
തിരുവനന്തപുരം: ക്രിസ്‌മസ് തലേന്ന് വീടുപൂട്ടി നാട്ടിലേയ്ക്ക് പോയ ഡോക്‌ടറുടെ വീട്ടിൽ നിന്ന് പത്തുലക്ഷം രൂപയുടെ ആഭരണങ്ങൾ മോഷണം പോയി. ഐരാണിമുട്ടം സർക്കാർ ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. ക്രിസ്‌മസ് ദിനത്തിലായിരിക്കാം മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.
ക്രിസ്‌മസ് അവധിയായതിനാൽ ഡോക്‌ടറും കുടുംബവും എറണാകുളത്തെ സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. വൈകുന്നേരം വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ട അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. മറ്റ് മുറികളിലെ അലമാരകളും കബോർഡുകളും ഉൾപ്പെടെ കുത്തിത്തുറന്ന നിലയിലാണ്.
ഡോക്‌ടറുടെ വീടിന് സമീപത്തെ വീടിന്റെ മുൻവാതിലും കുത്തിത്തുറന്ന നിലയിലാണ്. ഈ വീട്ടിലെ ഉടമസ്ഥർ ചെന്നൈയിലാണ്. ഫോർട്ട് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഫിംഗർ പ്രിന്റ്, ഡോഗ് സ്‌ക്വാഡ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |