദരാബാദ്, കാശ്മീർ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഗൾഫ്- പേർഷ്യൻ മേഖലകൾ എന്നിവിടങ്ങളിലെല്ലാം ബിരിയാണികളുണ്ട്. രുചിയും നിറവും മണവുമെല്ലാം ഒന്നിനൊന്നു വ്യത്യസ്തം.
ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കുന്ന മലയാളികൾക്ക് രുചിക്കൂട്ടുകളെക്കുറിച്ച് നല്ല ധാരണയുണ്ട്. എന്തെങ്കിലും ഉണ്ടാക്കിക്കൊടുത്താൽ കഴിച്ചിട്ട് വെറുതേ എഴുന്നേറ്റു പോകില്ല. അതുകൊണ്ടുതന്നെ കേരളം യഥാർത്ഥ രുചിക്കൂട്ടുകളുടെ രാജ്യാന്തര തലസ്ഥാനമായി മാറി. മലയാളികൾ പൊതുവേ മസാല കൂടുതൽ ഇഷ്ടപ്പെടുന്നതിനാൽ നേരിയ ചില മാറ്റങ്ങൾ വരുത്തും. മന്തി, മജ്ബൂസ് റസ്റ്റോറന്റുകൾ കൂടി വരുന്ന കേരളത്തിൽ വേറിട്ടു നിൽക്കുന്നതാണ് എൻ.എം.ആറിന്റെ പ്രത്യേകത. ഒന്നിൽ മാത്രം ഒതുങ്ങാതെ എല്ലാറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുഗൾ രുചിക്കൂട്ടുകളടക്കം മലയാളികൾക്കു പ്രിയപ്പെട്ടതാണ്. കബാബ് ഇഷ്ടപ്പെടാത്തവരില്ല.
'കനൽ"വഴികൾ കടന്നു കമ്പിയിൽ നിന്ന് ഊർന്നിറങ്ങുന്ന കബാബിന് പഴമയുടെ കൊതിപ്പിക്കുന്ന ഗന്ധമുണ്ട്. അരച്ചെടുത്ത ഇറച്ചിയിലെ ഇന്ത്യൻ, പഠാൻ, പാക്കിസ്ഥാൻ, തുർക്കി രുചിക്കൂട്ടുകളുടെ 'രസതന്ത്രം" ആസ്വദിക്കുന്നവരിൽ മുൻനിരയിലാണ് മലയാളികൾ.
പ്ലേറ്റിലെ 'ടച്ചിങ്സ്" എന്ന ഇത്തിരിവട്ടത്തിൽ നിന്ന് 'ബഡാ ഖാന" എന്ന വമ്പൻതാരമായി കബാബ് വളർന്നു കഴിഞ്ഞു. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. ചുട്ടെടുക്കുന്നതിനാൽ ആരോഗ്യകരവുമാണ്.
പച്ചക്കറിപ്രിയരുെട നിരാശ മാറ്റാൻ 'ബന്ധുബല"മുള്ള വെജ് കബാബുമുണ്ട്. മൊരിഞ്ഞൊരുങ്ങി സാലഡിന്റെ അകമ്പടിയോടെ എത്തുന്നവ കഴിച്ചുതുടങ്ങിയാൽ നിറുത്താൻ തോന്നില്ല. ബാർബിക്യു, ടർക്കിഷ് ചിക്കൻ കബാബ്, മട്ടൻ ഷാമി കബാബ്, അറബിക് മട്ടൻ കൊഫ്ത്ത കബാബ്, ചിക്കൻ ഹരിയാലി കബാബ് തുടങ്ങിയവ മലയാളിയുടെ തീൻമേശകളിൽ ഇടംപിടിച്ചിട്ട് നാളുകളായി. ഇതൊക്കെയാണെങ്കിലും തനിനാടൻ വിഭവങ്ങൾക്കും ആരാധകർ കുറവല്ല.
ആത്മവിശ്വാസം നൽകിയ
ആദ്യപ്രതികരണം
ഹോട്ടൽ തുടങ്ങിയകാലം. ചെറിയൊരു കടയായിരുന്നു. ബിരിയാണിയടക്കമുള്ള കുറച്ചു വിഭവങ്ങൾ മാത്രം. തുടങ്ങിയതിന്റെ മൂന്നാം ദിവസം കടയോട് ചേർന്നു നിന്ന് ഒരാൾ ഫോൺ ചെയ്യുന്നു- 'ഞാൻ നമ്മുടെ എൻ.എം.ആറിന്റെ അടുത്തുണ്ട്. പുതിയ ബിരിയാണിക്കടയില്ലേ അവിടെ". ഒരു പരിചയവുമില്ലാത്ത ആ മനുഷ്യൻ പറഞ്ഞതു കേട്ടപ്പോൾ അഭിമാനം തോന്നി. സ്ഥാപനം തുടങ്ങിയപ്പോൾ തന്നെ ആ പേര് ആളുകളുടെ മനസിൽ പതിഞ്ഞു എന്നു മനസിലായി. അതു നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. പ്രസ്ഥാനം വിജയിക്കുമെന്നു മനസ് പറഞ്ഞു.
ആ 'ഗ്ലാസിൽ" വലിയ പാഠം
ഒരിക്കൽ ഹോട്ടലിലെത്തിയ സാധാരണക്കാരായ യുവദമ്പതികൾ വലിയൊരു പാഠം നൽകിയാണ് മടങ്ങിയത്. കടപ്പാടോടെയാണ് അവരെ ഓർക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ആ പെൺകുട്ടി റസാക്കിനെ വിളിച്ചു. 'ഇക്കാ, നിങ്ങളുടെ ഹോട്ടലല്ലേ ഇത്. ഒരു കാര്യം പറയാനുണ്ട്. വെയിറ്റർ വെള്ളം കൊണ്ടുവച്ചപ്പോൾ, മേശയിൽ ശബ്ദമുണ്ടാക്കിയാണ് ഗ്ലാസ് വച്ചത്. അതൊന്നു ശ്രദ്ധിക്കണേ" എന്ന് ആ കുട്ടി പറഞ്ഞപ്പോൾ ബഹുമാനമാണ് തോന്നിയത്. ദേഷ്യപ്പെട്ടോ പരാതിയായിട്ടോ അല്ല പറഞ്ഞത്. മറ്റാരും കേൾക്കാതെ പതിഞ്ഞശബ്ദത്തിലാണ് ശ്രദ്ധയിൽ പെടുത്തിയത്. സന്ദർശകർ നമ്മിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നു എന്നു ബോദ്ധ്യമായി. അതുകൊണ്ടുതന്നെ ഓരോ ചെറിയ കാര്യവും ശ്രദ്ധിക്കുന്നു.
മാറുന്ന ട്രെൻഡുകൾ
ഒരോരുത്തരുടെയും അഭിരുചി വ്യത്യസ്തമാണ്. ഫ്യൂഷൻ ഫുഡ് എന്നത് ട്രെൻഡാണ്. എല്ലാ കറികളും ഉൾപ്പെടുന്ന ചട്ടിച്ചോറ് ഉൾപ്പെടെ ഈ വിഭാഗത്തിൽപ്പെടുന്നു. അനുദിനം ട്രെൻഡുകൾ മാറുകയാണെന്നു റീൽസ് കണ്ടാൽ മനസിലാകും. മാറ്റങ്ങളോട് മുഖം തിരിക്കരുത്. അതു ഉൾക്കൊള്ളുകയും തനിമകൾ നിലനിറുത്തുകയും വേണം. ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയുമരുത്. അതുകൊണ്ടുതന്നെ എല്ലാ നാടൻ ഭക്ഷണവും തയ്യാറാക്കാൻ ശ്രദ്ധിക്കുന്നു.
വാഷ്റൂം മുതൽ അടുക്കള വരെ പ്രൊഫഷണലിസം
ഹോട്ടലിൽ കയറുമ്പോൾ ആളുകൾ ആദ്യം പോകുന്നത് വാഷ്റൂമിലേക്കാണ്. കൈകഴുകുന്ന ഭാഗത്ത് എത്തുമ്പോൾ അറിയാം ഹോട്ടലിന്റെ നിലവാരം. ടോയ്ലറ്റും പരിസരവും വൃത്തഹീനമാണെങ്കിൽ സന്ദർശകരുടെ മനസ് മടുക്കും. എത്ര രുചികരമായ ഭക്ഷണം നൽകിയാലും ചെറിയൊരു അറപ്പുണ്ടാകും. ആസ്വദിച്ചു കഴിക്കാനാവില്ല. അതുകൊണ്ട് ടോയ്ലറ്റ് മുതൽ അടുക്കളവരെ വൃത്തിയായിരിക്കണം. പരിസരങ്ങളിൽ നേരിയ ദുർഗന്ധം പോലും ഉണ്ടാകരുത്. ടോയ്ലറ്റ് ഇടയ്ക്കിടെ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തീൻമേശയിൽ ഈച്ചയോ മറ്റു കീടങ്ങളോ ഉണ്ടാകരുത്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ റസാക്ക് മുഴുവൻ സമയവും ഹോട്ടലിൽ ഉണ്ടാകും. ജോലിയെല്ലാം തീർത്ത് വെളുപ്പിനാണ് ദിവസവും വീട്ടിലെത്തുന്നത്.
വരുന്നവരെ അതിഥികളായി കണ്ട് മനസറിഞ്ഞ് പുഞ്ചിരിയോടെ സ്വീകരിക്കണം. അവരുടെ സന്തോഷവും സംതൃപ്തിയുമാണ് സ്ഥാപനത്തിന്റെ നിറവ്. സന്ദർശകരോട് ജീവനക്കാർ ഊഷ്മളമായാണ് പെരുമാറുന്നതെന്ന് ഉറപ്പുവരുത്തണം. ഭക്ഷണം കഴിക്കുന്നവരുടെ അടുത്തെത്തി അഭിപ്രായം ചോദിക്കാനും ഉടമ ശ്രദ്ധിക്കുമ്പോഴാണ് അവരുമായി ആത്മബന്ധം ഉണ്ടാകുക.സർക്കാർ അംഗീകൃത നിറങ്ങളേ ഭക്ഷണത്തിൽ ചേർക്കൂ. ആരോഗ്യത്തിനു ഹാനികരമായ ഒരു ചേരുവയും ഉണ്ടാകില്ലെന്നതാണ് എൻ.എം.ആറിന്റെ മറ്റൊരു പ്രത്യേകത. മത്സ്യവും മാംസവും ഉൾപ്പെടെ വാങ്ങുമ്പോൾ നിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഇതു പരിശോധിക്കാൻ ക്വാളിറ്റി കൺട്രോൾ വിഭാഗമുണ്ട്.രുചി, വൃത്തി, പെരുമാറ്റം, നിലവാരം തുടങ്ങിയ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഏതെങ്കിലും കാര്യത്തിൽ ശ്രദ്ധ കുറഞ്ഞാൽ കച്ചവടത്തിൽ പ്രതിഫലിക്കും. അതിഥിയെ ഉടമയെ പോലെ കാണണം.
നല്ലതു നൽകിയാൽ നേട്ടങ്ങൾ മാത്രം
മനസറിഞ്ഞ് നല്ല ഭക്ഷണം കൊടുത്താൽ ആളുകൾ തേടിവരുമെന്നാണ് ആദ്യം മുതലുള്ള അനുഭവം. സ്ഥാപനങ്ങളിലെ തിരക്കിൽനിന്നു തന്നെ ഇതു വ്യക്തം. നിരാശരായി ആർക്കും മടങ്ങേണ്ടിവന്നിട്ടില്ല. വൃത്തിയുള്ള അന്തരീക്ഷത്തിൽ നല്ല ഭക്ഷണം കൊടുക്കണമെന്ന് റസാക്കിന് നിർബന്ധമുണ്ട്.
സമർപ്പിതമായ കഠിനാദ്ധ്വാനം ഉണ്ടായാലേ ഹോട്ടൽരംഗത്തു വിജയിക്കൂ. 24 മണിക്കൂറും സ്ഥാപനത്തെക്കുറിച്ച് ചിന്തയുണ്ടാകണം. പുതിയ കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുകയും വേണം. ഇതിനായി റസാക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങൾ അടക്കമുള്ള വൻ നഗരങ്ങളിലും യാത്ര ചെയ്യാറുണ്ട്. അവതരിപ്പിച്ച ഓരോ വിഭവവും മനസുനിറഞ്ഞാണ് മലയാളികൾ സ്വീകരിച്ചത്. ഈ തിരക്കിനിടയിൽ സ്വകാര്യ കാര്യങ്ങൾ പലപ്പോഴും മാറ്റിവയ്ക്കേണ്ടിവരുന്നു. ഇതെല്ലാം മനസിലാക്കുന്ന ഭാര്യയും മക്കളുമാണുള്ളത്. സിജയാണ് ഭാര്യ. മക്കൾ: ഫസ്റിൻ, ഫർഹാൻ അബ്ബാസ്, റിയ ഫാത്തിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |