
പതിനായിരക്കണക്കിന് ഹൃദയങ്ങളിൽ വിശ്വാസത്തിന്റെയും നന്മയുടെയും ബ്രാൻഡ് നെയിമാണ് ഡി. മുരളീധരൻ. പല ഭാവങ്ങളിലാണ് അദ്ദേഹം ജനമനസുകളിൽ അടയാളപ്പെട്ടിരിക്കുന്നത്. സത്യസന്ധത മുറുകെപ്പിടിച്ച് ഉയരങ്ങളിലേക്ക് സഞ്ചരിച്ച കേരളത്തിലെ പ്രമുഖനായ സൈക്കിൾ വ്യാപാരി. വായനക്കാരുടെ ഹൃദയങ്ങളിൽ ചിന്തയുടെ മിന്നൽപ്പിണറുകൾ സൃഷ്ടിക്കുന്ന എഴുത്തുകാരൻ.
ജനപക്ഷ നിലപാടുകളിൽ വെള്ളം കലർത്താത്ത ഉശിരനായ പൊതുപ്രവർത്തകൻ. നാടിന്റെ സ്പന്ദനമായി മാറിയ ജനപ്രതിനിധി. നാടിനെ നന്മയിലേക്ക് നയിക്കുന്ന സാംസ്കാരിക പ്രവർത്തകൻ, ഇങ്ങനെ വാക്കുകൾ കൊണ്ട് പറഞ്ഞുതീർക്കാനാകാത്ത വിധം ദീപ്തമാണ് ഡി. മുരളീധരന്റെ ജീവിത വഴികൾ.
നാടിന് ഡി. മുരളീധരൻ നായകനായ പല കഥകൾ പറയാനുണ്ട്. പണ്ട് ബ്രാഹ്മണരുടെ കൈപ്പിടിയിലായിരുന്നു കരുനാഗപ്പള്ളി ജംഗ്ഷൻ. മറ്റ് ജാതിക്കാരെ ഇവിടെ കച്ചവടത്തിനോ താമസത്തിനോ പോയിട്ട് പ്രവേശിക്കാൻ പോലും അവർ അനുവദിച്ചിരുന്നില്ല. ക്ഷേത്ര പ്രവേശന വിളംബരത്തോടെയാണ് കരുനാഗപ്പള്ളി ടൗണിലെ ആ ദുരവസ്ഥ മാറിയത്.
അവരിൽ തികച്ചും വ്യത്യസ്തനായിരുന്നു സാമൂഹ്യ പരിഷ്കർത്താവും കവിയും സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റി. അതുകൊണ്ട് തന്നെ സമുദായത്തിലെ മറ്റുള്ളവർ അദ്ദേഹത്തോട് ശത്രുതയോടെ പെരുമാറാൻ തുടങ്ങി. അങ്ങനെ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സംരക്ഷണത്തിനായി പതിറ്റാണ്ടുകൾ മുമ്പ് പതാരത്ത് നിന്ന് കരുനാഗപ്പള്ളിയിൽ എത്തിയതാണ് ഡി. മുരളീധരന്റെ മുത്തച്ഛനായ പനവിളയിൽ നാരായണനും കുടുംബവും.
നാരായണനൊപ്പം സഹോദരനായ ശേഖരനും കരുനാഗപ്പള്ളി ടൗണിലേക്ക് എത്തിയിരുന്നു. കരുനാഗപ്പള്ളി മാർക്കറ്റിലെ ടെക്സ്റ്റൈൽ വ്യാപാരിയായിരുന്ന അദ്ദേഹം താമസിച്ചിരുന്നത് ഇപ്പോൾ എച്ച് ആൻഡ് ജെ മാൾ പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു.
സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ പിന്തുണയോടെ പനവിളയിൽ നാരായണന്റെ സഹോദരൻ വേലായുധൻ കരുനാഗപ്പള്ളി നഗരത്തിൽ ഉപജീവനത്തിനായി ഹോട്ടൽ തുടങ്ങി. കരുനാഗപ്പള്ളി നഗരത്തിലേ ആദ്യത്തെ ഹോട്ടലായിരുന്നു അത്. അന്ന് ഹോട്ടലിന് ക്ലബ്ബ് എന്നായിരുന്നു പേര്. അങ്ങനെ പനവിളയിൽ കുടുംബാംഗങ്ങൾക്ക് 'ക്ലബ്ബി' എന്ന് വിളിപ്പര് ലഭിച്ചു.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് എതിർവശത്തായിരുന്നു ഹോട്ടൽ. ഭക്ഷണം പരമാവധി രുചിയോടെ നൽകുന്നതിൽ കർക്കശ്ശക്കാരനായിരുന്നു വേലായുധൻ. മുത്തച്ഛനായ വേലായുധന്റെ സംശുദ്ധത ഡി. മുരളീധൻ ബിസിനസിലും പൊതുരംഗത്തും ഹൃദയമന്ത്രമായി പിന്തുടരുന്നു.
പട.തെക്ക് മനയ്ക്കൽ വീട്ടിൽ പരേതരായ എൻ.ദാമോദരന്റെയും കെ.മാലതിയുടെയും ആറ് മക്കളിൽ മൂത്തതായാണ് മുരളീധരന്റെ ജനനം. ആദ്യം ബീഡി തെറുപ്പിൽ ഏർപ്പെട്ടിരുന്ന എൻ. ദാമോദരൻ പിന്നീട് കരുനാഗപ്പള്ളി മാർക്കറ്റിൽ ചെറിയൊരു കട തുടങ്ങി. അത് പിന്നീട് വലിയ വ്യാപാര സ്ഥാപനമായി മാറുകയായിരുന്നു.
സ്വന്തം സ്ഥാപനത്തിന്റെ പിറവി
1982 ലാണ് ഡി. മുരളീധരൻ സ്വന്തമായി സൈക്കിൾ ബിസിനസ് ആരംഭിച്ചത്. അന്ന് കരുനാഗപ്പള്ളി ജംഗ്ഷനിലെ ചെറിയ കടയിൽ തുച്ഛമായ മുതൽ മുടക്കിലായിരുന്നു തുടക്കം. അർപ്പണമനസും ബിസിനസിലെ വിശുദ്ധിയും കഠിനാദ്ധ്വാനവും ഡി. മുരളീധരനെ അതിവേഗം കേരളത്തിലെ ഏറ്റവും പ്രമുഖ സൈക്കിൾ ഡീലറാക്കി.
രാജ്യത്തെ 40 ഓളം പ്രമുഖ കമ്പനികളുടെ മാത്രമല്ല വിദേശ കമ്പനികളുടെയും സൈക്കിളുകൾ ഏറ്റവുമധികം വിറ്റഴിക്കുന്ന ഡീലറായി അദ്ദേഹം മാറി. അന്ന് തുടങ്ങിയ മുരളി സൈക്കിൾ മാർട്ടും പിന്നീട് ആരംഭിച്ച രാജ് സൈക്കിൾ മാർട്ടും കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ സൈക്കിൾ വ്യാപാര സ്ഥാപനങ്ങളാണ്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങൾക്ക് പുറമേ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും നേരത്തെ സൈക്കിൾ വിതരണം ചെയ്യുമായിരുന്നു.
കവിഹൃദയം
കുട്ടിക്കാലത്ത് അച്ഛൻ ചൊല്ലിപ്പഠിപ്പിച്ച കവിതകളാണ് ഡി. മുരളീധരനിൽ കാവ്യഹൃദയം സൃഷ്ടിച്ചത്. സ്കൂൾ പഠനകാലത്ത് വാരികകളിലെ ബാലപംക്തികളും ആനുകാലികങ്ങളും സ്ഥിരമായി വായിക്കുമായിരുന്നു. കുഞ്ഞു മുരളീധരൻ എഴുതിയ കവിതകളും കഥകളും വിവിധ ആനുകാലികങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ ഡി. മുരളീധരന്റെ എഴുത്തിന് വിത്തും വളവുമായി. ഇതിനോടകം നാനൂറിലധികം കവിതകൾ എഴുതിയിട്ടുണ്ട്. സാമൂഹ്യപ്രശ്നങ്ങൾ ആസ്പദമാക്കിയുള്ള ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 75 കവിതകൾ ഉൾപ്പെടുത്തി ഡി. മുരളിയുടെ കവിതകൾ എന്ന പേരിൽ പുസ്തകവും 2023ൽ പുറത്തിറക്കി.
കലാശില്പി മാസികയിൽ സ്ഥിരമായി ലേഖനം എഴുതുമായിരുന്നു. പുതിയ കവിതാസമാഹാരങ്ങൾ പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ. കരുനാഗപ്പള്ളി അശ്വതി ഭാവനയുടെ നാടകങ്ങൾക്ക് ഗാനങ്ങളും എഴുതിയിട്ടുണ്ട്.
കേരളകൗമുദി റീഡേഴ്സ് ക്ലബിന്റെ കരുനാഗപ്പള്ളിയിലെ അമരക്കാരനായിരുന്നു. കരുനാഗപ്പള്ളിയിലെ പ്രമുഖ സാംസ്കാരിക പ്രസ്ഥാനമായ സർഗചേതനയുടെ ജോയിന്റ് സെക്രട്ടറിയാണ്. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയുടെ പേരിലുള്ള നാടകശാലയുടെ സജീവ പ്രവർത്തകനാണ്. അവിടെ സ്ഥിരമായി നടക്കുന്ന സാംസ്കാരിക പരിപാടികളിൽ കവിയരങ്ങിന്റെ സ്ഥിരം സംഘാടകൻ ഡി. മുരളീധരനാണ്.
കരുനാഗപ്പള്ളി ഗ്രാംഷി പഠനകേന്ദ്രത്തിന്റെ പ്രധാന പ്രവർത്തകനായിരുന്നു. നിലവിൽ 'കഖഗ ദേശിംഗനാട് ഓണാട്ടുകര സാഹിത്യവേദി' യിലും പ്രവർത്തിക്കുന്നു. കൊല്ലം ജില്ലയിലെ കവിയരങ്ങുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. കരുനാഗപ്പള്ളി സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റുമാണ്.
ഇടത് സഹയാത്രികൻ
ഇടത് സഹയാത്രികനായ ഡി.മുരളീധരൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ എസ്.എഫിന്റെ തീപ്പൊരി നേതാവായിരുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പലതവണ മത്സരിച്ചു.
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ സി.പി.എമ്മിന്റെയും കെ.എസ്.വൈ.എഫിന്റെയും സജീവ പ്രവർത്തകനായി. പിന്നീട് രൂപീകരിച്ച ഡി.വൈ.എഫ്.ഐയിലും പ്രവർത്തിച്ചു. സി.പി.എം കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം, പി. ഉണ്ണിക്കൃഷ്ണപിള്ള എക്സ് എം.എൽ.എ ഏരിയാ പ്രസിഡന്റായിരിക്കെ കർഷക സംഘത്തിന്റെ ഏരിയ വൈസ് പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ്, സെക്രട്ടറി, കരുനാഗപ്പള്ളി താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ സ്ഥാപകൻ, തുടർന്ന് പ്രസിഡന്റ്, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം, കൊല്ലം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1988ൽ കരുനാഗപ്പള്ളി പഞ്ചായത്ത് അംഗമായി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അക്കാലത്ത് ഡി. മുരളീധരൻ വാർഡിൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഇന്നും ജനങ്ങളുടെ ഓർമ്മയിലുണ്ട്.
പാർട്ടിക്കുള്ളിലുണ്ടായ ആശയഭിന്നതകളെ തുടർന്ന് മുരളീധരൻ 2002 ൽ സി.പി.എം വിട്ടു. തുടർന്ന് ഇ.എം.എസ്- എ.കെ.ജി ജനകീയ വേദിയിലൂടെ എം.സി.പി.ഐ (യു)വിൽ അംഗമായി. തുടർന്ന് എം.സി.പി.ഐ (യു)വിന്റെ സംസ്ഥാന കമ്മിറ്റിയിലും എത്തി. എ.ഐ.കെ.എഫിന്റെ ദേശീയ കൗൺസിൽ അംഗമായും പ്രവർത്തിച്ചു. എം.സി.പി.ഐ (യു) വിൽ ഭിന്നത ഉണ്ടായതോടെ സി.പി.എമ്മിൽ മടങ്ങിയെത്തി.
വ്യാപാരികളുടെ
ഉശിരൻ നേതാവ്
കരുനാഗപ്പള്ളിയിലെ വ്യാപാരികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന ഉശിരനായ വ്യാപാരി നേതാവ് കൂടിയാണ് ഡി. മുരളീധരൻ. അത് കരുനാഗപ്പള്ളി താലൂക്ക് മാർച്ചന്റ്സ് അസോസിയേഷന്റെ പിറവിയുടെ കഥ കൂടിയാണ്. കരുനാഗപ്പള്ളി മാർക്കറ്റിന്റെ നടത്തിപ്പ് പണ്ട് പഞ്ചായത്ത് ലേലം ചെയ്തു നൽകുമായിരുന്നു. ലേലം പിടിക്കുന്നയാൾ കാർഷിക ഉല്പന്നങ്ങൾ മാർക്കറ്റിൽ കൊണ്ടുവരുന്നവരിൽ നിന്ന് നിശ്ചിത ഫീസ് വാങ്ങും.
പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ഫീസ് ചന്തയുടെ പ്രവേശന കവാടത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതിനേക്കാൾ കൂടുതൽ ഫീസ്, നടത്തിപ്പുകാരൻ വാങ്ങാൻ തുടങ്ങി.
അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അനാവശ്യ പണപ്പിരിവും തുടങ്ങി. അതിനെതിരെ മാർക്കറ്റിലെ പ്രമുഖ ഹോൾസെയിൽ വ്യാപാരിയായിരുന്ന കോയിപ്പുറത്ത് രാഘവൻ മുതലാളി രംഗത്തെത്തി. അതിന് പിന്തുണയുമായി ഡി. മുരളീധരൻ അടക്കമുള്ള പല വ്യാപാരികളും അണിനിരന്നു. അങ്ങനെ 1972ൽ ചന്ത നടത്തിപ്പുകാരന്റെ കൊള്ളയെ പ്രതിരോധിക്കാൻ രൂപീകരിച്ചതാണ് താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ.
പരപ്പാടി സുകുമാരനായിരുന്നു ആദ്യ പ്രസിഡന്റ്. ആദ്യത്തെ ആറംഗ എക്സിക്യുട്ടീവ് കമ്മിറ്റിയിൽ അംഗമായിരുന്നു ഡി. മുരളീധരൻ തുടർന്ന് ഏഴ് വർഷത്തോളം സെക്രട്ടറിയായി പ്രവർത്തിച്ചു. അക്കാലത്ത് ഇന്നത്തെപ്പോലെ കേരളമാകെ വേരുകളുള്ള വ്യാപാര സംഘടനകളില്ലായിരുന്നു. പ്രാദേശിക സംഘടനകൾ മാത്രമാണ് ഉണ്ടായിരുന്നത്. കരുനാഗപ്പള്ളിയിലെ വ്യാപാരികളുടെ പ്രശ്നങ്ങളിലെല്ലാം മാർച്ചന്റ്സ് അസോസിയേഷൻ ശക്തമായി ഇടപെട്ടു. ഇപ്പോഴും താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തിക്കുന്നുണ്ട്. സി.പി.എമ്മിന്റെ വ്യാപാരി സംഘടനയായ, വ്യാപാരി വ്യവസായി സമിതി രൂപീകരിച്ചതോടെ ഡി. മുരളീധരൻ അതിന്റെ പ്രവർത്തകനായി. ഇപ്പോൾ വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗമാണ്.
കേരളത്തിലെ 15 പ്രമുഖ സൈക്കിൾ വ്യാപാരികളെ ഉൾപ്പെടുത്തി ഒരു വ്യാപാര ശൃംഖല കെട്ടിപ്പടുക്കാനായി കാൽ നൂറ്റാണ്ട് മുമ്പ് എറണാകുളം കേന്ദ്രമാക്കി പവർഫുൾ ട്രേഡ് ലിംഗ്സ് പ്രൈവറ്റ് ലമിറ്റഡ് എന്ന വ്യാപാര സ്ഥാപനത്തിന് രൂപം നൽകി. അതിന്റെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു. അക്കാലത്ത് രാജ്യത്തെ മിക്ക സൈക്കിൾ നിർമ്മാണ ഫാക്ടറികളും സന്ദർശിക്കാനുള്ള സൗഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു.
പവർഫുൾ ട്രേഡ് ലിംഗ്സിലെ അംഗങ്ങളിൽ ഭൂരിഭാഗവും കേരളത്തിലെ പ്രമുഖ സൈക്കിൾ വ്യാപാരികളായി മാറി. സൈക്കിൾ വിപണന രംഗത്തെ മിവുകൾക്കുള്ള അംഗീകാരമായി യൂറോപ്യൻ രാജ്യങ്ങൾ, തായ് ലൻഡ്, പട്ടായ, സിംഗപ്പൂർ, ശ്രീലങ്ക, ഇന്ത്യോനേഷ്യ, നേപ്പാൾ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചു.
50 വർഷക്കാലം ഓൾ കേരള സൈക്കിൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി പദവികളിൽ പ്രവർത്തിച്ചു. 2024ൽ സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് വിരമിച്ചു.
ഇപ്പോഴും സഞ്ചാരം
സൈക്കിളിൽ
വീട്ടിൽ വിലപിടിപ്പുള്ള വാഹനങ്ങളുണ്ടെങ്കിലും ഡി. മുരളീധരന്റെ സഞ്ചാരം സൈക്കിളിലാണ്. രാവിലെ കടയിലേക്ക് വരുന്നതും മടങ്ങുന്നതും പൊതുപ്രവർത്തനത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കും പോകുന്നതും സൈക്കിളിലാണ്. ഇത് മാതൃകയാക്കിയ ഒട്ടേറെപ്പേരും കരുനാഗപ്പള്ളിയിലുണ്ട്.
കുടുംബം
കരുനാഗപ്പള്ളിയിലെ പ്രമുഖ ഈഴവ കുടുംബമായ വിരുതറ കുടുംബത്തിലെ പി.ശോഭനയാണ് ഭാര്യ. രാജേഷ്, രാകേഷ് എന്നിവർ മക്കൾ. കൃഷ്ണവേണി മരുമകൾ. കാർത്തിക്, ഋത്വിക്, ഋഷിരാജ് എന്നിവർ ചെറുമക്കൾ. ബിസിനസിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹം സാംസ്കാരിക പ്രവർത്തനങ്ങൾക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായും നീക്കിവയ്ക്കുന്നു.
കുട്ടയിൽ കൊണ്ടുവന്ന ജീവിതവഴി
ഒരു ദിവസം എൻ.ദാമോദരന്റെ കടയിൽ പ്രായം ചേർന്ന സ്ത്രീ ഒരു കുട്ടയിൽ സൈക്കിളിന്റെ ചില ഭാഗങ്ങൾ വിൽക്കാനായി കൊണ്ടുവന്നു. അരി വാങ്ങാൻ നിവൃത്തിയില്ലെന്നും കുട്ടയിലുള്ളത് എടുത്തിട്ട് എന്തെങ്കിലും നൽകണമെന്നും പറഞ്ഞു. അവരുടെ വിഷമം മനസിലാക്കിയ എൻ. ദാമോദരൻ സാധനം പൂർണമായും പരിശോധിക്കാതെ പണം നൽകി. പിന്നീട് കുട്ടയിൽ ഉണ്ടായിരുന്നവ വിൽക്കാൻ ശ്രമിച്ചെങ്കിലും അനുബന്ധ സാധനങ്ങൾ ഇല്ലാഞ്ഞതിനാൽ ആരും വാങ്ങിയില്ല. അങ്ങനെ കായംകുളത്ത് നിന്ന് സൈക്കിൾ പാർട്സ് വാങ്ങി കരുനാഗപ്പള്ളി മാർക്കറ്റ് കേന്ദ്രീകരിച്ച് വിപണനം തുടങ്ങി. ഇതിനിടയിൽ ഡി. മുരളീധരൻ അടക്കമുള്ള മക്കളും വ്യാപാര രംഗത്ത് സജീവമായി. അങ്ങനെ ദാമോദരൻ ആൻഡ് കമ്പനി ഉടലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |